കലാഭവന്‍ ബിന്ദുവിന്‍റെ അനുഭവം
പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ആണ് ‘പാടാം നേടാം പണംനേടാം’. പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗാനമേള പ്രേമികളുടെ പ്രിയ ഗായികയായ കലാഭവന്‍ ബിന്ദുവും എത്തിയിരുന്നു. അനായാസമായി തമിഴ്, മലയാളം ഗാനങ്ങള്‍ പാടാന്‍ കഴിവുള്ള ബിന്ദു, 16ഓളം വിദേശ രാജ്യങ്ങളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.അമൃത ടി വി ഗാനമേള ട്രൂപ്പുകള്‍ക്കായി നടത്തിയ മലയാളത്തിലെ ആദ്യ റിലായിറ്റി ഷോ ‘സൂപ്പര്‍ ട്രൂപ്പി’ലെ വിജയികൂടിയാണ് ബിന്ദു.
സിനിമയില്‍ പാടാന്‍ വിളിച്ചിട്ട് പിന്നീട് മാറ്റിനിര്‍ത്തിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന അവതാരകന്‍കൂടിയായ പ്രശസ്ത പിന്നണി ഗായകന്‍ എം ജി ശ്രീകുമാറിന്‍റെ ചോദ്യത്തിന് മറുപടിയായാണ് ബിന്ദു തന്‍റെ അനുഭവം പങ്കുവച്ചത്. പാടാനുള്ള കഴിവുമാത്രമല്ല, കാണാന്‍ കുറച്ചു ഭംഗികൂടിവേണം എന്ന ചിന്തയുള്ള ചില ആളുകളുമുണ്ടെന്ന് ബിന്ദു. കാണാന്‍ ഭംഗിയില്ലെന്ന് ആരും തന്നോട് നേരിട്ട് പറഞ്ഞിട്ടില്ല. പക്ഷേ, അവരുടെ സമീപനത്തില്‍നിന്ന് തനിക്കത് മനസ്സിലായതാണെന്നും അവര്‍ പറഞ്ഞു. താന്‍ നന്നായി പാടും എന്ന് എല്ലാവരും പറഞ്ഞാലും സ്റ്റേജില്‍ നില്‍ക്കാന്‍ കുറച്ചു ഭംഗിയുംകൂടിയുള്ള ആളാണെങ്കില്‍ അവരെയാകും തിരഞ്ഞെടുക്കുക.
ഒരു റിയാലിറ്റി ഷോയുടെ ഓഡിഷന് പോയപ്പോള്‍ തനിക്ക് അത്തരത്തിലൊരു അനുഭവമുണ്ടായെന്നും, പെര്‍ഫോമെന്‍സിന് പ്രാമുഖ്യമുള്ള പരിപാടി അല്ലാതിരുന്നിട്ടുകൂടി, നന്നായി പാടിയെങ്കിലും പെര്‍ഫോമെന്‍സ് പോരെന്ന പേരിലായിരുന്നു തനിക്ക് അവസരം നിഷേധിച്ചതെന്നും കലാഭവന്‍ ബിന്ദു പറയുന്നു. താന്‍ കയറിചെന്നപ്പോള്‍ ജഡ്ജസ് പരസ്പരംനോക്കി ചിരിച്ചുവെന്നും തന്നെ കളിയാക്കി ചിരിക്കുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സൌന്ദര്യമെന്നത് ഒരു ഗായികയ്ക്ക് അവശ്യം വേണ്ടുന്ന ഒരു ഗുണമാണെന്ന് പറയാനാകില്ലെന്നായിരുന്നു എം ജി ശ്രീകുമാറിന്‍റെ വാക്കുകള്‍. ഒരു നടിയാണെങ്കില്‍ അതു പറയാം. എന്നാല്‍, ഗായികയുടെ പാടാനുള്ള കഴിവാണ് പ്രധാനം, അദ്ദേഹം പറഞ്ഞു.