top of page

‘ഞങ്ങള്‍ മുറിയിലേക്ക് ചെല്ലുമ്പോള്‍ പിള്ളേര് കരയുന്നപോലിരുന്നു കരയുകയാണ് മണിച്ചേട്ടന്‍!’

കലാഭവന്‍ മണിയുമായുള്ള അനുഭവം പങ്കുവച്ച് കലാഭവന്‍ ഷാജോണ്‍ജനങ്ങള്‍ക്കറിയാവുന്ന ഒരു കലാഭവന്‍ മണിയല്ലാതെ മറ്റൊരു മണി അദ്ദേഹത്തിന്‍റെയുള്ളിലുണ്ടായിരുന്നെന്ന് കലാഭവന്‍ ഷാജോണ്‍. പഴയകാല ഗാനമേള വേദികളെ ത്രസിപ്പിച്ച സൂപ്പര്‍ ഗായകരെ ഒരിക്കല്‍ക്കൂടി മലയാളിപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന അമൃത ടി വിയുടെ ‘പാടാം നേടാം പണം നേടാം’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹം അകാലത്തില്‍ നമ്മേവിട്ടുപോയ അതുല്യ കലാകാരനായ കലാഭവന്‍ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചത്. ഷാജോണിന്‍റെ വാക്കുകള്‍:


“മണിച്ചേട്ടനൊക്കെ ‘സല്ലാപ’ത്തിലേക്ക് പോയതിനുപിന്നാലെയാണ് ഞങ്ങളൊരു ടീം കലാഭവനിലേക്കെത്തുന്നത്. അതിനുശേഷം മണിച്ചേട്ടന്‍ കലാഭവനില്‍ ചെയ്തുകൊണ്ടിരുന്ന പ്രധാന ഐറ്റംസായ കള്ളുകുടിയന്‍ തുടങ്ങി കുറെ സ്കിറ്റുകള്‍ ചെയ്തിരുന്നത് ഞാനാണ്. പിന്നെ 1999ല്‍ ഞാന്‍ സിനിമയിലേക്ക് വരാന്‍ അറിഞ്ഞോ അറിയാതെയോ കാരണക്കാരനായതും മണിച്ചേട്ടനാണ്. ‘മൈ ഡിയര്‍ കരടി’ എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ അദ്ദേഹത്തിന് നിരവധി ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളുണ്ടായപ്പോള്‍ അദ്ദേഹവുമായി രൂപസാദൃശ്യമുള്ള, എന്നാല്‍ അത്യാവശ്യം അഭിനയിക്കുന്ന ഒരാളെ കിട്ടുമോ എന്നു വന്നപ്പോള്‍ കോട്ടയം നസീറിക്കയാണ് എന്‍റെ പേര് നിര്‍ദ്ദേശിച്ചത്.
ശരിക്കും പറഞ്ഞാല്‍, ജനങ്ങള്‍ക്കറിയാവുന്ന ഒരു കലാഭവന്‍ മണിയല്ലാതെ മറ്റൊരു മണി അദ്ദേഹത്തിന്‍റെയുള്ളിലുണ്ടെന്ന് കലാഭവന്‍ ഷാജോണ്‍. കലാഭവന്‍ മണിയെപ്പറ്റിയുള്ള വേറൊരു കഥ താന്‍ പറയാമെന്നും മണിയെ ശരിക്കും മനസ്സിലാക്കിയിട്ടില്ലാത്തവര്‍ക്ക് അറിയാന്‍ വേണ്ടിയിട്ടാണെന്നും ഷാജോണ്‍ പറഞ്ഞു.


“ഞങ്ങള്‍ ഒരമേരിക്കന്‍ ട്രിപ്പ് പോയപ്പോള്‍ ധര്‍മ്മജനും ഞാനും ഒരേ റൂമിലാണ്. മണിച്ചേട്ടന്‍ ഒറ്റയ്ക്കു റൂമില്‍ കിടക്കില്ല. പേടിയാണ്. കുളിയെല്ലാം കഴിഞ്ഞ് ഡ്രസ്സുംമാറി ഞങ്ങളുടെ മുറിയിലേക്ക് വരും. ഞങ്ങള്‍ രണ്ടുപേരും മണിച്ചേട്ടന്‍റെ അപ്പുറവും ഇപ്പുറവും കിടക്കും. ഞങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടാണ് മണിച്ചേട്ടന്‍ കിടക്കുന്നത്. ഒരു ദിവസം എന്തോ പറഞ്ഞപ്പോള്‍ മണിച്ചേട്ടന്‍ ധര്‍മ്മജന്‍റെ കൈ തമാശയ്ക്ക് പിടിച്ച് ഒന്നു തിരിച്ചു. അപ്പോള്‍ ധര്‍മ്മജന്‍ ‘എന്നാപ്പിന്നെ ചേട്ടന്‍ എന്നെയങ്ങട് കൊല്ല്... എന്നിട്ട് എന്‍റെ കുടുംബത്തിന് ചിലവിന് കൊടുക്ക്…’ എന്നു പറഞ്ഞ് ചൂടായി. അപ്പോള്‍ മണിച്ചേട്ടന്‍ ഒന്നും മിണ്ടിയില്ല, അങ്ങനെ നില്‍ക്കുകയാണ്. പിന്നീട്, ഞങ്ങള്‍ ഒരു പാര്‍ട്ടികഴിഞ്ഞ് വന്ന് പുറത്തങ്ങനെ നില്‍ക്കുമ്പോള്‍ സലിംകുമാര്‍ നിന്നു സിഗററ്റ് വലിക്കുന്നു. ഞാന്‍ വലിക്കില്ല. പക്ഷേ, ഒരു പാര്‍ട്ടിയൊക്കെ കഴിഞ്ഞ്, തണുപ്പൊക്കെയുണ്ടല്ലോ, ആ മൂഡില്‍ ഞാന്‍ അദ്ദേഹത്തോട് ‘സലീമേട്ടാ, ഒരു പുകയിങ്ങുതന്നേ’ എന്നു പറഞ്ഞ് സിഗററ്റ് ചുണ്ടില്‍വച്ചതും ‘നീയെന്തിനാടാ വലിക്കണേ…’ എന്നു ചോദിച്ച് മണിച്ചേട്ടന്‍ എന്‍റെ കൈക്ക് ഒറ്റയടി. വളവന്ന് എന്‍റെ മുഖത്തിടിച്ചു. പെട്ടെന്നുള്ള ഒരു സംഭവമായതുകൊണ്ട് ഞാനങ്ങ് ഷൌട്ട്ചെയ്തു. ‘എന്തു പരിപാടിയാ മണിച്ചേട്ടന്‍ കാണിക്കുന്നതെ’ന്നു പറഞ്ഞ് ഞാനങ്ങ് ചൂടായി. സലിംകുമാറും ദിലീപേട്ടനും അവിടെനിന്നു സ്ഥലംവിട്ടു. മണിച്ചേട്ടനെന്‍റെ മുഖത്തേക്ക് ഒരു രണ്ടു സെക്കന്‍റ് നോക്കിനിന്നു. എന്നിട്ട് തിരിച്ചങ്ങുപോയി. അന്നുരാത്രി ഞങ്ങളുടെ റൂമില്‍ മണിച്ചേട്ടന്‍ വന്നില്ല. പിറ്റേന്ന് ഒരു പത്തുപത്തരയായപ്പോള്‍ സുബി വന്നു നിങ്ങള്‍ മണിച്ചേട്ടനുമായി എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ എന്നു ചോദിച്ചു. ‘ഇല്ല, ഇന്നലെ ചെറിയൊരു പ്രശ്നമുണ്ടായി, വന്ന മൂഡില്…’ ഞാന്‍ പറഞ്ഞു. ‘മണിച്ചേട്ടന്‍ ദേ റൂമിലിരുന്ന് കരയുവാ’ണെന്ന് സുബി  പറഞ്ഞു. ഞാനും ധര്‍മ്മജനും സുബിയുംകൂടി ചെല്ലുമ്പോള്‍ പിള്ളേര് കരയുന്നപോലിരുന്നു കരയുകയാണ് മണിച്ചേട്ടന്‍. ‘നിങ്ങളെക്കെ എന്‍റെ അനിയന്മാരല്ലേടാ, അതുകൊണ്ടല്ലേ ഞാനിങ്ങനൊക്കെ പറയുന്നേ…’ എന്നു പറഞ്ഞ്… കുളിച്ചിട്ടില്ല, ഭക്ഷണം കഴിച്ചിട്ടില്ല, ഇരുന്ന് കരയുകയാണ്. പിന്നെ ഞങ്ങളെല്ലാവരും കെട്ടിപ്പിടിച്ചു കരഞ്ഞ്, കരച്ചിലൊക്കെ തീര്‍ത്ത്, പിന്നെ റൂമില്‍വന്ന് കുളിച്ച്, മണിച്ചേട്ടന്‍ പഴയ ആളായി. അങ്ങനെയൊരു മനസ്സുകൂടിയുണ്ട് അദ്ദേഹത്തിന്. 


ഒരു തവണ പരിപാടികഴിഞ്ഞ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍, ‘ഷാജോണേ, നിന്നേടാ’, എന്നു പറഞ്ഞ് ഒരു സ്വര്‍ണ്ണമോതിരം ഞങ്ങള്‍ക്കെല്ലാം ഇട്ടുതന്നു. അദ്ദേഹത്തിനറിയാം ഞങ്ങള്‍ക്കൊക്കെ ചെറിയ പ്രതിഫലമേയുള്ളൂവെന്ന്.” ഷോജോണ്‍ കൂട്ടിച്ചേര്‍ത്തു.


bottom of page