
മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമായിരുന്നു കല്പന പ്രിയദർശിനി
എന്ന കല്പന. ഹാസ്യത്തോടൊപ്പം സ്വഭാവനടിയായും കഴിവു തെളിയിച്ച അവര്‍ അകാലത്തില്‍ വിടവാങ്ങിയെങ്കിലും പകരംവയ്ക്കാനാവാത്ത ആ അഭിനേത്രി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും ആ പ്രതിഭയുടെ ബാക്കിപത്രമാണ്. വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിൽ കല്പന അഭിനയിച്ചിട്ടുണ്ട്.
Watch Full Episodes
ചെറുപ്പത്തില്‍ മീനാക്ഷി ശേഷാദ്രിയെപ്പോലാകാന്‍ താന്‍ ഡയറ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഭക്ഷണത്തിന്‍റെ മുന്‍പില്‍ താന്‍ അമ്പേ പരാജയപ്പെട്ടെന്നും നടി കല്പന പറഞ്ഞിരുന്നു. അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ അതിഥിയായി പങ്കെടുക്കവേ അവതാരകയും നടിയുമായ ആനിയുമായി ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു അവര്‍.

മീനാക്ഷി ശേഷാദ്രിയുടെ സൌന്ദര്യം കണ്ട് അതുപോലാകാന്‍ താന്‍ ഡയറ്റ് ചെയ്യുമായിരുന്നുവെന്നും അതിലൂടെ ശരീരത്തോടൊപ്പം മുഖത്തിനും സൌന്ദര്യമുണ്ടാകുമെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും കല്‍പ്പന പറഞ്ഞു. എന്നാല്‍ രാവിലെ ഒരു പഴവും ബിസ്ക്കറ്റും മാത്രം കഴിച്ചിട്ട് ഉച്ചയാകുമ്പോള്‍ മീന്‍കറികൂട്ടിയുള്ള ഊണിന്‍റെ ഗന്ധം മൂക്കിലേക്കടിക്കുമ്പോള്‍ “മീനാക്ഷി ശേഷാദ്രിയൊക്കെ ഇനി പിന്നെ…!” എന്നു പറഞ്ഞുകൊണ്ട് വയറുനിറയെ ഭക്ഷണം കഴിക്കുമായിരുന്നുവെന്നും അവര്‍ രസകരമായി വിവരിച്ചു. നമ്മള്‍ കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്നത് നല്ല ഭക്ഷണം കഴിക്കാനാണ്. ഒരുപാട് പണം സമ്പാദിച്ചിട്ടും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാതെ നാം മരിച്ചുപോയിട്ട് എന്തുകാര്യമെന്ന് അവര്‍ ചോദിക്കുന്നു.
1983ല്‍ എംടി വാസുദേവന്‍ നായരുടെ ‘മഞ്ഞ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച കല്പന, ‘തനിച്ചല്ല ഞാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2013ലെ ദേശീയ അവാർഡും സ്വന്തമാക്കി. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് 2016 ജനുവരി 25 ന് കല്പന അന്തരിച്ചു.