top of page
  • Facebook
  • Instagram
  • YouTube

"അന്ന് കരഞ്ഞുകൊണ്ടുനിന്ന തന്‍റെ അരികിലേക്ക് നസീര്‍ സാര്‍ വന്നു…"

പ്രേംനസീറിന്‍റെ വളരെ നല്ല ഒരു ഗുണത്തെക്കുറിച്ച് നടന്‍ കുഞ്ചന്‍

ree

മലയാള സിനിമയിലെ ആദ്യ ഫ്രീക്കനെന്ന് വിശേഷിപ്പിക്കാവുന്ന നടനാണ് കുഞ്ചന്‍. മലയാളത്തിൽ 650-ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട ക്യാരക്ടർ റോളുകളോടൊപ്പം ചെറിയ വേഷങ്ങളും അദ്ദേഹം ചെയ്യാറുണ്ട്. ‘ഏയ് ഓട്ടോ’യിലേയും ‘കോട്ടയം കുഞ്ഞച്ചനി’ലേയും ഹാസ്യരംഗങ്ങള്‍തന്നെ അതിനുദാഹരണം. ഇവയെല്ലാംതന്നെ പുതുതലമുറയ്ക്കും സുപരിചിതമാണുതാനും. Watch Full Episodes


മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേംനസീറിനൊപ്പം 100 സിനിമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് നടന്‍ കുഞ്ചന്‍. ഇത്തവണത്തെ ‘പ്രേംനസീര്‍ പുരസ്ക്കാര’ ജേതാവുകൂടിയാണ് അദ്ദേഹം. മലയാളത്തിലെ ആദ്യത്തെ സ്റ്റാന്‍റ് അപ് കോമഡി ഷോ ആയ അമൃത ടി വിയുടെ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ മൂന്നാം സീസണില്‍ കുഞ്ചന്‍ അതിഥിയായി എത്തിയിരുന്നു. ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ വേദിയില്‍ പ്രേംനസീറുമൊത്തുള്ള മറക്കാനാവാത്ത അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു.

നാല് ഷെഡ്യൂളില്‍ വരെ പ്രേംനസീര്‍ അഭിനയിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നും അവയില്‍ മിക്കതിലും താനുമുണ്ടായിരുന്നുവെന്നും കുഞ്ചന്‍ ഓര്‍ക്കുന്നു. ഇങ്ങനെ വളരെ തിരക്കേറിയ അഭിനയകാലത്തെ പ്രേംനസീര്‍ എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോയതെന്ന ചോദ്യത്തിന് പ്രേംനസീറിന്‍റെ വളരെനല്ല ഒരു ഗുണത്തെക്കുറിച്ച് താന്‍ പറയാമെന്ന് കുഞ്ചന്‍.

പ്രശസ്ത സംവിധായകന്‍ ജെ. ശശികുമാറിന്‍റെ ‘തിരുവാഭരണം’ (1973) എന്ന ചിത്രത്തില്‍ കുഞ്ചനുമുണ്ടായിരുന്നു. പ്രേംനസീർ, മധു, ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. അന്ന് കോമഡിയെന്നത് ഒരു പ്രത്യേകതരം കോമഡിയാണെന്ന് കുഞ്ചന്‍. താനും സാധന എന്ന നടിയും കൂടി ഒരു തോര്‍ത്തില്‍ മീന്‍ പിടിക്കുന്ന സന്ദര്‍ഭമാണ് ഷൂട്ട് ചെയ്യുന്നത്. അക്കാലത്ത് മദ്രാസില്‍ പാമ്പുകളേയും മറ്റും ഷൂട്ടിംഗിന് വാടകയ്ക്ക് കിട്ടും. അഞ്ചുരൂപയാണ് പാമ്പിന്‍റെ വാടക. പത്തുരൂപയ്ക്ക് കടുവയെ കിട്ടും. തങ്ങള്‍ തോര്‍ത്തില്‍ മീന്‍ പിടിക്കുമ്പോള്‍ പാമ്പിനെ കിട്ടുന്നതാണ് രംഗം. റിഹേഴ്സല്‍ സമയത്ത് പാമ്പ് തന്‍റെ കൈയുടെ അടുത്തേക്ക് വന്നപ്പോള്‍ താന്‍ ഭയന്ന് തോര്‍ത്ത് വിട്ടുകളഞ്ഞു. പാമ്പ് താഴെ വീണ് പുല്ലിലൂടെ ഇഴഞ്ഞ് എങ്ങോ പോയി. ശശികുമാറാകട്ടെ തന്നെ പറയന്‍ വഴക്കു ബാക്കിയൊന്നുമില്ലെന്ന് കുഞ്ചന്‍ ഓര്‍ക്കുന്നു. അന്ന് 21-22 വയസ്സാണ് പ്രായം. താന്‍ നിന്നു കരയാന്‍ തുടങ്ങി. നസീര്‍ സാര്‍ ഇതെല്ലാം നോക്കി നില്‍ക്കുന്നുണ്ട്. നാല് ഷെഡ്യൂളുവരെ നസീര്‍ സാര്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഇനി ആ സീനെടുക്കാന്‍ അദ്ദേഹത്തിന്‍റെ കോള്‍ ഷീറ്റിന് താനെവിടെ പോകുമെന്നതായിരുന്നു ശശികുമാറിന്‍റെ ആധി. അപ്പോള്‍ നസീര്‍ സാര്‍ അടുത്തേക്ക് വന്നു പറഞ്ഞു, “ശശീ, ആ കുട്ടിയെ ഒന്നും പറയണ്ട. ഞാന്‍ നാളെ രാവിലെ ഏഴു മണിക്ക് വന്നിട്ട് ഈ ഷോട്ടെടുക്കാം.” അതാണ് നസീര്‍ സാറെന്ന് കുഞ്ചന്‍. അദ്ദേഹത്തെപ്പോലൊരു നടനെ ഇന്നു കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 
 
 

Comments


Amrita Television, Gandhi Nagar, Vazhuthacaud,
Thiruvananthapuram - 695014,  Tel : +91-4
71-2321500, 2328901
Fax : +91-471-2328900, Email : info@amritatv.com

© Copyright 2023 Amrita Television. All rights reserved

bottom of page