‘കിരീട’ത്തിന്‍റെ കഥാവഴികളെക്കുറിച്ച് ലോഹിതദാസ് പറഞ്ഞത്
ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ മലയാള ചലച്ചിത്രലോകത്ത് തന്‍റേതായ ഇടംനേടിയ അതുല്യപ്രതിഭയാണ് ലോഹിതദാസ്. അദ്ദേഹത്തിന്‍റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി 1989ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ‘കിരീടം’. അമൃത ടി വിയുടെ ‘സംഗീത സമാഗമം’ പരിപാടിയില്‍ സിബി മലയിലിനോടൊപ്പം പങ്കെടുക്കവേ കിരീടത്തിന്‍റെ കഥവന്ന വഴിയെക്കുറിച്ചും അതിലെ പാത്രസൃഷ്ടിയെക്കുറിച്ചും അവതാരകന്‍കൂടിയായ നടന്‍ സിദ്ദിഖിനോട് ലോഹിതദാസ് വിവരിച്ചു.
ഒരുകാലത്ത് തന്‍റെ നാടായ ചാലക്കുടിയില്‍ ഒരുപാട് റൌഡികളുണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്തെ റൌഡികളെപ്പോലെ വലിയ ക്രൂരന്മാരായിരുന്നില്ല അവരെന്ന് ലോഹിതദാസ് ഓര്‍ക്കുന്നു. “അവരെല്ലാം വളരെ ആര്‍ദ്രമായ മനസ്സുള്ളവരാണ്. പെട്ടെന്ന് ഇമോഷണലാകും. ഈ ആര്‍ദ്രതയാണ് പെട്ടെന്ന് അതിവൈകാരികതയിലേക്ക് ഇവരെ കൊണ്ടുചെന്ന് എത്തിക്കുന്നത്.
സ്ത്രീകളോട് വളരെ ഭവ്യമായിട്ട് പെരുമാറുന്ന റൌഡികളുണ്ടായിരുന്നു. അവര്‍ക്കൊരു നീതിയുണ്ടായിരുന്നു. വാശികൊണ്ടോ വിരോധംകൊണ്ടോ വെട്ടും കുത്തുമൊക്കെചെയ്താലും അതിനുള്ളിലും ഒരു മര്യാദയും മൂല്യവുമൊക്കെയുണ്ടായിരുന്നു. ഇത്തരം കുറേ ആളുകളെ എനിക്ക് പരിചയമുണ്ട്. ഇവരില്‍ പലരുടേയും സ്വഭാവവിശേഷങ്ങള്‍ എടുത്തിട്ടാണ് കീരിക്കാടന്‍ ജോസിനേയും സേതുമാധനേയും ഒക്കെ സൃഷ്ടിച്ചത്.”
‘സംഗീത സമാഗമ’ത്തിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം
തന്‍റെ ജീവിതത്തില്‍ ഏറ്റവും കുറച്ചു സമയംകൊണ്ടെഴുതിയ തിരക്കഥയാണ് കിരീടത്തിന്‍റേത്. ഏതാണ്ട് മൂന്നു ദിവസം കൊണ്ടെഴുതിയതാണത്. കുളിക്കാതെ, ഭക്ഷണം കഴിക്കാതെ ഒറ്റയിരുപ്പിന് എഴുതിത്തീര്‍ത്തു. ആ കഥയുടെ വൈകാരികത തനിക്ക് എഴുതേണ്ട കാര്യമില്ലെന്നും പേന വെച്ചുകൊടുത്താല്‍ മതി എഴുതിക്കൊണ്ടേയിരിക്കുമെന്നും ലോഹി. ഒരു സീന്‍ എഴുതിക്കഴിയുമ്പോഴേക്കും അടുത്ത സീന്‍ മനസ്സില്‍ വരുകയാണ്. എന്നാല്‍ സിനിമയുടെ ക്ലൈമാക്സ് എന്തായിരിക്കുമെന്നതിനെപ്പറ്റി ഒരൂഹവും ഉണ്ടായിരുന്നില്ല. കഥാപാത്രങ്ങള്‍ എങ്ങനെ സഞ്ചരിക്കുന്നു, എന്തായിത്തീരും എന്നൊന്നും മുന്‍കൂട്ടിപറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ലോഹിതദാസ്.
തിരക്കഥയെഴുതുന്ന സമയത്തായിരുന്നു സിബി മലയിലിന്‍റെ കല്യാണം. തനിക്ക് അതില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്കഥപൂര്‍ത്തിയാക്കാതെ മറ്റുകാര്യങ്ങള്‍ക്ക് പോകരുതെന്ന് അഭിപ്രായംവന്നു. ആ വാശിപ്പുറത്തുകൂടിയാണ് താന്‍ മൂന്നു ദിവസംകൊണ്ട് സ്ക്രിപ്റ്റ് എഴുതി നാലാം ദിവസം കല്യാണത്തിനുപോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്‍റെ ലോകത്തേക്ക് ലോഹിതദാസ് പ്രവേശിക്കുന്നത്. അദ്ദേഹം രചിച്ച നാടകങ്ങളുടെ സാമ്പത്തികവിജയവും നിരൂപകശ്രദ്ധയും കണ്ട് ലോഹിതദാസിനെ ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നത് നടന്‍ തിലകനാണ്. സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽനിന്ന് ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് പിറവികൊണ്ടത്. ‘കിരീട’ത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ സിനിമയിലെ "കണ്ണീർ പൂവിന്‍റെ" എന്നു തുടങ്ങുന്ന ഗാനം ആലപിച്ചതിന് എം.ജി ശ്രീകുമാറിന് മികച്ച പിന്നണിഗായകനുള്ള കേരള സർക്കാറിന്‍റെ അവാർഡും ലഭിച്ചു.
‘സംഗീത സമാഗമ’ത്തിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം