top of page

ആരാധനമൂത്ത് ജാനകിയമ്മയുടെ കാറിനുമുന്‍പില്‍ ചാടിയ മഹാദേവന്‍!



തൃശ്ശൂരിലെ ഗാനമേളപ്രേമികള്‍ക്ക് ഏറെ സുപരിചിതനാണ് മഹാദേവന്‍ എന്ന ഗായകന്‍. ഒരു മൃദംഗവാദകന്‍കൂടിയായ അദ്ദേഹം ചില സിനിമകളില്‍ പാടിയിട്ടുമുണ്ട്. എസ് പി ബി തമിഴ് ഗാനങ്ങളുടെ വലിയ ആരാധകനായ അദ്ദേഹം, എത്ര വിഷമംപിടിച്ച ഗാനങ്ങളും തന്‍റേതായ ശൈലിയില്‍ പാടി വിജയിപ്പിക്കുവാന്‍ കഴിവുള്ള അനുഗൃഹീത കലാകാരനാണ്. പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയിലെത്തിയ മഹാദേവന്‍ തന്‍റെ പ്രിയഗായിക എസ് ജാനകിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു.



തന്‍റെ ചെറുപ്പകാലത്ത് എസ് ജാനകി എന്ന മഹാഗായികയോട് ഇഷ്ടം, ആരാധന എന്നതിലുപരി അവരെ ദൈവമായാണ് താന്‍ കണ്ടിരുന്നതെന്ന് ഗായകന്‍ മഹാദേവന്‍. കുറച്ച് കഴിഞ്ഞപ്പോള്‍ അവരെ നേരിട്ട് കണ്ടേ പറ്റൂ എന്നായി. അങ്ങനെ 1983ല്‍ മദ്രാസിലേക്ക് വണ്ടികയറി. അവിടെ വാഹിനി സ്റ്റുഡിയോയുടെ പുറത്ത് റോഡിന്‍റെ എതിര്‍വശത്തായി അവരെ കാത്തുനില്‍ക്കവേ ജാനകിയമ്മ തന്‍റെ പ്രീമിയര്‍ പദ്മിനി കാറില്‍ ഗെയ്റ്റിനു പുറത്തേക്കെത്തി. താന്‍ ഉടനെ റോഡ് മറികടന്ന് കാറിനു മുന്നിലെത്തി സാഷ്ടാംഗം വീണു. ആ സമയം ഇതല്ലാതെ മറ്റുവഴിയൊന്നുമില്ലായിരുന്നുവെന്ന് മഹാദേവന്‍. സ്റ്റുഡിയോയിലെ ഗാര്‍ഡ് വന്ന് തന്നോട് ഇതെന്താണ് കാണിക്കുന്നതെന്ന് ചോദിച്ച് ചൂടായി. അപ്പോഴേക്കും ജാനകിയമ്മ ഇറങ്ങിവന്ന് “ബാബു, എന്നാ? വാ…” എന്നു പറഞ്ഞ് തന്നെ വിളിച്ചു. ദൈവതുല്യയായി താനാരാധിക്കുന്ന ജാനകിയമ്മയെ കണ്ട് താന്‍ വികാരാധീനനായി കരഞ്ഞുപോയെന്നും ഇതുകണ്ട് ജാനകിയമ്മ തന്നെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷണംതന്നുവെന്നും മഹാദേവന്‍ ഓര്‍ക്കുന്നു. പിന്നെ, റെക്കോഡിങ്ങിന് ഒരു സ്റ്റുഡിയോയിലേക്ക് പോയപ്പോള്‍ തന്നേയും കൊണ്ടുപോയി. അതിനുശേഷം എല്ലാ വര്‍ഷവും ഒരിക്കലെങ്കിലും ജാനകിയമ്മയെ കാണാന്‍ താന്‍ ചെന്നൈയില്‍ പോകുമെന്ന് മഹാദേവന്‍. കുറച്ച് കാലം മുന്‍പ് അവര്‍ ഒരു അവാര്‍ഡ് ദാനച്ചടങ്ങിന് കേരളത്തിലെത്തിയപ്പോള്‍ തന്‍റെ വീട്ടിലായിരുന്നു മൂന്നുനേരം ഭക്ഷണവുംമറ്റും ഒരുക്കിയിരുന്നതെന്നും മഹാദേവന്‍ കൂട്ടിച്ചേര്‍ത്തു.


bottom of page