അമ്മയെക്കുറിച്ച് പറഞ്ഞാല്‍ എല്ലാ വേദികളിലും താന്‍ കരഞ്ഞുപോകുമെന്ന് മേജര്‍ രവി. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള തന്‍റെ അമ്മ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട വ്യക്തിയായിരുന്നുവെന്ന് മേജര്‍ രവി ഓര്‍ക്കുന്നു. അമ്മമാരും പെണ്‍മക്കളുമൊരുമിച്ച് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന ആദ്യ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ അമൃത ടി വി ‘സൂപ്പര്‍ അമ്മയും മകളും’ എന്ന പരിപാടിയുടെ സ്വാതന്ത്ര്യദിന സ്പെഷ്യല്‍ എപ്പിസൊഡില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
അമ്മയുള്ളപ്പോള്‍ മദ്രാസില്‍നിന്ന് വരുമ്പോഴെല്ലാം വീടിന്‍റെ ഗെയിറ്റ് തുറന്നാണ് കിടക്കാറ്. വീട്ടിലേക്കെത്താറാകുമ്പോള്‍ ഒരു നാരങ്ങാവെള്ളം കിട്ടിയിരുന്നെങ്കിലെന്ന് മനസ്സില്‍ വിചാരിക്കും. തന്നെ സ്വീകരിച്ച്, ബാഗുമെടുത്ത് അകത്തേക്ക് പോകുന്ന അമ്മ, താന്‍ പറയാതെ തന്നെ നാരങ്ങാവെള്ളവുമായി വരും. അതുപോലെതന്നെ, മറ്റൊരവസരത്തില്‍ വീട്ടിലേക്ക് വരുമ്പോള്‍ ഒരു ചായ കിട്ടിയെങ്കിലെന്ന് മനസ്സില്‍ ആഗ്രഹിച്ചു. അദ്ഭുതകരമായ കാര്യമെന്തെന്നാല്‍ വീട്ടിലെത്തിയ ഉടനെ അമ്മ ചായയുമായി വന്നു, താന്‍ പറയാതെ തന്നെ. ഇതാണ് ഒരു അമ്മയുടെ ടെലിപ്പതിയെന്ന് മേജര്‍ രവി.
അമ്മമാര്‍ ജീവിച്ചിരിക്കുന്ന സമയത്ത് നമ്മള്‍ ഒരിക്കലും അവരെ വിഷമിപ്പിക്കരുതെന്ന് അദ്ദേഹം എല്ലാവരോടുമായി പറഞ്ഞു. കാരണം അവരും നമ്മളും എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല. അമ്മയുമൊത്തുള്ള അവസാന ഓണത്തിന്‍റെ ഓര്‍മ്മകളും അദ്ദേഹം പങ്കുവച്ചു.
2004ലെ ഓണത്തിന് അമ്മ വിളിച്ചു, നാട്ടിലേക്ക് വരുന്നില്ലേയെന്ന് ചോദിച്ചു. തന്‍റെ കയ്യില്‍ അപ്പോള്‍ പണമില്ലാത്തതിനാല്‍, അമ്മയോട് അല്പം ദേഷ്യത്തിലാണ് സംസാരിച്ചത്. ‘എന്തിനാണ് അങ്ങോട്ടുവരുന്നത്, ഒരു ഇലയില്‍ കുറച്ച് സദ്യ ഉണ്ടാക്കിത്തരും. അതിന് ഞാന്‍ പെട്രോളും ചിലവാക്കി അങ്ങോട്ടു വരേണ്ട കാര്യമുണ്ടോ?’ എന്നാണ് താനന്ന് അമ്മയോട് ചോദിച്ചത്. ‘കുട്ടികളേയും കൂട്ടി വാ’ എന്ന് അമ്മ പറഞ്ഞപ്പോഴും അമ്മയോട് ദേഷ്യപ്പെട്ടു. ഫോണ്‍ വയ്ക്കാന്‍ നേരത്ത് അമ്മ പറഞ്ഞു- ‘മോനേ, ഞങ്ങളൊക്കെ വയസ്സായി ഇരിക്കുകയല്ലേ. അടുത്ത ഓണത്തിനൊക്കെ ഉണ്ടാകുമോ എന്നറിയില്ല.’ ഇതു കേട്ട് താന്‍ പിന്നെയും അങ്ങോട്ട് ഷൌട്ട് ചെയ്തെന്നും ‘അടുത്ത ഓണത്തിനുണ്ടാകുമോ എന്നത് അമ്മയല്ലല്ലോ തീരുമാനിക്കുന്നത്, അത് ദൈവം നിശ്ചയിച്ചുകൊള്ളുമെന്നും പറഞ്ഞു.’ ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ തനിക്ക് ആകെ വിഷമമായെന്നും പിറ്റേന്നുതന്നെ കുടുംബമൊത്ത് നാട്ടിലേക്ക് ഓണമാഘോഷിക്കാന്‍ പോയെന്നും മേജര്‍ രവി ഓര്‍ക്കുന്നു.
2005 മാര്‍ച്ച് മാസം 11ആം തീയതി മോഹന്‍ലാലിന് അഡ്വാന്‍സ് കൊടുക്കാന്‍പോയി. പിന്നീട്, അവസാനമായി അമ്മയുടെ അടുത്ത് രണ്‍ജി പണിക്കുമൊത്തു പോയി ദോശ കഴിച്ചു. അമ്മയെ നാളെ വിളിക്കാം , നാളെ വിളിക്കാമെന്നു കരുതി പിന്നീട് കുറച്ച് ദിനങ്ങള്‍ പോയി. നാളെ വിളിക്കാമെന്ന് നാം കരുതുന്നത് ഒരു അഹങ്കാരമാണെന്ന് മേജര്‍ രവി. അമ്മ അവിടെ ഉണ്ടല്ലോ, അപ്പോള്‍ നാളെ വിളിക്കാം എന്ന അഹങ്കാരം. അന്നൊക്കെ ലാന്‍റ് ലൈന്‍ ആയതിനാല്‍ രാത്രിയില്‍ വിളിക്കാമെന്നു കരുതിയിരിക്കും. പിന്നീട് സമയം വൈകുമ്പോള്‍ അമ്മ ഉറങ്ങിക്കാണുമെന്ന് കരുതി വിളിക്കില്ല.
2005 മാര്‍ച്ച് 19ന് താന്‍ പ്രിയദര്‍ശനുമൊത്ത് ഒരു പരസ്യ ചിത്രീകരണത്തിന് മുംബൈയിലായിരുന്നു. അദ്ദേഹത്തിന്‍റെ മുറിയിലാണ് താനും കിടക്കുന്നത്. അന്ന് രാത്രി 11.30 ഓടെ തന്‍റെ ഫോണ്‍ നിര്‍ത്താതെ അടിക്കുന്നുണ്ടായിരുന്നു. ബോംബയിലുള്ള ഏതെങ്കിലും സുഹൃത്തായിരിക്കുമെന്ന് കരുതി താന്‍ ഫോണെടുത്തില്ല. പിന്നീട് പ്രിയദര്‍ശന്‍ തന്നോട് ഫോണെടുക്കാന്‍ പറഞ്ഞിട്ടാണ് ഫോണ് അറ്റന്‍റ് ചെയ്തത്. നോക്കുമ്പോള്‍ തന്‍റെ ഭാര്യയുടെ പത്തിരുപത് മിസ്ഡ് കോള്‍ കിടക്കുന്നു. ആശങ്കയോടെ തിരിച്ചു വിളിക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഭാര്യ വീണ്ടും വിളിച്ചു. അമ്മ പോയെന്ന് പറഞ്ഞു. ആ ആറു ദിവസം എന്തുകൊണ്ട് താന്‍ അമ്മയെ വിളിച്ചില്ലയെന്ന കുറ്റബോധം ഉള്ളില്‍ കിടക്കുന്നതിനാല്‍ താന്‍ എല്ലാ കുട്ടികളോടും പറയുന്നതിതാണെന്ന് മേജര്‍ രവി- എല്ലാ ദിവസവും നിങ്ങള്‍ സ്കൂളിലും മറ്റും പോകുന്നതിന് മുന്‍പ് അമ്മമാരെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയൊക്കെ കൊടുത്ത് ‘അമ്മേ ഞാന്‍ പോയിട്ടുവരട്ടേ’ എന്നു പറഞ്ഞിട്ടു വേണം പോകാനെന്നും അവരുടെ സ്നേഹത്തിന്‍റെ ഊഷ്മളത നമ്മള്‍ അനുഭവിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മാതൃസ്നേഹത്തിന്‍റെ ഓര്‍മ്മകളില്‍ കണ്ണീരണിഞ്ഞ മേജറിനൊപ്പം’ സൂപ്പര്‍ അമ്മയും മകളും’ മത്സരാര്‍ത്ഥികളുടെ കണ്ണുകളും നിറഞ്ഞത് ഒരു വൈകാരികാനുഭവമായി.