താനും മൂത്തമകന്‍ ഇന്ദ്രജിത്തും വളരെ സംഭാഷണപ്രിയരാണെന്നും എന്നാല്‍ സുകുമാരനും ഇളയ മകന്‍ പൃഥ്വീരാജും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലെന്നും നടി മല്ലിക സുകുമാരന്‍. അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ അതിഥിയായി പങ്കെടുക്കവേ അവതാരകയും നടിയുമായ ആനിയുമായി ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു അവര്‍.
Watch Full Episodes
“ഒരിക്കല്‍ ഗായകന്‍ യേശുദാസിന്‍റെ ഭാര്യ പ്രഭ ഞങ്ങളുടെ വീട്ടില്‍ വന്നു. അപ്പോള്‍ ഞാനവരോടിരുന്നങ്ങനെ ചിലയ്ക്കുകയാണ്. സുകുവേട്ടനാകട്ടെ, ഒന്നു രണ്ടു ചെറിയ വിശേഷം മാത്രം ചോദിച്ചു, എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. പിന്നീട് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു, ഞാനങ്ങനെ വാതോരാതെ സംസാരിക്കുന്നു. സുകുവേട്ടനെന്താ അ, ഉ, ഇ എന്നൊക്കെ മൂന്നാലു മൂളലു മൂളിയേച്ചിരിക്കുന്നതെന്ന്. ഇതുകേട്ട് എടുത്തവായിലേ സുകുവേട്ടന്‍ പറഞ്ഞു- ‘ഇപ്പോ നീ സംസാരിച്ച ശൈലിയില്‍ ഞാനുംകൂടെ സംസാരിക്കുകയാണെങ്കിലേ ഒരുപക്ഷേ വീട്ടിലാരും വരാത്ത അവസ്ഥയായിപ്പോകും. അതൊഴിവാക്കാനാണ്. ഇങ്ങനെ നോണ്‍സ്റ്റോപ്പ് സംസാരിച്ചാല്‍ മല്ലികേ വലിയ ബുദ്ധിമുട്ടാകും ആളുകള്‍ക്ക് ഇവിടെവന്നിരിക്കാന്‍. കുറച്ചെങ്കിലും ഒരിടവേള പ്രഭയ്ക്കുകിട്ടട്ടെന്നു കരുതി ഞാന്‍ മിണ്ടാതിരുന്നതാണ്. ’”
തന്‍റെ മരുമക്കളില്‍ ഇന്ദ്രജിത്തിന്‍റെ ഭാര്യയായ പൂര്‍ണ്ണിമയും തന്നെപ്പോലെ സംസാരപ്രിയയാണെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
1974 ൽ ജി.അരവിന്ദന്‍റെ ‘ഉത്തരായനം’ എന്ന മലയാള ചിത്രത്തിലൂടെയാണ് മല്ലിക സുകുമാരന്‍ അരങ്ങേറ്റം കുറിച്ചത് . അതിനുശേഷം, 60-ലധികം സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും അവർ വേഷമിട്ടു. അഭിനയരംഗത്ത് ഇന്നും സജീവമാണ് മലയാളികളുടെ ഈ പ്രിയതാരം.