top of page
  • Facebook
  • Instagram
  • YouTube

ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ഹവായ് ചെരുപ്പും ഡബിള്‍മുണ്ടുമിട്ടുപോയ നടന്‍ സുകുമാരന്‍

ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ഹവായ് ചെരുപ്പും ഡബിള്‍മുണ്ടുമിട്ടുപോയ ആളാണ് നടന്‍ സുകുമാരനെന്ന് നടിയും അദ്ദേഹത്തിന്‍റെ ഭാര്യയുമായ മല്ലിക സുകുമാരന്‍.



സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഒരു വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അവര്‍. ‘മണ്ടന്മാര്‍ ലണ്ടനില്‍‘ എന്ന സിനിമയുടെ ചിത്രീകരണത്തിനായി സുകുമാരനും നെടുമുടി വേണുവും ശങ്കരാടിയും ലണ്ടനിലേക്ക് തിരിക്കാനൊരുങ്ങുമ്പോള്‍ ശങ്കരാടിക്ക് ഷര്‍ട്ടും പാന്‍റ്സും ഇടാന്‍ വല്ലാത്തമടി.

പിറ്റേന്ന് വിമാനത്താവളത്തിലെത്തുമ്പോള്‍ മുണ്ടും ഷര്‍ട്ടുമിട്ടേ വരാവൂവെന്ന് അദ്ദേഹം സുകുമാരനേയും നെടുമുടി വേണുവിനേയും ശട്ടംകെട്ടി. ‘പാവം ശങ്കരാടിച്ചേട്ട’നെന്നു കരുതി മുണ്ടും ജുബ്ബയുമിട്ട് പിറ്റേന്ന് വിമാനത്താവളത്തിലെത്തിയ ഇരുവരും കണ്ടത് വെള്ള ഷര്‍ട്ടും പാന്‍റുമിട്ടുവന്ന ശങ്കരാടിയെ. തങ്ങളെ പറ്റിച്ചുവെന്ന് പരിഭവം പറഞ്ഞ ഇരുവരോടും വേഗംപോയി പാന്‍റും ഷര്‍ട്ടുമിട്ടുവരാന്‍ ശങ്കരാടി പറഞ്ഞെങ്കിലും വാശിക്ക് ഇരുവരും മുണ്ടുടുത്തുതന്നെ ലണ്ടനിലേക്ക് യാത്രചെയ്തു. അക്കാലത്തെ സൂപ്പര്‍സ്റ്റാറായിരുന്നുവെങ്കിലും സുകുമാരന് വസ്ത്രധാരണത്തില്‍ ഒട്ടുംതന്നെ ശ്രദ്ധയില്ലായിരുന്നുവെന്ന് മല്ലിക. ഒരു സാധാരണ ഷര്‍ട്ടും ലുങ്കിയുമുടുത്താണ് ഷൂട്ടിംഗ് സെറ്റുകളിലേക്ക് അദ്ദേഹം പോകാറ്.


Watch Full Episodes


1978 ഒക്ടോബർ 17-നായിരുന്നു സുകുമാരൻ-മല്ലിക വിവാഹം. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത നിര്‍മ്മാല്യം എന്ന ചിത്രത്തിലൂടെയാണ് സുകുമാരന്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. 1997 ജൂണില്‍ ഹൃദയാഘാതത്തേത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു. അറുപതിലധികം സിനിമകളിലും നിരവധി ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട മല്ലിക സുകുമാരന്‍ അഭിനയരംഗത്ത് ഇന്നും സജീവമാണ്.


bottom of page