top of page

സ്വന്തം കല്യാണത്തിന് ചെരുപ്പുവാങ്ങാന്‍ കഴിയാതെപോയ മാമുക്കോയ!

കോഴിക്കോടന്‍ മണ്ണിന്‍റെ സൌഹൃദക്കൂട്ടായ്മയില്‍നിന്നും സിനിമയുടെ വലിയ ലോകത്തേക്കു വളര്‍ന്ന ഒരു കലാകാരനാണ് മാമുക്കോയ. ഹാസ്യ നടനെന്ന നിലയില്‍ നമ്മേ ചിരിപ്പിക്കുകയും സ്വഭാവനടനെന്ന നിലയില്‍ നമ്മേ വിസ്മയിപ്പിക്കുകയുംചെയ്തു അദ്ദേഹം. സാധാരണക്കാരില്‍ സാധാരണക്കാരനാണ് താനെന്ന് സ്വയം വിശേഷിപ്പിക്കുമ്പോളും മാമുക്കോയയുടെ സൌഹൃദക്കൂട്ടായ്മയെന്നത് വളരെ വിപുലവും വിവിധ മേഖലകളിലെ പ്രമുഖരുമായുള്ള ഊഷ്മളബന്ധംകൊണ്ട് സമ്പന്നവുമായിരുന്നു.

തന്‍റെ കല്യാണസമയത്ത് പുതിയ വസ്ത്രം വാങ്ങിയെങ്കിലും ചെരുപ്പ് വാങ്ങാന്‍ പണമുണ്ടായിരുന്നില്ലെന്ന് മാമുക്കോയ പറഞ്ഞിരുന്നു. അമൃത ടി വിയുടെ ‘സമാഗമം’ പരിപാടിയില്‍ സംവിധായകന്‍ കമലിനൊപ്പമുള്ള സംഭാഷണത്തിലായിരുന്നു അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്. തന്‍റെ ഭാര്യാപിതാവിന് ബാബുരാജ്, എസ്.കെ പൊറ്റെക്കാട്ട് തുടങ്ങിയ പ്രമുഖരുടെ ഒരു സുഹൃദ് വലയം ഉണ്ടായിരുന്നു. അദ്ദേഹം മരിച്ച് എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് എസ്.കെ പൊറ്റെക്കാട്ട് വഴി കല്യാണാലോചനവരുന്നത്. കല്യാണത്തിന് പുതിയ വസ്ത്രം വാങ്ങിയെങ്കിലും ചെരുപ്പ് വാങ്ങാന്‍ പണമുണ്ടായിരുന്നില്ല.

കല്യാണക്കുറിയടിക്കാനും കഴിഞ്ഞില്ല. അപ്പോള്‍ പ്രദീപ് ആര്‍ട്സിലെ വാസുവേട്ടന്‍റെ നിര്‍ദ്ദേശപ്രകാരം മുന്നൂറ്റമ്പതുപേര്‍ക്ക് തന്‍റെ കൈപ്പടയില്‍ രണ്ടുവരി ക്ഷണക്കത്ത് എഴുതി നല്‍കുകയായിരുന്നുവെന്നും മാമുക്കോയ ഓര്‍ക്കുന്നു. ‘മാമു തൊണ്ടിക്കോട്’ എന്നായിരുന്നു അന്ന് പേര് വച്ചത്. കോഴിക്കോട് അബ്ദുള്‍ ഖാദറിനായിരുന്നു ആദ്യകത്ത് നല്‍കിയതെന്നും പിതാവു മരിച്ചതിനാല്‍ തന്‍റെ വിവാഹത്തിന് പിതാവിന്‍റെ സ്ഥാനത്തുനിന്ന് കര്‍മ്മങ്ങളെല്ലാം ഭംഗിയാക്കിത്തരണമെന്നും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. അക്കാലത്ത് കല്യാണവീടുകളില്‍ ഗാനമേളയുണ്ടാകും. തന്‍റെ വധൂഗൃഹത്തിലെ ഗാനമേള നയിച്ചത് ബാബുരാജായിരുന്നു. തന്‍റെ വീട്ടില്‍നിന്ന് പകുതിയായപ്പോള്‍ ബാബുരാജിന്‍റെ പാട്ടുകേള്‍ക്കാന്‍ പോയെന്നും മാമുക്കോയ പറഞ്ഞിരുന്നു. വേറൊരു വീട്ടില്‍ ഒളിച്ചിരുന്ന് ഗാനമേളമുഴുവന്‍ കേട്ടിട്ടാണ് തിരികെ വീട്ടിലേക്ക് പോയത്.


'സമാഗമ’ത്തിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം

കോഴിക്കോടൻ ‍മുസ്ലിം സംഭാഷണശൈലിയിലൂടെയാണ് മാമുക്കോയ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. നാടക നടനായാണ് കലാരംഗത്തേക്കുള്ള പ്രവേശം. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കെത്തിയത്.

മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, 2023 ഏപ്രിൽ 26 ന് 76ആം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.


‘സമാഗമ’ത്തിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം



bottom of page