top of page

“അങ്ങനെയാണ് അദ്ദേഹം ജുബ്ബ സ്ഥിരമായി ധരിക്കാന്‍ തുടങ്ങിയത്…”

ഇന്നസെന്‍റിന്‍റെ ആര്‍ക്കും അറിയാത്ത ചരിത്രം പറഞ്ഞ് മനോജ് കെ ജയന്‍


മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാവത്ത പ്രതിഭാധനനായിരുന്നു അന്തരിച്ച നടന്‍ ഇന്നസെന്‍റ്. ഹാസ്യത്തിലും ഭാവാഭിനയത്തിലും അദ്ദേഹം സൃഷ്ടിച്ച ശൈലിയും അദ്ദേഹത്തിന്‍റെ അനശ്വര കഥാപാത്രങ്ങളും മലയാള സിനിമയുടെ തിളക്കമേറിയ ചരിത്രം കൂടിയാണ്. ഇന്നസെന്‍റിന്‍റെ അഭിനയശൈലിയോടൊപ്പംതന്നെ ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്‍റെ വസ്ത്രധാരണരീതിയും. ഇന്നസെന്‍റ് മരണംവരേയും ജുബ്ബയും മുണ്ടുമാണ് സാധാരണയായി ധരിച്ചിരുന്നത്. അതും സ്വര്‍ണ്ണനിറമുള്ള ജുബ്ബയാണ് അധികവും. അദ്ദേഹത്തിന്‍റെ ജുബ്ബാപ്രേമത്തിന്‍റെ ആരുമറിയാത്ത കഥ വെളിപ്പെടുത്തുകയാണ് പ്രശസ്ത നടന്‍ മനോജ് കെ ജയന്‍. പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്.


തന്‍റെ അഭിനയജീവിതത്തിന്‍റെ തുടക്കക്കാലത്ത് ‘വെക്കേഷന്‍’ എന്നൊരു സിനിമ ചെയ്തിരുന്നു. പി ജി വിശ്വംഭരനായിരുന്നു സംവിധാനം. ഇന്നസെന്‍റ് അന്ന് വളരെ തിരക്കുള്ള നടനാണ്. അദ്ദേഹത്തെ സെറ്റില്‍വച്ച് കണ്ടപ്പോള്‍ താന്‍ അടുത്തുചെന്ന് പരിചയപ്പെട്ടു. താന്‍ ജയ-വിജയന്മാരില്‍ ജയന്‍റെ മകനാണെന്നു പറഞ്ഞു. വളരെ സന്തോഷത്തോടെ അടുത്തേക്ക് വിളിച്ച്, വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞ അദ്ദേഹം, ജയ-വിജയന്മാരുടെ സുഖവിവരങ്ങളും അന്വേഷിച്ചു.അവരെ തനിക്ക് വലിയ ഇഷ്ടമാണെന്നും അവര്‍ രണ്ടുപേരും ഒരേപോലെ ജുബ്ബയൊക്കെയിട്ട് പൊട്ടൊക്കെ തൊട്ട് നില്‍ക്കുന്നത് കണ്ടിട്ടാണ് താന്‍ ഡ്രസ് കോഡ് മാറ്റിയതെന്നും അന്ന് ഇന്നസെന്‍റ് വെളിപ്പെടുത്തി.


ജയ-വിജയന്മാരുടെ വസ്ത്രധാരണരീതിയോട് തോന്നിയ ആകര്‍ഷണവും അവരോടുള്ള ആരാധനയും തന്‍റെ വസ്ത്രധാരണരീതിതന്നെ മാറ്റാന്‍ ഇന്നസെന്‍റിന് പ്രചോദനമായിത്തീര്‍ന്നു.


ഭക്തിയും സംഗീതവും രണ്ടല്ല ഒന്നാണെന്ന് തെളിയിച്ച സംഗീത രംഗത്തെ അപൂർവ ഇരട്ടകളാണ് ‘ജയ-വിജയന്മാർ’ എന്നറിയപ്പെടുന്ന കെ ജി ജയനും, കെ ജി വിജയനും. മലയാളികള്‍ നെഞ്ചേറ്റിയ നിരവധി ഭക്തിഗാനങ്ങള്‍- പ്രത്യേകിച്ചും അയ്യപ്പഭക്തിഗാനങ്ങള്‍- ചിട്ടപ്പെടുത്തിയതും ആലപിച്ചതും അവരായിരുന്നു. നിരവധി സിനിമകള്‍ക്കും അവര്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 1989 ജനുവരി 9ന് കെ ജി വിജയൻ ഒരു കാറപകടത്തിൽ മരണമടഞ്ഞു. ഇന്നും സംഗീതരംഗത്ത് സജീവമായ കെ ജി ജയന്‍റെ മകനാണ് പ്രശസ്ത സിനിമാതാരം മനോജ് കെ ജയന്‍.

bottom of page