ഇളയരാജയുടെ ഒരു ഗാനം ആലപിക്കണമെന്ന് ആഗ്രഹിക്കാത്ത ഗായകരുണ്ടാകില്ല. അതിനായി എത്രനാളുവേണമെങ്കിലും പരിശ്രമിക്കാനും കാത്തിരിക്കാനും അവര്‍ തയ്യാറുമായിരിക്കും. തന്‍റെ സംഗീതജീവിതത്തിലും അത്തരമൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് പ്രശസ്തഗായകന്‍ എം ജി ശ്രീകുമാര്‍. പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ വച്ചാണ് പരിപാടിയുടെ അവതാരകന്‍കൂടിയായ അദ്ദേഹം തന്‍റെ അനുഭവം പങ്കുവെച്ചത്.
കൊച്ചിന്‍ ഹനീഫയും ഇളയരാജയും അടുത്ത സുഹൃത്തുക്കളാണ്. കൊച്ചിന്‍ ഹനീഫയുടെ നിര്‍ദ്ദേശമനുസരിച്ച് രാവിലെ കൃത്യം 5.30 മണിക്ക് പ്രസാദ് സ്റ്റുഡിയോയില്‍ ഇളയരാജയുടെ മുറിയിലേക്ക് പോകുന്നവഴിക്ക് അദ്ദേഹത്തെ കാത്തുനില്‍ക്കുമായിരുന്നു. ഇളയരാജ വരുമ്പോള്‍ കാര്യം അവതരിപ്പിക്കണം- എനിക്ക് ഒരു പാട്ട് പാടണം! അങ്ങനെ അദ്ദേഹം വന്നു, എന്താണെന്ന് ചോദിച്ചു. തനിക്ക് അദ്ദേഹത്തിന്‍റെ ഒരു പാട്ടുപാടണം എന്നു പറഞ്ഞപ്പോള്‍ “ആ പാപ്പോം” എന്നു പറഞ്ഞ് അദ്ദേഹം പോയി. അങ്ങനെ മൂന്നുമാസം കഴിഞ്ഞു. ഇളയരാജ ഒരവസരം നല്‍കിയില്ല.
പാട്ടുപാടിക്കുന്ന യാതൊരു ലക്ഷണവുമില്ല. അവസാനം ഗാന്ധിമതി ബാലനാണ് തന്നോടു പറഞ്ഞത് ഇത്ര ആഗ്രഹമാണെങ്കില്‍ പപ്പേട്ടനോട് (സംവിധായകന്‍ പത്മരാജന്‍) പറയാമെന്ന്. ഇളയരാജയെ കാണാന്‍ അങ്ങനെ വീണ്ടും അവസരം ലഭിച്ചപ്പോള്‍ താന്‍ പല കീര്‍ത്തനങ്ങളും പാട്ടുകളും നന്നായി പഠിച്ചിട്ടാണ് അദ്ദേഹത്തിന്‍റെ മുന്നില്‍ ചെന്നതെന്ന് ശ്രീകുമാര്‍. ഒരു വലിയ ഹാളിന്‍റെ മൂലയ്ക്ക്, ദൂരെയായിട്ടാണ് അദ്ദേഹം ഇരിക്കുന്നത്. ഇളയരാജയെ കണ്ടപ്പൊഴേ പകുതി ആത്മവിശ്വാസം പോയെന്ന് ശ്രീകുമാര്‍ ഓര്‍ക്കുന്നു. അദ്ദേഹം ഹാര്‍മോണിയത്തില്‍ മീട്ടിയ ശ്രുതിക്കൊപ്പം പാടാന്‍ വിറയല്‍കൊണ്ട് തനിക്കായില്ല. പക്ഷേ, അദ്ദേഹത്തിനത് മനസ്സിലായെന്നും വെറുതെ ‘കിണ്ടല്‍ പണ്ണുക’ എന്ന രീതിയിലാണ് അദ്ദേഹം അന്ന് പാടിച്ചതെന്നും ശ്രീകുമാര്‍. പിന്നീട് പത്മരാജന്‍റെ ‘മൂന്നാംപക്കം’ എന്ന ചിത്രത്തില്‍ ഓ എന്‍ വി കുറുപ്പ് രചിച്ച് ഇളയരാജ ഈണമിട്ട “താമരക്കിളി പാടുന്നു തെയ്തെയ് തകതോം…” എന്ന ഗാനം ശ്രീകുമാറിനെക്കൊണ്ട് അദ്ദേഹം പാടിക്കുകയുംചെയ്തു.
മലയാള ചലച്ചിത്രസംഗീതത്തിലെ ജനപ്രിയ ഗായകരിലൊരാളാണ് എം ജി ശ്രീകുമാര്‍. 1983-ൽ റിലീസായ ‘കൂലി’ എന്ന സിനിമയിൽ “വെള്ളിക്കൊലുസോടെ കളിയാടും അഴകെ…’ എന്ന വരികൾ പാടിയാണ് അദ്ദേഹം ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് മികച്ച ഗായകനുള്ള ദേശീയ പുരസ്ക്കാരവും ലഭിച്ചു.