top of page

തന്നെ ഉലച്ചുകളഞ്ഞ ഇളയരാജയുടെ വാക്കുകള്‍ ആദ്യമായി വെളിപ്പെടുത്തി ഗായിക മിന്മിനി



എ ആര്‍ റഹ്മാന്‍റെ ‘ചിന്ന ചിന്ന ആശൈ’ ഗാനത്തിന്‍റെ വിജയത്തിനു ശേഷം ഇളയരാജയുടെ പ്രതികരണം തന്നെ ആകെ ഉലച്ചുകളഞ്ഞുവെന്ന് ഗായിക മിന്മിനി. താനിതുവരെ അക്കാര്യം വെളിപ്പെടുത്തിയിട്ടില്ല. പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് മലയാളികളുടെ പ്രിയ ഗായിക അവതാരകനായ പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാറിനോട് മനസ്സു തുറന്നത്. ശബ്ദം നഷ്ടപ്പെട്ട കാലത്തെക്കുറിച്ചുള്ള ശ്രീകുമാറിന്‍റെ ചോദ്യത്തിനാണ് മിന്മിനി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. അക്കാലത്തെക്കുറിച്ച് മിന്മിനിയുടെ വാക്കുകള്‍:

~ പാടാം നേടാ'മിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം


“രാജാ സാറിന്‍റെയടുത്ത് എല്ലാ ദിവസവും എനിക്കൊരു പാട്ടുണ്ടാവും. ആ സമയത്ത് ഞാനവിടെ ഉണ്ടായിരിക്കണം. ഒരു പാട്ടു ഫാക്ടറി പോലെയാണ്. ചിന്ന ചിന്ന ആശൈയ്ക്കുമുന്‍പ് മിക്കവാറും എല്ലാ പ്രമുഖ സംഗീത സംവിധായകര്‍ക്കു വേണ്ടിയും ഒട്ടനവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പാടിക്കൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ, ഇതൊന്നും രാജാ സാര്‍ അറിയേണ്ട കാര്യമില്ല, അറിയുന്നില്ല. എന്നാല്‍, അറിഞ്ഞത് ചിന്ന ചിന്ന ആശൈ പാടിയതാണ്.”


ഇതി താന്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ലെന്നും ചോദിച്ചതുകൊണ്ടുമാത്രം പറയുകയാണെന്നും മിന്മിനി.

“ചിന്ന ചിന്ന ആശൈ ഹിറ്റായിക്കൊണ്ടിരിക്കുന്ന സമയം. എവിഎം ആര്‍ ആര്‍ സ്റ്റുഡിയോയില്‍ ‘താലാട്ട്’ എന്ന ചിത്രത്തിലെ രാജാ സാറിന്‍റെ ഗാനങ്ങളുടെ റെക്കോഡിംഗ് നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുന്‍പ് ചെറിയ കറക്ഷന്‍സ് പറഞ്ഞു തരാന്‍ രാജാ സാര്‍ മുറിയിലേക്ക് വരാറുണ്ട്. അങ്ങനെ പറഞ്ഞു തരാന്‍ വന്നിട്ട് തിരിച്ചുപോകുംവഴി വാതില്‍ക്കലെത്തിയിട്ട് അദ്ദേഹം വീണ്ടും തിരിച്ചുവന്നു. എന്നിട്ട് എന്നോട് പറഞ്ഞു:

“നീ എതുക്ക് അങ്കെ ഇങ്കെ എല്ലാം പോയി പാടറേ? ഇങ്കെമട്ടും പാടിനാ പോതും!”

അതു തനിക്ക് ഭയങ്കര ഷോക്കായി പോയെന്നും അതിനെ ഷോക്കെന്നാണോ പറയേണ്ടതെന്ന് തനിക്കറിയില്ലെന്നും മിന്മിനി. ഇതുകേട്ട് താനവിടെനിന്ന് ഭയങ്കരമായി കരഞ്ഞെന്നും. മൈക്കെല്ലാം ഓണായതിനാല്‍ എല്ലാവരും കേട്ടുവെന്നും അവരോര്‍ക്കുന്നു. എന്നാല്‍ മുതിര്‍ന്ന കീബോര്‍ഡ് പ്ലെയര്‍ വിജി മാനുവല്‍ അദ്ദേഹത്തിന്‍റെ ക്യാബിനില്‍നിന്നും വന്ന് തന്നെ ആശ്വസിപ്പിച്ചു. ശബ്ദം പോകത്തക്ക വിധത്തിലുള്ള ഒരു ഷോക്കാണോ അതെന്ന് ചോദിച്ചാല്‍ തനിക്കറിയില്ലെന്നും എന്നാല്‍ ഉള്ളിന്‍റെയുള്ളില്‍ അതൊരു വിഷമമായിക്കിടന്ന് ബ്ലോക്കാകാമെന്നും അതിനുശേഷം തന്നെ ഇളയരാജ വിളിച്ചിട്ടില്ലെന്നും മിന്മിനി വെളിപ്പെടുത്തുന്നു. രാജാസാര്‍ തന്നോട് അത്രയ്ക്ക് വാത്സല്യമുള്ള ആളായിരുന്നു. എന്നാല്‍, അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ മറിച്ച് ചിന്തിക്കരുതെന്ന് തന്‍റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഇത്രയുംകാലം താനിത് പറയാതിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


മലയാളിയെങ്കിലും ഏ ആര്‍ റഹ്മാന്‍, ഇളയരാജ എന്നിവരുടെ തമിഴ് ഗാനങ്ങളിലൂടെയാണ് മിന്മിനി പ്രശസ്തയായത്. എ.ആർ. റഹ്‌മാൻ സ്വതന്ത്ര സംഗീതംസംവിധായകനായി അരങ്ങേറ്റം കുറിച്ച ‘റോജ’ എന്ന തമിഴ് ചിത്രത്തിലെ "ചിന്ന ചിന്ന ആസൈ.." എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചതിലൂടെയാണ്‌ അവര്‍ പ്രശസ്തിയിലേക്ക് വളർന്നത്. 1988 മുതല്‍ 1995വരെ ചലച്ചിത്ര ഗാനരംഗത്ത് സജീവമായിരുന്ന അവര്‍ തന്‍റെ ശബ്ദം നഷ്ടമായതിനെത്തുടര്‍ന്ന് ഗാനരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇളയരാജയാണ് മിനി എന്ന പേരിനെ മിന്മിനി എന്നാക്കി മാറ്റിയത്.





bottom of page