top of page

‘ഹലോ’ എന്നു പറഞ്ഞില്ലേ. ആ വോയിസ് മതി തനിക്കെന്ന് മിന്മിനിയോട് എ ആര്‍ റഹ്മാന്‍

ശബ്ദം നഷ്ടപ്പെട്ട അവസ്ഥയില്‍ സൂപ്പര്‍ഹിറ്റ് ഗാനം പിറന്ന കഥ പറഞ്ഞ് പ്രിയഗായിക

തൊണ്ണൂറുകളുടെ തുടക്കത്തില്‍ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്തുണ്ടായ താരോദയമാണ് മിന്മിനി. മലയാളിയെങ്കിലും ഏ ആര്‍ റഹ്മാന്‍, ഇളയരാജ എന്നിവരുടെ തമിഴ് ഗാനങ്ങളിലൂടെയാണ് മിന്മിനി പ്രശസ്തയായത്. എ.ആർ. റഹ്‌മാൻ സ്വതന്ത്ര സംഗീതംസംവിധായകനായി അരങ്ങേറ്റം കുറിച്ച ‘റോജ’ എന്ന തമിഴ് ചിത്രത്തിലെ "ചിന്ന ചിന്ന ആസൈ.." എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചതിലൂടെയാണ്‌ അവര്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1988 മുതല്‍ 1995വരെ ചലച്ചിത്ര ഗാനരംഗത്ത് സജീവമായിരുന്ന അവര്‍ തന്‍റെ ശബ്ദം നഷ്ടമായതിനെത്തുടര്‍ന്ന് ഗാനരംഗത്തുനിന്ന് മാറിനില്‍ക്കുകയായിരുന്നു.


പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയപ്പോള്‍ തന്‍റെ കരിയറിന്‍റെ സുവര്‍ണ്ണകാലഘട്ടത്തെക്കുറിച്ചും ശബ്ദം നഷ്ടമായി കരിയറിനോട് വിടപറഞ്ഞ കാലത്തേക്കുറിച്ചുമെല്ലാം മലയാളികളുടെ പ്രിയ ഗായിക അവതാരകനായ പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാറിനോട് മനസ്സു തുറന്നിരുന്നു ‘റോജ’യിലെ ഗാനം സൂപ്പര്‍ഹിറ്റായതിനെത്തുടര്‍ന്ന് ഇളയരാജയില്‍ നിന്നുണ്ടായ അവഗണനയെക്കുറിച്ചും ആദ്യമായി അവര്‍ വെളിപ്പെടുത്തിയിരുന്നു.


ശബ്ദം നഷ്ടപ്പെട്ട് സിനിമാ പിന്നണിഗാനരംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും, പ്രമുഖ സംഗീത സംവിധായകര്‍ തന്നെ പാടാന്‍ വിളിക്കുമായിരുന്നുവെന്ന് മിന്മിനി. എന്നാല്‍ അത്തരമൊരു അവസ്ഥയില്‍ പാടാന്‍പോയാല്‍ അത് മറ്റ് കലാകാരന്മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമല്ലോ. അതുകൊണ്ട് ആ റെക്കോഡിങ്സെല്ലാം താന്‍ ക്യാന്‍സല്‍ ചെയ്യുമായിരുന്നു. പക്ഷേ ക്യാന്‍സല്‍ ചെയ്യാന്‍ സമ്മതിക്കാതിരുന്നത് എ ആര്‍ റഹ്മാന്‍ മാത്രമായിരുന്നുവെന്ന് മിന്മിനി.


“1994ല്‍ പുറത്തിറങ്ങിയ ഭാരതിരാജ സംവിധാനംചെയ്ത ‘കറുത്തമ്മ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ “പച്ചൈക്കിളി പാടും ഊര് പഞ്ചുമെത്ത ബുള്ളോക്ക് പാറ്…’ എന്ന പാട്ട് പാടിക്കാന്‍ റഹ്മാന്‍ നേരിട്ടാണ് ഫോണ്‍ചെയ്തത്. മിനി ഒരു പാട്ടുണ്ട്. വരണമെന്ന് പറഞ്ഞു. ‘സാര്‍, എനിക്ക് പാടാന്‍ ശബ്ദമില്ല’ എന്നായിരുന്നു എന്‍റെ മറുപടി.. അപ്പോള്‍ നീ ‘ഹലോ’ എന്ന് ഇപ്പോള്‍ എങ്ങനെയാണ് പറഞ്ഞതെന്ന് റഹ്മാന്‍ ചോദിച്ചു. ‘ഹലോ’ എന്നു പറഞ്ഞില്ലേ. ആ വോയിസ് മതി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്”, മിന്മിനി ഓര്‍ക്കുന്നു. ആ പാട്ട് താന്‍ പാടിയിട്ടേയില്ലെന്നും മിന്മിനി. ഒരോ വാക്കും ആ ട്യൂണില്‍ താന്‍ പറയും. അത് റെക്കോർഡ് ചെയ്യും. ആ പാട്ട് മുഴുവന്‍ അങ്ങനെയാണ് എടുത്തത്. പാട്ടായിട്ട് അത് കേള്‍ക്കുന്നത് റഹ്മാന്‍റെ കഴിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


bottom of page