top of page

ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ മോഹന്‍ലാലിനും കൂട്ടുകാര്‍ക്കും കൂട്ടുനിന്നത് ആരെന്നറിയാമോ?

‘തിരനോട്ടം’ ചിത്രത്തിന്‍റെ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ച് ലാലും അശോക് കുമാറും

ഒരു നടനെന്ന നിലയ്ക്ക് ചലച്ചിത്ര ലോകത്തേക്കുള്ള മോഹന്‍ലാലിന്‍റെ ആദ്യ കാല്‍വെപ്പായിരുന്നു ‘തിരനോട്ടം’ എന്ന ചിത്രം. കേവലം പതിനേഴ്-പതിനെട്ട് വയസ്സുള്ള കോളേജ് വിദ്യാര്‍ത്ഥികളുടെ ഒരു സംരംഭം എന്നതിലുപരി മലയാള സിനിമയിലെ ഒട്ടേറെ പ്രഗത്ഭരുടെ സഹകരണംകൊണ്ടും ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാലിന്‍റെ ആദ്യചിത്രമെന്ന നിലയിലും ‘തിരനോട്ടം’ ചരിത്രത്തിന്‍റെ ഭാഗമാണ്. കൊല്ലത്തെ കൃഷ്ണാ തിയേറ്ററില്‍ ഒരു ഷോ മാത്രം പ്രദര്‍ശിപ്പിച്ച തിരനോട്ടം, പക്ഷേ, പ്രേക്ഷകരിലേക്കെത്തിയില്ല. എന്നാല്‍, ആ സിനിമ നല്‍കിയ ആത്മവിശ്വസമാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍റെ ജൈത്രയാത്രയ്ക്ക് പിന്‍ബലമായതെന്ന് പറയാം.



മോഹന്‍ലാലിന്‍റെ ആദ്യത്തെ മേക്കപ്പ് മാന്‍, ആദ്യത്തെ നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിവരേയെല്ലാം പരിചയപ്പെടുത്തിയ അമൃത ടി വി ‘സമാഗമം’, രസകരമായ പല ഓര്‍മ്മകളുടെ പങ്കുവയ്ക്കലിനും വേദിയായി.

തിരനോട്ടം എന്ന മോഹല്‍ലാലിന്‍റെ ആദ്യ ചിത്രം സംവിധാനംചെയ്തത് അദ്ദേഹത്തിന്‍റെ ബാല്യകാല സുഹൃത്തും സഹപാഠിയുമായ ശ്രീ. അശോക് കുമാറായിരുന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ രാജീവ്നാഥിന്‍റെ സഹോദരനാണ് അദ്ദേഹം. ‘തിരനോട്ടം’ എന്ന തങ്ങളുടെ ആദ്യ സിനിമയുടെ പിറവിയെക്കുറിച്ചും അക്കാലത്തെ തങ്ങളുടെ കോളേജ് ജീവിതത്തെക്കുറിച്ചും അദ്ദേഹം ലാലിനൊപ്പം ഓര്‍മ്മകള്‍ പങ്കിട്ടു.

താനും ലാലും തിരുവനന്തപുരം എം ജി കോളേജില്‍ പഠിക്കുന്ന കാലത്താണ് ‘തിരനോട്ടം’ സിനിമ ചെയ്യുന്നത്. ആ സിനിമയെടുക്കാന്‍ കാരണമായത് ഒരു ചെറിയ അപമാനമാണെന്ന് അശോക് കുമാര്‍. ഒരിക്കല്‍ തങ്ങള്‍ സുഹൃത്തുക്കളെല്ലാവരുംകൂടി ഒരു സിനിമയുടെ സെറ്റില്‍പോയി. അവിടെ തങ്ങളെ ഇന്‍സള്‍ട്ട് ചെയ്തപോലെ തോന്നി. അപ്പോള്‍ ഒരുവാശിക്ക് തങ്ങളും സിനിമയെടുക്കുമെന്ന് അവരോട് പറഞ്ഞു. അങ്ങനെയാണ് ഭാരത് സിനി ഗ്രൂപ്പ് എന്ന സംഘടനയുടെ പിറവി. താന്‍, ലാല്‍, സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സംഘടന. ആ സമയത്ത് തിരുവോണമടുപ്പിച്ച് റോസ് ഡേ വന്നപ്പോള്‍ തങ്ങള്‍ക്ക് ഒരു സ്റ്റാള്‍ ഇടണമായിരുന്നു. പക്ഷേ, അതിന് ഒരു ഫിലിം സൊസൈറ്റിയോ മറ്റോ ആണെങ്കിലേ സാധിക്കുമായിരുന്നുള്ളൂ. പോസ്റ്റേഴ്സും മറ്റും പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ആരും തങ്ങള്‍ക്ക് പോസ്റ്റര്‍ തന്നില്ല. അങ്ങനെ തങ്ങള്‍ കൊല്ലത്തെ രവി മുതലാളിയെ (അച്ചാണി രവി) പോയി കണ്ടു. അദ്ദേഹത്തിന്‍റെ നിര്‍മ്മാണത്തില്‍ അരവിന്ദന്‍ സംവിധാനംചെയ്യുന്ന ഒരു ചിത്രത്തിന്‍റെ കുറേ സിറ്റില്‍സൊക്കെ തന്നു. അരോമ മണിയും കുറച്ചു സ്റ്റില്‍സ് നല്‍കി. അങ്ങനെ തങ്ങളെല്ലാവരുംകൂടി കനകക്കുന്ന് പാലസില്‍ ഒരു സ്റ്റാള്‍ തുറന്നു. സ്റ്റോള്‍ കാണാനെത്തിയ പാച്ചല്ലൂര്‍ ശശി എന്നയാള്‍ തന്‍റെ അഭിനയമോഹം അറിയിക്കുകയും അങ്ങനെ ‘തിരനോട്ടം’ ചെയ്യാന്‍ തങ്ങള്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് അശോക് കുമാര്‍.


ഒന്നാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന കാലമാണ്. മൂത്ത സഹോദരനായ രാജീവ്നാഥിന്‍റെ സിനിമകളുടെ ഷൂട്ടിങ്ങൊക്കെ കണ്ടിട്ടുള്ളതുമാത്രമാണ് ആകെയുള്ള പരിചയം. സുരേഷ് കുമാറിന്‍റെ കയ്യില്‍ ഒരു ചെറിയ മൂവി ക്യാമറയുമുണ്ട്. കോമഡി റോളായിരുന്നു മോഹന്‍ലാലിന്. ചിത്രത്തില്‍ അഭിനയിക്കാന്‍ നെടുമുടി വേണുവിനെ സമീപിച്ചപ്പോള്‍ പിള്ളേരുകളിയാണെന്നു പറഞ്ഞ് ഒഴിവാക്കി. അന്നത്തെ പ്രമുഖതാരങ്ങളായ രവി കുമാര്‍, സത്താര്‍, എന്നിവരൊക്കെ തിരനോട്ടത്തില്‍ അഭിനയിച്ചു. ഓ എന്‍ വി കുറുപ്പായിരുന്നു ഗാനരചന. എം ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം, യേശുദാസ് ഗാനാലാപനം എന്നിങ്ങനെ പ്രമുഖരുടെ ഒരു നിരതന്നെ അക്കാലത്തെ ആ ന്യൂജെന്‍ സിനിമയില്‍ ഭാഗഭാക്കായി എന്നതുതന്നെ അദ്ഭുതമാണ്.

ബാക്കിയെല്ലാം ഓക്കെ. തങ്ങളേയുള്ളൂ അല്ലാത്തതെന്ന് ഇടയ്ക്ക് മോഹന്‍ലാലിന്‍റെ കമന്‍റ്.

കോളേജില്‍ ചെല്ലുമ്പോള്‍ എന്താണ് കോളേജില്‍ വരാത്തതെന്നോ പഠിക്കാത്തതെന്നോ ആരും തങ്ങളോട് ചോദിക്കാറില്ലായിരുന്നുവെന്ന് അശോക് കുമാര്‍ ഓര്‍ക്കുന്നു. പകരം, ടീച്ചര്‍മാരൊക്കെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞില്ലേയെന്നാണ് ചോദിച്ചിരുന്നത്. പരീക്ഷയുടെ കാര്യവും അതുപോലെ തന്നെ. പൊതു പരീക്ഷയാണ് അന്ന് നടക്കുന്നത്.

അപ്പോഴേക്കും ലാല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. തങ്ങളെ അപേക്ഷിച്ച് ലാല്‍ പഠനത്തില്‍ മിടുക്കനായിരുന്നുവെന്ന് അശോക് കുമാര്‍. തങ്ങള്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഫ്ലൈറ്റിറങ്ങുമ്പോഴാണ് ചോദിക്കുന്നത് അന്നത്തെ പരീക്ഷയെന്താണെന്ന്. എന്തുചെയ്യാന്‍ പറ്റും? ഒന്നും പഠിച്ചിട്ടില്ല. പിന്നെ, പുസ്തകം എടുത്ത് മൂന്നായി കീറി ഓരോരുത്തരും ഓരോ ഭാഗങ്ങള്‍ കൈവശംവയ്ക്കും. എന്നാല്‍പ്പോലും തനിക്ക് അത് വായിച്ചാല്‍ ഒന്നും മനസ്സിലാവില്ല. എന്നാല്‍, മോഹന്‍ലാല്‍ അത് പഠിച്ചിട്ടുണ്ടാവുമെന്നും അശോക് കുമാര്‍ ഓര്‍ക്കുന്നു. വെളിയില്‍ നിന്നുള്ള അദ്ധ്യാപകരാണ് പരീക്ഷാ ഹാളില്‍ നില്‍ക്കുന്നത്. അപ്പോള്‍ കോപ്പിയടിക്കുമ്പോള്‍ ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാന്‍ കോളേജ് പ്രിന്‍സിപ്പലിനെത്തന്നെയാണ് തങ്ങള്‍ അന്ന് ഏല്‍പ്പിക്കുന്നത്. പ്രിന്‍സിപ്പല്‍ തങ്ങളുടെ ബന്ധുവായിരുന്നതിനാലാണ് ഈ സഹായം കിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


‘തിരനോട്ട’ത്തില്‍ മോഹൻലാൽ കൂട്ടപ്പൻ എന്ന ഒരു ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ചിത്രത്തില്‍ ലാലിന് ആദ്യമായി മേക്കപ്പിട്ടത് സുഹൃത്ത് മണിയന്‍പിള്ള രാജുവായിരുന്നു. പ്രിയദർശൻ അസിസ്റ്റന്‍റ് ഡയറക്ടർ ആയും സുരേഷ് കുമാർ ക്ലാപ്പ് ബോയ്‌ ആയും,ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചു.


bottom of page