നവതിയിലേക്ക് കടക്കുന്ന മലയാളത്തിന്റെ പ്രിയ കഥാകാരൻ എം ടി വാസുദേവന്‍ നായര്‍ക്ക് ആശംസകളര്‍പ്പിക്കുകയാണ് സാഹിത്യലോകവും മലയാളക്കരയും. 1933 ജൂലായ് 15ന് നിളയുടെ തീരമായ കൂടല്ലൂരിലാണ് എം ടി ജനിച്ചത്. എന്നാൽ, ജന്മനക്ഷത്രമായ കർക്കടക മാസത്തിലെ ഉതൃട്ടാതി ദിനമാണ് അദ്ദേഹം ലളിതമെങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സദ്യയുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് തിരഞ്ഞെടുക്കാറ്.
ഈ അവസരത്തില്‍ മലയാളികളുടെ ഓര്‍മ്മകളിലേക്ക് ചേക്കറുന്ന പ്രസിദ്ധമായ എം ടിക്കഥയാണ് 'ഒരു പിറന്നാളിന്‍റെ ഓർമ്മ' എന്നത്. പണ്ട് മരുമക്കത്തായം നിലനിന്നിരുന്ന കാലത്ത് തന്‍റെ കുടുംബത്തില്‍ ജീവിച്ചിരുന്ന ദുഷ്ടനായ കാരണവരെക്കുറിച്ചും അയാളുടെ കടുംപിടുത്തം നിമിത്തം ഭക്ഷണംപോലും ശരിക്ക് ലഭിക്കാതിരുന്ന മരുമക്കളെക്കുറിച്ചും തന്‍റെ അമ്മ പറഞ്ഞുകേട്ട കഥകളില്‍നിന്നാണ് ഈ കഥയുടെ പിറവിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സഹികെട്ട മരുമക്കള്‍ എല്ലാവരുംകൂടി അമ്മാവനെ വിഷംകൊടുത്തുകൊല്ലാന്‍ തീരുമാനിച്ചു. പിന്നീട് ഈ അമ്മാവന്‍റെ പ്രേതം അവിടെയൊക്കെ ചുറ്റിക്കറങ്ങിയിരുന്നെന്ന് തന്‍റെ അമ്മ കുട്ടികളായ തങ്ങളോട് പറഞ്ഞു പേടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നു. ഈ സംഭവകഥയാണ് കഥാതന്തു.
എം ടിയുടെ പ്രസിദ്ധമായ ഈ ചെറുകഥ അമൃത ടി വി പരമ്പരയായി വര്‍ഷങ്ങള്‍ക്കുമുന്‍പ് സംപ്രേഷണം ചെയ്തിരുന്നു. മലയാളിത്തം തുളുമ്പുന്ന കഥാപരിസരവും അതിമനോഹരമായ ഗ്രാമീണഭംഗിയും ഒത്തിണങ്ങുന്ന ഈ പരമ്പരയുടെ ദൃശ്യചാരുത ഇക്കാലത്തിന് അന്യമാണെന്നതില്‍ സംശയമില്ല. അമൃത ടി വി ആര്‍ക്കൈവ്സ് എന്ന യുട്യൂബ് ചാനലില്‍ ഈ സീരിയല്‍ ലഭ്യമാണ്.