ഹരിശ്രീ അശോകന്‍റെയും സലിംകുമാറിന്‍റെയും ആദ്യകാല തൊഴിലുകള്‍ വെളിപ്പെടുത്തി നാദിര്‍ഷ
ഇഷ്ടപ്പെടുന്ന ജോലി ലഭിക്കുന്നതും ഏറെ ആഗ്രഹിക്കുന്ന ഒരു സ്ഥാനത്തെത്തുന്നതും ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് നേടിയെടുക്കാനാവുന്നതല്ല. ഏറെ വര്‍ഷങ്ങളുടെ കഷ്ടപ്പാടും കഠിനാദ്ധ്വാനവും ഒപ്പം തളരാത്ത അഭിനിവേശവും അതിനാവശ്യമാണ്. ഇന്നു നാം ആരാധനയോടെ നോക്കുന്ന മിക്ക താരങ്ങളും കഠിനമായ ജീവിത വഴികളിലൂടെ തങ്ങളുടെ സ്വപ്നഭൂമിക വെട്ടിപ്പിടിച്ചവരാണ്. തങ്ങള്‍ കടന്നുവന്ന ജീവിതവഴികളെയും കുട്ടിത്തം വിട്ടുമാറുന്നതിനുമുന്‍പുചെയ്ത ജോലികളെക്കുറിച്ചും വിവരിക്കുകയാണ് അമൃത ടി വി കോമഡി മാസ്റ്റേഴ്സിലെ വിധികര്‍ത്താക്കളായ നാദിര്‍ഷ, കെ.എസ്.പ്രസാദ്, ബിബിൻ ജോർജ്ജ് എന്നിവര്‍.
‘കോമഡി മാസ്റ്റേഴ്സ് ’ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം
തന്‍റെ പതിനെട്ടാം വയസ്സില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ത്തന്നെ തന്‍റെ പിതാവിന്‍റെ ജോലി ലഭിച്ചുവെന്ന് നടനും മിമിക്രിതാരവുമായ നാദിര്‍ഷ. നൈറ്റ് ഷിഫ്റ്റില്‍ പാറപൊട്ടിക്കല്‍, ഷവ്വല്‍ കുത്തല്‍ തുടങ്ങിയവയായിരുന്നു ജോലി. അതിനുശേഷം കിട്ടിയ പ്രൊമോഷനുകളാണ് മറ്റെല്ലാം.
സിനിമാലോകത്തെത്തുന്നതിനുമുന്‍പ് ഒന്നിലധികം ജോലികള്‍ ചെയ്തയാളാണ് താനെന്ന് തിരക്കഥാകൃത്ത് ബിബിൻ ജോർജ്ജ്. പതിനഞ്ചാം വയസ്സുമുതല്‍ പല ജോലികള്‍ക്കും പോയിട്ടുണ്ട്. പ്രിന്‍റിംഗ് പ്രസ്സിലെ ജോലി, പത്രവിതരണം, കലാഭവനില്‍ അദ്ധ്യാപകന്‍, സ്വദേശി സയന്‍സ് മൂവ്മെന്‍റിന്‍റെ ഓഫീസില്‍ ഓഫീസ് ബോയ്, കമ്പ്യൂട്ടര്‍ കഫേയില്‍ പാര്‍ട്ട് ടൈം ജോലി, എറണാകുളം ഗേള്‍സ് സ്കൂളില്‍ രണ്ടുകൊല്ലം ഹിന്ദി അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇതോടൊപ്പം കലാഭവന്‍റെ സ്റ്റേജ് പരിപാടികളിലും ഭാഗഭാക്കായിരുന്നു താനെന്നും അദ്ദേഹം ഓര്‍മ്മിച്ചു. പതിനാറാം വയസ്സിലാണ് ബിബിന്‍ ആദ്യമായി സ്ക്രിപ്റ്റ് എഴുതുന്നത്.
കലാഭവനില്‍ ആദ്യമായി നിയമിക്കപ്പെട്ട രണ്ട് മിമിക്രി അദ്ധ്യാപകരില്‍ ഒരാളായിരുന്നു താനെന്ന് നടനും മിമിക്രിതാരവുമായ കെ.എസ്.പ്രസാദ് ഓര്‍മ്മിച്ചു. മറ്റൊരാള്‍ സംവിധായകന്‍ സിദ്ധിഖ് ആയിരുന്നു. പതിമൂന്നാം വയസ്സില്‍ അച്ഛന്‍റെ ഫ്ലോർ മില്ലും പലചരക്കുകടയും നോക്കിനടത്താന്‍ ഇടയ്ക്കിടെ പോകുമായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോള്‍ത്തന്നെ ഹാര്‍ഡ് വെയര്‍ സെയില്‍സ് റെപ്രസെന്‍ററ്റീവായി ജോലികിട്ടി. പിന്നീട് ആ കമ്പനി മാറി വേറൊറു കമ്പനിയില്‍ സെയില്‍സ് ഓഫീസറായും ഒപ്പം ഡിസ്ട്രിബ്യൂട്ടറായും ജോലിനോക്കി. പിന്നീട് ടെലിവിഷന്‍ ഷോപ്പ് തുടങ്ങി. വീഡിയോ ഗെയിംസ്, വീഡിയോ കവറേജ് തുടങ്ങിയ സേവനങ്ങളും നല്‍കിപ്പോന്നു. ‘ഹി ആന്‍റ് ഷി ഔട്ഫിറ്റ്’ എന്ന ടെയിലറിംഗ് ഷോപ്പ് ആരംഭിച്ചു. പിന്നീടാണ് കൊച്ചിന്‍ ഗിന്നസ് എന്ന പ്രൊഡക്ഷന്‍ കമ്പനി ആരംഭിക്കുന്നത്.
ഹരിശ്രീ അശോകനും സലിംകുമാറും തന്നോട് പരിഭവിക്കില്ല എന്ന ഉറപ്പുള്ളതിനാല്‍ അവരുടേയും അന്തരിച്ച പ്രിയനടന്‍ കലാഭവന്‍ മണിയുടേയും ആദ്യകാലത്തെക്കുറിച്ച് താന്‍ പറയാമെന്ന് നാദിര്‍ഷ. കലാഭവന്‍ മണി ഓട്ടോറിക്ഷ ഓടിക്കുന്ന ആളായിരുന്നു. ഹരിശ്രീ അശോകന്‍ ടെലഫോണ്‍ ലൈനിനുവേണ്ടി കുഴികുത്തുന്ന ജോലിചെയ്തിരുന്നു. സലിംകുമാറാകട്ടെ ഏതോ ചെറിയ കമ്പനിക്കുവേണ്ടി വീടുവീടാന്തരം സാധനങ്ങള്‍ വിറ്റിരുന്ന സെയില്‍സ് റെപ്രസെന്‍ററ്റീവായിരുന്നു. തങ്ങളുടെയെല്ലാം ജീവിത്തിനു പിന്നില്‍ കഷ്ടപ്പാടുകളുണ്ടായിരുന്നുവെന്നും അതില്‍ സെന്‍റിമെന്‍സിന്‍റെ ആവശ്യമില്ലെന്നും നാദിര്‍ഷ പറഞ്ഞു. അക്കാലത്ത് മിക്കവാറും എല്ലാവരും അങ്ങനെയായിരുന്നു കടന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കോമഡി മാസ്റ്റേഴ്സ് ’ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം