top of page

“ഡെഡ്ബോഡിയാണ് നിങ്ങളേക്കാള്‍ നന്നായി അഭിനയിച്ചതെന്ന് പറയിപ്പിക്കരുത്!”

നാദിര്‍ഷയോട് ഭാര്യ പറഞ്ഞത്


ഒരു ടെലിഫിലിമില്‍ താന്‍ അഭിനയിക്കുന്നതിനു മുന്‍പായി തന്‍റെ ഭാര്യ നല്കിയ മുന്നറിയിപ്പിനെക്കുറിച്ചു പറയുകയാണ് അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് കോമഡിഷോ ‘കോമഡി മാസ്റ്റേഴ്സി’ന്‍റെ പ്രധാന വിധികര്‍ത്താവായ നാദിര്‍ഷ. സിനിമയിലല്ലാതെ തങ്ങള്‍ ചെയ്തതില്‍വച്ച് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമേതാണെന്ന അവതാരക എലീനയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.



‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമ ചെയ്യുന്നതിന് മുന്‍പായി ‘ബേണ്‍ മൈ ബോഡി’ എന്ന ഷോര്‍ട് ഫിലിമില്‍ അഭിനയിക്കാന്‍ നാദിര്‍ഷയെ സംവിധായകന്‍ ആര്യന്‍ കൃഷ്ണ മേനോന്‍ സമീപിച്ചിരുന്നു. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന ശവശരീരങ്ങളെ പീഡിപ്പിക്കുന്ന ഒരു മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍റെ കഥാപാത്രമായിരുന്നു അത്. എന്തുകൊണ്ടാണ് തന്നെ ആ കഥാപാത്രം ചെയ്യാന്‍ വിളിച്ചതെന്ന് ആര്യനോട് ചോദിച്ചപ്പോള്‍, ഇത്തരമൊരു പ്രവര്‍ത്തിചെയ്യുമെന്ന് ആദ്യാവസാനം ആരും സംശയിക്കാനിടയില്ലാത്തവിധത്തില്‍ നിഷ്കളങ്കഭാവമുള്ള ഒരാള്‍ വേണമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. എങ്കിലെ കഥയുടെ അവസാനം പ്രേക്ഷകര്‍ക്ക് ഒരു ഞെട്ടല്‍ ഉണ്ടാവുകയുള്ളൂവെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.


അത്തരത്തില്‍ ഒരു നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമായതിനാല്‍ ഭാര്യയോട് പറയണമല്ലോ. ഭാര്യയാകട്ടെ തനി നാട്ടിന്‍പുറത്തുകാരിയാണ്. പക്ഷേ, അവര്‍ക്ക് ഇത്രയ്ക്ക് നര്‍മ്മബോധമുണ്ടെന്ന് താന്‍ വിചാരിച്ചിരുന്നില്ലെന്ന് നാദിര്‍ഷ. ഡെഡ്ബോഡി എന്നു പറയുമ്പോള്‍ ആര്‍ട്ടിസ്റ്റുകളൊന്നുമായിരിക്കില്ല, വല്ല ഡമ്മിയോ മറ്റോ ആയിരിക്കുമെന്ന് താന്‍ ഭാര്യയോട് പറഞ്ഞു. ഭാര്യയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് കരുതി ആര്യനെ വിളിച്ച് സമ്മതമറിയിക്കാന്‍പോയ തന്നെ ഭാര്യ വിളിച്ചു ഇങ്ങനെ പറഞ്ഞു- “അതേ, ഒരു കാര്യമുണ്ട്. ഇത് റിലീസ് ചെയ്തു കഴിയുമ്പോള്‍ ഡെഡ്ബോഡിയാണ് നിങ്ങളേക്കാള്‍ നന്നായി അഭിനയിച്ചതെന്ന് പറയിപ്പിക്കരുത്!”


bottom of page