top of page

ഒരിക്കലും ഒരു കാമുകനും സംഭവിക്കാനിടയില്ലാത്ത തന്‍റെ പ്രണയകഥ പറഞ്ഞ് നാദിര്‍ഷ!


മിമിക്രിവേദികളിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് നാദിര്‍ഷ. ചലച്ചിത്ര സംവിധായകന്‍, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് അദ്ദേഹം. അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് കോമഡിഷോ ‘കോമഡി മാസ്റ്റേഴ്സി’ന്‍റെ വേദിയില്‍ വിധികര്‍ത്താവായെത്തവേ, ഒരിക്കലും ഒരു കാമുകനും സംഭവിക്കാനിടയില്ലാത്ത തന്‍റെ പ്രണയകഥ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്‍റെ വാക്കുകള്‍-


“ഞാന്‍ പഠിച്ചിരുന്ന ഫാക്ട് ഹൈസ്ക്കൂളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചാണ് ഇരുത്തിയിരുന്നത്. ഇന്‍റര്‍വെല്‍ സമയം അദ്ധ്യാപകര്‍ ക്ലാസ്സിനുചുറ്റും റോന്തു ചുറ്റും. അതിനാല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരസ്പരം സംസാരിക്കാനുള്ള ഒരു സാഹചര്യം അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്‍റെ ക്ലാസ്സിലെ ഒരു പെണ്‍കുട്ടിക്ക് എന്നോട് വലിയ ഇഷ്ടമുണ്ടെന്ന് എനിക്ക് തോന്നി. ആ കുട്ടി പറഞ്ഞിട്ടൊന്നുമില്ല, കാരണം സാറന്‍മാര് അങ്ങോട്ടുമിങ്ങോട്ടും വിടില്ലായിരുന്നു. അങ്ങനെ പത്താം ക്ലാസ് കഴിയുന്ന സമയത്ത് ഓട്ടോഗ്രാഫ് എഴുതുന്ന സമയം. അന്ന് ഓട്ടോഗ്രാഫ് എഴുതി സൂക്ഷിക്കുകയെന്നത് വലിയൊരു കാര്യമായിരുന്നു. അങ്ങനെ ഓട്ടോഗ്രാഫ് പാസ്ചെയ്യാന്‍ ഞങ്ങള്‍ക്ക് അനുവാദം കിട്ടി. പക്ഷേ, ആ സമയത്തും ആ പെണ്‍കുട്ടി ഒന്നും എഴുതിയില്ല.



പത്താം ക്ലാസ് കഴിഞ്ഞ് എല്ലാവരും യാത്ര പറയുന്ന നിമിഷത്തിലാണ് ആ കുട്ടി ആദ്യമായി എന്നോട് സംസാരിക്കുന്നത്. “എനിക്ക് തന്നെ ഭയങ്കര ഇഷ്ടമായിരുന്നു!” എന്നു പറഞ്ഞിട്ട് ആ കുട്ടിയങ്ങുപോയി. എനിക്ക് അങ്ങോട്ട് ഒന്നും സംസാരിക്കാനും സാധിച്ചില്ല. ആ കുട്ടിയുടെ വീടെവിടാണെന്നറിയില്ല, സൈക്കിള്‍ നേരെ ചവിട്ടാന്‍ അറിയില്ല. സൈക്കിളിലിരുന്നാല്‍ കാലെത്തില്ല. ഇടങ്കാലിട്ട് ചവിട്ടിപ്പോകുന്ന ദൂരത്തിന് ഒരു പരിധിയുണ്ട്! അങ്ങനെ കുറേ അന്വേഷിച്ചെങ്കിലും ആ കുട്ടിയെ കണ്ടെത്താനായില്ല.


വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ സെയിന്‍റ് പോള്‍സ് കോളേജില്‍ പഠിക്കുന്നു. മിമിക്രിയൊക്കെ അവതരിപ്പിക്കാന്‍ തുടങ്ങി. ആലുവ യു സി കോളേജില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ രമേശ് കുറുമശ്ശേരി, ജോര്‍ജ്ജ് എന്നിവരോടൊപ്പം ഞാനും പോയി. പരിപാടിക്കിടയില്‍ ഞാന്‍ നോക്കുമ്പോള്‍ തൂണില്‍ ചാരി പരിചയമുള്ള ഒരു മുഖം! അന്വേഷിച്ചു നടന്നിട്ടും കണ്ടെത്താന്‍ കഴിയാത്ത മറ്റേ പത്താം ക്ലാസ്സുകാരി!!! അന്ന് കലക്കണമെന്ന് വിചാരിച്ച് ഐറ്റങ്ങളൊക്കെ ഓവറാക്കി കുളമാക്കി. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാന്‍ മിമിക്രി ചെയ്തു തുടങ്ങിയത്. ആ പെണ്‍കുട്ടിക്കാണെങ്കില്‍ സ്കൂള്‍ക്കാലത്ത് ഞാനൊരു ഗായകനാണെന്നുമാത്രമേ അറിയൂ. പരിപാടിക്കുശേഷം ഞാന്‍ ഇട്ട ജുബ്ബ മടക്കിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍വന്ന് ഒരു പെണ്‍കുട്ടി കാത്തിരിക്കുന്നുവെന്ന് അറിയിച്ചു. എനിക്കറിയാം അതാരായിരിക്കുമെന്ന്. ഞാന്‍ കാത്തിരിക്കുകയായിരുന്നല്ലോ! പുറത്തേക്ക് ചെന്ന് ആ കുട്ടിയെ കണ്ടപ്പോള്‍ അവളുടെ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. എന്നിട്ട് എന്നോടു പറഞ്ഞു: “താനിത്ര അധഃപതിച്ചുപോയെന്ന് ഞാനൊരിക്കലും വിചാരിച്ചില്ല!. താന്‍ നല്ലൊരു പാട്ടുകാരനായിരുന്നു, ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഇത്ര അധഃപതിച്ചുപോകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല!”- അപ്രതീക്ഷിത ട്വിസ്റ്റിലവസാനിച്ച തന്‍റെ പ്രണയകഥ നാദിര്‍ഷ രസകരമായി പറഞ്ഞു നിര്‍ത്തി.


നടന്മാരായ ദിലീപ്, സലിം കുമാർ, കലാഭവൻ മണി തുടങ്ങിയവരുമൊത്ത് കലാഭവൻ മിമിക്രി ട്രൂപ്പിൽ അംഗമായിരുന്നു നാദിര്‍ഷ. 2015ല്‍ ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാനരംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്.


bottom of page