ഇന്നച്ചന്‍റെ ഇംപോസിഷന്‍ കഥകള്‍
ഇന്നസെന്‍റുണ്ടെങ്കില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ബോറടി എന്നൊരുകാര്യമുണ്ടാകില്ല എന്ന് സഹപ്രര്‍ത്തകര്‍ പറയാറുണ്ട്. എന്നാല്‍ ഇന്നസെന്‍റിന്‍റെ അഭിപ്രായത്തില്‍ ഇതില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇന്നസെന്‍സുണ്ടെങ്കില്‍ ലൊക്കേഷനില്‍ മാത്രമല്ല ജീവിതത്തിലെവിടെയായാലും ഒരു മുഷിച്ചിലുമറിയില്ല എന്നാണ് അദ്ദേഹം പറയുക. അമൃത ടി വി സംപ്രേഷണം ചെയ്ത ‘ഞാന്‍ ഇന്നസെന്‍റ് ‘ എന്ന പരമ്പരയിലൂടെ മലയാളത്തിന്‍റെ പ്രിയനടന്‍റെ രസകരങ്ങളായ ജീവിതാനുഭവങ്ങള്‍ ആസ്വദിക്കാം.
അമൃത ടി വിയില്‍ 2005-2006 കാലയളവില്‍ സംപ്രേഷണംചെയ്ത 'ഞാന്‍ ഇന്നസെന്‍റ് ' എന്ന പരമ്പരയുടെ ഒരു ഭാഗം. കൂടുതല്‍ എപ്പിസോഡുകള്‍ക്ക് സന്ദര്‍ശിക്കുക . FULL EPISODES
ഓരോ ക്ലാസിലും രണ്ടും മൂന്നും കൊല്ലംവീതം തോറ്റശീലമുള്ള തനിക്ക്, ഒരു പാഠത്തിന്‍റെ ഏതൊക്കെഭാഗങ്ങളിലാണ് ഇംപോസിഷന്‍ കിട്ടുന്നതെന്ന് കൃത്യമായി അറിയാമായിരുന്നുവെന്നും മദ്ധ്യവേനലവധിക്കാലത്ത് തന്‍റെ കൂട്ടുകാര്‍ കളിച്ചുരസിക്കുമ്പോള്‍ താന്‍ സ്വല്പം പുസ്തകപ്പുഴുവാകുമെന്നും ഇന്നസെന്‍റ് ഓര്‍ക്കുന്നു. നന്നായിട്ട് അധ്വാനിക്കും. ഇംപോസിഷന്‍ വരാന്‍ സാദ്ധ്യതയുള്ള പാഠഭാഗങ്ങളെല്ലാം 15, 25, 50 പ്രവശ്യമെഴുതി മുന്‍കൂട്ടി തയ്യാറാക്കിവയ്ക്കും. അദ്ധ്യാപകരുടെ സംതൃപ്തിയാണ് നമ്മുടെ സംതൃപ്തി. പിറ്റേക്കൊല്ലവും തോല്‍ക്കുമെന്നു കരുതിയാണ് താന്‍ ഇംപോസിഷനുകളെല്ലാം മുന്‍കൂട്ടി തയ്യാറാക്കിവച്ചതെന്നും എന്നാല്‍, തന്‍റെ എല്ലാം പരിശ്രമങ്ങളേയും വൃഥാവിലാക്കിക്കൊണ്ട് താന്‍ അക്കൊല്ലം ജയിച്ചെന്നും ഇന്നസെന്‍റ്.
പിന്നീട്, കൂട്ടുകാരന്‍റെ ഐഡിയ പ്രകാരം ഒരു ‘ബാര്‍ട്ടര്‍ സിസ്റ്റം’വഴി എഴുതി തയ്യാറാക്കിവച്ചിരുന്ന ഇംപോസിഷനുകള്‍ എല്ലാം മറ്റ് കുട്ടികള്‍ക്ക് വിറ്റു. ഒരു സാധനത്തിന് പകരമായി മറ്റൊരു സാധനം വാങ്ങുന്നതായിരുന്നു പണ്ടുകാലത്ത് നിലനിന്നിരുന്ന ബാര്‍ട്ടര്‍ സിസ്റ്റം. എന്നാല്‍, കുരുത്തംകെട്ടവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴപെയ്യുന്നു എന്നു പറഞ്ഞപോലായി തന്‍റെ സ്ഥിതിയെന്നും ഗവേണ്‍മെന്‍റെ തന്നെ ചതിച്ചുവെന്നും ഇന്നസെന്‍റ്.
അക്കൊല്ലം പാഠപുസ്തകം തന്നെ മാറിയത്രേ! എട്ടാം ക്ലാസിൽ വച്ച് പഠനമുപേക്ഷിച്ച് ഇന്നസെന്‍റ് അഭിനയമോഹവുമായി മദ്രാസിലേക്ക് തിരിച്ചു. സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് തുടക്കം. 1972-ൽ റിലീസായ ‘നൃത്തശാല’യാണ് ആദ്യ സിനിമ.
ഏകദേശം 750-ലധികം മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഇന്നസെന്‍റ് മലയാള സിനിമയിലെ പകരംവയ്ക്കാനാവാത്ത ഹാസ്യതാരങ്ങളിലൊരാളാണ്. ക്യാന്‍സര്‍രോഗബാധിതനായിരുന്ന അദ്ദേഹം 2023 മാർച്ച് 26ന് അന്തരിച്ചു.