ഇന്നസെന്‍റിന്‍റെ രസകരമായ ജീവിതകഥകള്‍ മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്നവയാണ്. പിന്നിട്ട വഴികളിലെ സന്തോഷവും ദുഃഖവും അമളികളുമെല്ലാം അദ്ദേഹം ആരേയും രസിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോള്‍ പരിസരം മറന്ന് ആര്‍ത്ത് ചിരിക്കാന്‍ അദ്ദേഹത്തിനുചുറ്റും ആളുകള്‍ കൂടും. ആ കഥകളുടെ ദൃശ്യഭാഷ്യമാണ് അമൃത ടി വിയില്‍ 2005-2006 കാലയളവില്‍ സംപ്രേഷണം ചെയ്ത ‘ഞാന്‍ ഇന്നസെന്‍റ് ‘ എന്ന പരമ്പര.
സിനിമയില്‍ സജീവമാകുന്നതിനുമുന്‍പ് ചലച്ചിത്രലോകത്തെ ഒരു ഭാഗ്യാന്വേഷിയായി ചെന്നൈ എന്ന അന്നത്തെ മദ്രാസില്‍ ഒരു ചെറിയ ലോഡ്ജില്‍ താമസിച്ചിരുന്ന കാലത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. പണമില്ലാത്തതിനാല്‍ മിക്കപ്പോഴും ഒരു നേരമൊക്കെയാകും ഭക്ഷണം. പ്രഭാത ഭക്ഷണം ഒഴിവാക്കാന്‍ രാവിലെ 11 മണിവരെയൊക്കെ കിടന്നുറങ്ങുന്ന ശീലവുമുണ്ടായിരുന്നു.
തന്‍റെ സുഹൃത്തായ സംവിധായകന്‍ മോഹന്‍ പല പ്രമുഖ നടന്‍മാരെയും മറ്റും ഇന്നസെന്‍റിന് പരിചയപ്പെടുത്തിക്കൊടുക്കാറുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ നടന്‍മാരായ സുകുമാരന്‍, രവി മേനോന്‍, നിലമ്പൂര്‍ ബാലന്‍ തുടങ്ങിയവരെ പരിചയപ്പെടുകയുണ്ടായി. അപ്പോള്‍ രവി മേനോന്‍ നല്‍കിയ ഉപദേശം താനിപ്പോഴും നിധിപോലെ മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന് ഇന്നസെന്‍റ് പറഞ്ഞിരുന്നു. ഒരു ഡോക്ടര്‍ പറയുന്നതിനേക്കാളും മറ്റാരു പറയുന്നതിനേക്കാളും വലിയ ഒരു കാര്യമാണ് അന്നദ്ദേഹം പറഞ്ഞുതന്നത്. അദ്ദേഹം പറഞ്ഞതിതാണ്- “ഇന്നസെന്‍റേ, കാലത്തെഴുന്നേറ്റുള്ള കുളി ആത്ര നല്ലതല്ല. കുളിച്ചു കളിഞ്ഞാലുടനെ വിശക്കും. വിശന്നു കഴിഞ്ഞാല്‍ വല്ലതും കഴിക്കേണ്ടിവരും.” “അതിനെന്താണ് ചെയ്യുക” എന്ന് ഇന്നസെന്‍റ് ആശ്ചര്യത്തോടെ ചോദിച്ചപ്പോള്‍ “അതിന് കുളിക്കരുത്. അങ്ങനേ കിടന്നാല്‍ മതി”യെന്നായിരുന്നു രവി മേനോന്‍റെ മറുപടി! അതു വളരെ സത്യമാണെന്ന് തനിക്ക് തോന്നിയെന്ന് ഇന്നസെന്‍റ്. കാലത്തെഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയാല്‍ രണ്ട് ഇഡ്ഢലിയെങ്കിലും കഴിക്കണമെന്ന് തോന്നും. അങ്ങനെ രവിമേനോന്‍ നല്‍കിയ ഉപദേശത്തെ പിന്‍പറ്റി കുറേക്കാലം താന്‍ മദ്രാസില്‍ കഴിഞ്ഞുവെന്ന് ഇന്നസെന്‍റ് ‘ഞാന്‍ ഇന്നസെന്‍റ്’ എന്ന പരമ്പരയിലൂടെ വിവരിക്കുന്നു.
അമൃത ടി വിയില്‍ 2005-2006 കാലയളവില്‍ സംപ്രേഷണംചെയ്ത 'ഞാന്‍ ഇന്നസെന്‍റ് ' എന്ന പരമ്പരയുടെ ഒരു ഭാഗം. കൂടുതല്‍ എപ്പിസോഡുകള്‍ക്ക് സന്ദര്‍ശിക്കുക . FULL EPISODES
തന്‍റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ, പ്രത്യേക തരത്തിലുള്ള ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവുംകൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പ്രതിഭാധനനായ നടനായിരുന്നു ഇന്നസെന്‍റ്. കാന്‍സര്‍ ചികിത്സയിലിരിക്കെ 2023 മാർച്ച് 26ന് അദ്ദേഹം അന്തരിച്ചു.