top of page

“തൂങ്ങിച്ചത്തവന്‍റെ കാലില്‍ തൂങ്ങിച്ചാവുക എന്നു പറയുന്നതുപോലെയായി അത്!”

‘ഒടുവിലി’ന്‍റെ ഒരിക്കലും വീട്ടാത്ത ‘കടം’കഥ

മലയാളിത്തം നിറഞ്ഞ രൂപംകൊണ്ടും അഭിനയകലയുടെ സൌകുമാര്യംകൊണ്ടും മലയാളികളുടെ മനസ്സില്‍ അമരത്വം നേടിയ നടനാണ് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍. സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങിയിരുന്ന അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും വേറിട്ട ശൈലിയിലൂടെ പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്. സത്യന്‍ അന്തിക്കാടു മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍വരെയുള്ള സംവിധാകരുടെ പ്രിയനടനെന്നതിലുപരി സംഗീതരംഗത്തും ഒടുവില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.


നടി കെ പി എ സി ലളിതയുമായുള്ള ഒരിക്കലും വീട്ടാന്‍ ഉദ്ദേശ്യമില്ലാത്ത കടത്തിന്‍റെ കഥ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. അമൃത ടി വിയുടെ ‘സമാഗമം’ എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കവേയാണ് ഒടുവിലും കെ പി എ സി ലളിതയും രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചത്.


ഒടുവില്‍ ഉണ്ണിക്കൃഷ്ണന് ആദ്യത്തെ മകള്‍ പിറന്നപ്പോള്‍ അദ്ദേഹം മദ്രാസിലായിരുന്നു. നാട്ടില്‍വന്നു കുട്ടിയെ കാണാന്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ പണമില്ലതാനും. ആകെ വിഷമിച്ച ഒടുവില്‍ കെ പി എ സി ലളിതയെ ഫോണ്‍ചെയ്ത്, താന്‍ വീട്ടിലേക്കൊന്നു വരട്ടേയെന്ന് ചോദിച്ചു. വന്നോളാന്‍ പറഞ്ഞ ലളിതയുടെ വീട്ടിലെത്തിയ അദ്ദേഹം തന്‍റെ അവസ്ഥ വിവരിച്ചു: “എന്നെ ഒന്നു സഹായിക്കണം. എന്‍റെ ഭാര്യ പ്രസവിച്ചു. എനിക്കാ കുഞ്ഞിനെ കാണാന്‍ കൊതിയാവുന്നു. ഒരു 250 രൂപ തന്നാല്‍ ഞാന്‍ പോയൊന്നു കണ്ടേച്ചുവരാം.” ഇതുകേട്ട് തനിക്ക് വളരെ വിഷമമായെന്ന് ലളിത. ഇതില്‍ മറ്റൊരു രസകരമായ കാര്യംകൂടിയുണ്ടെന്ന് ഒടുവില്‍. ലളിത മാര്‍വാഡിയുടെ കയ്യില്‍നിന്ന് പലിശയ്ക്കെടുത്തിരിക്കുന്ന പണമാണ്. അതില്‍നിന്നാണ് തനിക്ക് പണം തന്നത്. തൂങ്ങിച്ചത്തവന്‍റെ കാലില്‍ തൂങ്ങിച്ചാവുക എന്നു കേട്ടിട്ടില്ലേ? അതുപോലെയായി ഇതെന്നും ഒടുവില്‍ പറഞ്ഞു. ഒരു ആയിരം രൂപ താന്‍ ലളിതയ്ക്ക് തിരികെ കൊടുത്തിരുന്നു, എന്നാല്‍ ഈ 250 രൂപ ഒരിക്കലും തിരിച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഒടുവില്‍ കൂട്ടിച്ചേര്‍ത്തു.


പി. എൻ. മേനോൻ സംവിധാനം ചെയ്ത് 1973-ൽ റിലീസ് ചെയ്ത ‘ദർശനം’ ആയിരുന്നു ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍റെ ആദ്യ സിനിമ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘നിഴൽക്കുത്ത്’ എന്നചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002-ലെ കേരള സംസ്ഥാന സർക്കാർ അവാർഡ് അദ്ദേഹം കരസ്ഥമാക്കി. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് 2006 മേയ് 27-ന് ഒടുവില്‍ വിടവാങ്ങി.


bottom of page