top of page

“ഒ. ഉണ്ണിക്കൃഷ്ണനെന്ന് പേരെഴുതിയാല്‍ത്തന്നെ ജയിപ്പിക്കുന്ന മാഷന്മാര്‍ അക്കൊല്ലം എന്നെ തോല്‍പ്പിച്ചു!”

ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍റെ ബാല്യകാല അനുഭവം


മലയാള സിനിമയിലെ മഹാരഥന്മാരായ നടന്മാരില്‍ പ്രമുഖനാണ് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ (13 ഫെബ്രുവരി 1943 - 27 മെയ് 2006). ഭാവാഭിനയത്തിനൊപ്പം ഹാസ്യത്തിനും പ്രാധാന്യമുള്ള വേഷങ്ങളിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനസ്സില്‍ ഇടംനേടിയത്. ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍റെ സഹോദരന്മാരില്‍ അദ്ദേഹമൊഴികെ എല്ലാവര്‍ക്കും പൊലീസിലായിരുന്നു ജോലി. തന്നെയും പൊലീസില്‍ ചേര്‍ക്കുവാന്‍ അവര്‍ ഏറെ പരിശ്രമിച്ചെങ്കിലും നടന്നില്ലെന്ന് ഒടുവില്‍. അമൃത ടി വിയുടെ ‘സമാഗമം’ എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കവെയാണ് അദ്ദേഹം കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവച്ചത്. 


അക്കാലത്ത് തന്നോടൊപ്പം സംവിധായകന്‍ ഭരതനും കലാമണ്ഡലം ഹൈദരാലിയുമൊക്കെ ചേര്‍ന്നുള്ള ഒരു കലാസമിതിയുണ്ടായിരുന്നുവെന്ന് ഒടുവില്‍. അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി, പഠനത്തില്‍പ്പോലും താന്‍ ശ്രദ്ധിച്ചിരുന്നില്ല. കലാസമിതിയില്‍വച്ച് തബല, ഹാര്‍മോണിയം തുടങ്ങി ഒട്ടുമിക്കവയിലും താത്പര്യമുണ്ടായിരുന്നു, മിക്കസമയവും അവിടെത്തന്നെയായിരുന്നു, കാരണം, കലയോടുള്ള തന്‍റെ അഭിനിവേശം വീട്ടുകാര്‍ക്ക് സ്വീകാര്യമല്ലാതിരുന്നതിനാല്‍ വീട്ടില്‍ കയറ്റിയിരുന്നില്ല എന്നതുതന്നെ. 


സ്കൂളില്‍ പഠനത്തില്‍ പിന്നോക്കമായിരുന്നുവെങ്കിലും മാഷന്മാര്‍ക്ക് തന്നെ വലിയ കാര്യമായിരുന്നുവെന്ന് ഒടുവില്‍. ഒ. ഉണ്ണിക്കൃഷ്ണനെന്ന് പേരെഴുതിവച്ചാല്‍ ജയിപ്പിക്കും. അങ്ങനെയൊരു കാലമുണ്ടായിരുന്നു. അതേ മാഷന്മാരുതന്നെ ഒരു കൊല്ലം തന്നെ തോല്‍പ്പിക്കുകയുംചെയ്തു. അതിന്‍റെ കാരണം, ഒരു ആനിവേഴ്സറിക്ക് താന്‍ മുങ്ങിയതാണെന്ന് ഒടുവില്‍ ഓര്‍ക്കുന്നു. സ്കൂള്‍ ആനിവേഴ്സറിയിലെ ഒട്ടുമിക്ക പരിപാടികളിലും താന്‍ പങ്കെടുക്കേണ്ടതായിരുന്നു- നാടകം, ഗാനമേള, തബല തുടങ്ങിയവ. തബല പഠിച്ചുവരുന്ന കാലമാണ്. അത് വായിക്കാന്‍ വളരെ ആവേശമാണന്ന്. ആനിവേഴ്സറിയുടെ തലേദിവസം, ‘നിണമണിഞ്ഞ കാല്‍പ്പാടുകള്‍’ എന്ന ചിത്രത്തിലഭിനയിച്ച ശോഭന എന്ന നടിയുടെ ഒരു പരിപാടിക്ക് തബലവായിക്കാന്‍ അവസരംകിട്ടി. താനത്ര പ്രശസ്തനോ പ്രഗല്‍ഭനോ അല്ല. എന്നിട്ടും, പുറത്തുള്ള ഒരു പരിപാടിക്ക് വിളിവന്നത് തന്നെ ആവേശംകൊള്ളിച്ചു. ആനിവേഴ്സറി മറന്നിട്ട് ആ പരിപാടിയില്‍ പങ്കെടുക്കാന്‍പോയി. തിരിച്ചുവന്നപ്പോള്‍ എല്ലാവരും തന്നോട് വളരെ ഗൌരവം. മാഷന്മാരും, കുട്ടികളും, തന്‍റെ സുഹൃത്തുക്കള്‍വരെ ആകെ ഗൌരവത്തിലാണ്. തന്‍റെ മുന്നില്‍ വച്ചുതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ കീറിക്കളയുക തുടങ്ങിയ പല പ്രകോപനങ്ങളുമുണ്ടായി. താനതൊക്കെ സഹിച്ചു. അതു സഹിക്കേണ്ടവനാണ് താനെന്ന് തോന്നി. അക്കൊല്ലം ഒന്‍പതാം ക്ലാസ്സിലെ പരീക്ഷയ്ക്ക് താന്‍ പേരൊക്കെ എഴുതിവച്ചു. ഉത്തരവും എഴുതിനോക്കി. പക്ഷേ, ജയിപ്പിച്ചില്ല. ഇനി പോകണ്ട ഇവിടുന്ന് എന്നു പറഞ്ഞ് അവിടെക്കിടത്തിയെന്ന് ഒടുവില്‍.


മലയാളിത്തം നിറഞ്ഞ രൂപംകൊണ്ടും അഭിനയകലയുടെ സൌകുമാര്യംകൊണ്ടും മലയാളികളുടെ മനസ്സില്‍ അമരത്വം നേടിയ നടനാണ് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍. സീരിയസ് വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ വഴങ്ങിയിരുന്ന അദ്ദേഹം അവതരിപ്പിച്ച ഓരോ കഥാപാത്രവും വേറിട്ട ശൈലിയിലൂടെ പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയവയാണ്. സത്യന്‍ അന്തിക്കാടു മുതല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍വരെയുള്ള സംവിധാകരുടെ പ്രിയനടനെന്നതിലുപരി സംഗീതരംഗത്തും ഒടുവില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പി. എൻ. മേനോൻ സംവിധാനം ചെയ്ത് 1973-ൽ റിലീസ് ചെയ്ത ‘ദർശനം’ ആയിരുന്നു ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍റെ ആദ്യ സിനിമ. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘നിഴൽക്കുത്ത്’ എന്നചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002-ലെ കേരള സംസ്ഥാന സർക്കാർ അവാർഡ് അദ്ദേഹം കരസ്ഥമാക്കി. വൃക്ക  സംബന്ധമായ രോഗത്തെ തുടർന്ന് 2006 മേയ് 27-ന് ഒടുവില്‍ വിടവാങ്ങി.


bottom of page