സുപ്രധാന പരിപാടികള്‍ക്കിടാന്‍ ഷര്‍ട്ടില്ലാതിരുന്ന അവസരങ്ങളില്‍ പരിഹാരം കണ്ടെത്തിയ കഥ

മലയാളക്കര കണ്ട ഏറ്റവും ജനപ്രിയനായ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് ചരിത്രം രേഖപ്പെടുത്തുന്ന നിമിഷങ്ങളാണ് അദ്ദേഹത്തിന്‍റെ വിലാപയാത്ര നമുക്ക് കാണിച്ചുതന്നത്. ക്യാന്‍സര്‍ രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ജൂലായ് 18നായിരുന്നു അദ്ദേഹം അന്തരിച്ചത്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലുമുള്ളവര്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനശൈലിയേയും ഭരണകാലത്തേയും അനുസ്മരിക്കെ, അമൃത ടി വിയില്‍ വര്‍ഷങ്ങള്‍ക്കുമന്‍പു സംപ്രേഷണംചെയ്ത അദ്ദേഹത്തിന്‍റെ അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്. ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അവതാരകയായിരുന്ന രേഖ മേനോനായിരുന്നു ഉമ്മന്‍ ചാണ്ടിയെ അഭിമുഖം ചെയ്തത്.
വളരെ പ്രശസ്തമാണ് ഉമ്മന്‍ ചാണ്ടിയുടെ അലസമായ മുടിയും അശ്രദ്ധമായ വേഷധാരണവും. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് രസകരമായ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചത്. വിവാഹത്തിനുമുന്‍പ് 7 വര്‍ഷത്തോളം എം എല്‍ എ ആയിരുന്ന കാലത്ത് കേവലം രണ്ട് ജോടി ഷര്‍ട്ടും മുണ്ടും മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അക്കാലത്ത് അദ്ദേഹത്തിന്‍റെ മുറിയില്‍ ധാരാളംപേര്‍ താമസിക്കാനുണ്ടായിരുന്നു. അവരില്‍ ചിലരാകട്ടെ അദ്ദേഹത്തിന്‍റെ തേച്ചുവച്ച വസ്ത്രങ്ങള്‍ എടുത്തു ധരിക്കുകയുംചെയ്യും. എല്ലാ ദിവസവും അദ്ദേഹത്തിന്‍റെ വസ്ത്രം വാങ്ങിക്കൊണ്ടുപോയി പിറ്റേന്നു രാവിലെതന്നെ കഴുകി തേച്ച് കൊണ്ടുവരുന്ന ഒരു വ്യക്തി ഉണ്ടായിരുന്നു. ഒരു ദിവസം ബന്ധു മരിച്ചതിനാല്‍ അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. അന്നാകട്ടെ, നിയമസഭാ സമ്മേളനം നടക്കുന്ന ദിവസവുമാണ്. ഉമ്മന് ചാണ്ടിക്ക് പോയേ പറ്റൂ. അന്ന് ഉമ്മന്‍ ചാണ്ടിയുടെയൊപ്പം അദ്ദേഹത്തിന്‍റെ കസിനുമുണ്ട്. കസിന്‍റെ സുഹൃത്താണ് കെ.എം ജോര്‍ജ്ജിന്‍റെ മകന്‍. ഒടുവില്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍പോയാണ് മുണ്ടും ഷര്‍ട്ടും വാങ്ങിയിട്ടത്. ഷര്‍ട്ട് വളരെ വലുതായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി.

സാധാരണയായി സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും താന്‍ പതാകയുയര്‍ത്താന്‍ പോകാറില്ലായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. പതാകയുയര്‍ത്തലിന് വൈകിയെത്തുമോ എന്ന ഭയമായിരുന്നു കാരണം. പിന്നീട് താന്‍ ധനകാര്യമന്ത്രിയായിരിക്കെ ഒരു സ്വാതന്ത്ര്യദിനത്തില്‍ പതാകയുയര്‍ത്താന്‍ പത്തനംതിട്ടയിലേക്ക് നിയോഗിക്കപ്പെട്ടു. പുതുപ്പള്ളിയില്‍നിന്ന് ഒരു മണിക്കൂര്‍ യാത്രചെയ്ത് അവിടെയെത്തണം. പുറപ്പെടാന്‍നേരം ഷര്‍ട്ടിടാന്‍ നോക്കിയപ്പോള്‍ കണ്ടത് കരിമ്പനടിച്ച നിലയില്‍. താനത് ഇട്ടപ്പോള്‍ അടുത്തു നില്‍ക്കുന്നവരെല്ലാം അമ്പരന്നു. ആ ഷര്‍ട്ട് ഇടാന്‍ കൊള്ളില്ലെന്ന് എല്ലാവരും പറഞ്ഞു. പിന്നെ എന്തുചെയ്യുമെന്നായി ആധി, കാരണം, മറ്റൊരാളോടു ചോദിക്കാനുമൊന്നുമുള്ള സമയമില്ല എന്നതുതന്നെ. ചടങ്ങിന് വൈകിയെത്തരുതല്ലോ. അങ്ങനെ സംഭവിച്ചാല്‍ സംഗതി വഷളാകും. കാറില്‍ കേറാന്‍ പോകുന്ന നേരത്ത് ചുറ്റമുള്ളവരെ ഒന്നു നോക്കി, തനിക്ക് പാകമായ ഖദര്‍ ഷര്‍ട്ടിട്ട് നില്‍ക്കുന്ന പനച്ചിക്കാട് മണ്ഡലം പ്രസിഡന്‍റിനെ പിടിച്ചു, കാറില്‍ കയറാന്‍ പറഞ്ഞു. അദ്ദേഹം ആകെ അമ്പരന്നു. വീടികഴിഞ്ഞുള്ള റോഡിലെത്തിയപ്പോള്‍ അദ്ദേഹത്തോട് ഷര്‍ട്ടൂരാന്‍ പറഞ്ഞു. തന്‍റെ കരിമ്പനടിച്ച ഷര്‍ട്ട് മണ്ഡലം പ്രസിഡന്‍റിനു നല്‍കി, താന്‍ നല്ല ഷര്‍ട്ട് ധരിച്ചു ചടങ്ങിനെത്തി. തിരികെ വീട്ടിലെത്തിയപ്പോള്‍ തന്‍റെ കരിമ്പനടിച്ച ഷര്‍ട്ട് തിരികെവാങ്ങി അദ്ദേഹത്തിന്‍റെ ഷര്‍ട്ട് തിരിച്ചുകൊടുക്കുകയും ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി. ഇത്തരമുള്ള ആത്മബന്ധമാണ് തനിക്ക് എല്ലാ പ്രവര്‍ത്തകരുമായും ഉള്ളതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.