top of page

“മകനെ പൊലീസില്‍ വിടണം; സി ഐ പോസ്റ്റ്; വയലിന്‍ വായിക്കുന്നതായിരിക്കും പ്രധാന ജോലി!”അമൃത ടി വിയുടെ ‘പാടാം നേടാം പണം നേടാ’മെന്ന മ്യൂസിക്കല്‍ ചാറ്റ് ഷോയിലൂടെ നിരവധി പ്രഗല്‍ഭ ഗായകരാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഒരുകാലത്ത് ഗാനമേള വേദികളെ ഹരംകൊള്ളിച്ചവരായിരുന്നു അവര്‍. അതിലൊരു ഗായകനാണ് കഴിഞ്ഞ 65 വര്‍ഷമായി ഗാനമേള വേദികളിലെ സജീവ സാന്നിദ്ധ്യമായ ജൂനിയര്‍ മെഹബൂബ് എന്നറിയപ്പെടുന്ന ഗായകന്‍ മെഹബൂബ്. പ്രശസ്ത പിന്നണി ഗായകനായിരുന്ന മെഹബൂബിന്‍റെ പ്രിയ ശിഷ്യനാണ് ഫോര്‍ട് കൊച്ചി സ്വദേശിയായ ജൂനിയര്‍ മെഹബൂബ്. ആറാം വയസ്സില്‍ മെഹബൂബിന്‍റെ ഗാനമേള വേദികളില്‍ പാടിത്തുടങ്ങിയ അദ്ദേഹം, 37 വര്‍ഷമായി കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ എല്ലാ ദിവസവും ലൈവ് ഗസല്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


വര്‍ഷങ്ങള്‍ക്കുമുന്‍പ് തനിക്കു പൊലീസ് സേനയിലേക്കുവന്ന ജോലിസംബന്ധമായ അവസരത്തെക്കുറിച്ച് മെഹബൂബ് സംസാരിച്ചു. ഒരു ഗിറ്റാറിസ്റ്റിനേയും വയലിനിസ്റ്റിനേയും കൊണ്ടുവന്നാല്‍ ഗവേണ്‍മെന്‍റ് ജോലികിട്ടുമെന്നായിരുന്നു ഓഫര്‍, അതും പൊലീസില്‍. സാധാരണ പൊലീസിന്‍റെ ജോലികളൊന്നുമില്ല, മാസശമ്പളം ലഭിക്കുംതാനും. അക്കാലത്താണ് കെ എ പി ബറ്റാലിയന്‍റെ രൂപീകരണം. അതിന്‍റെ ആദ്യ കമാണ്ടന്‍റ് ആയിരുന്ന ശ്രീ. ജി കെ മേനോന്‍ വലിയ കലാസ്നേഹിയായിരുന്നു. അദ്ദേഹത്തിന്‍റെ ആഗ്രഹമായിരുന്നു നാദസ്വരം ബാച്ച്, ഗാനമേള ബാച്ച്, നാടക ബാച്ച് തുടങ്ങിയവ രൂപീകരിക്കണമെന്നത്.അന്നത്തെ പൊലീസ് ഡിപ്പാര്‍ട്മെന്‍റിന്‍റെ പ്രത്യേകതയാണതെന്നും കലാകാരന്‍മാരെ എത്രത്തോളം അവര്‍ ബഹുമാനിച്ചിരുന്നു എന്നതിന്‍റെ തെളിവാണെന്നും ‘പാടാം നേടാ’മിന്‍റെ അവതാരകനായ പ്രശസ്ത പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.


ഒരുകാലത്ത് താനും പൊലീസ് ഓര്‍ക്കെസ്ട്രയില്‍ വായിച്ചിട്ടുണ്ടെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായെത്തിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഓര്‍മ്മിച്ചു. അന്ന് ഗസ്റ്റായിട്ടായിരുന്നു താനും ജോണ്‍സണുമൊക്കെ വായിച്ചിരുന്നത്. ജി കെ മേനോന്‍റെ നിര്‍ദ്ദേശപ്രകാരം പൊലീസിലെ ബാന്‍റ് മാസ്റ്ററായിരുന്ന ആന്‍റണി മാസ്റ്ററും കുറച്ചു പൊലീസുകാരും കൂടി തന്‍റെ വീട്ടിലെത്തിയെന്നും അവര്‍ തന്‍റെ പിതാവിനോട് മകനെ പൊലീസില്‍ ചേര്‍ത്താല്‍ സി ഐ പോസ്റ്റ് നല്‍കാമെന്നും. മറ്റ് ജോലികളൊന്നും ചെയ്യേണ്ടതില്ലെന്നും അറിയിച്ചു. വയലിന്‍ വായിക്കുക എന്നതുമാത്രമാകും പ്രധാന ജോലിയെന്നും അവര്‍ പറഞ്ഞതായി ഔസേപ്പച്ചന്‍ ഓര്‍മ്മിക്കുന്നു.

തൃശൂരിലെ പ്രമുഖ സംഗീതകൂട്ടായ്മയായിരുന്ന വോയ്സ് ഓഫ് തൃശൂരിന്‍റെ വാദ്യവൃന്ദത്തിൽ വയലിനിസ്റ്റായി പ്രവർത്തിച്ചിരുന്ന ഔസേപ്പച്ചന്‍, 1985-ൽ ഭരതന്‍റെ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസം‌വിധായകനായി. 2007-ല്‍ ശ്യാമപ്രസാദ് സം‌വിധാനം ചെയ്ത ‘ഒരേ കടൽ’ എന്ന ചിത്രത്തിലെ ഈണത്തിന് ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരവും നേടി. 2011-ൽ പുറത്തിറങ്ങിയ ‘ഡാം 999’ എന്ന ഇംഗ്ലീഷ് ചിത്രത്തിന് വേണ്ടി അദ്ദേഹം ഈണം പകർന്ന മൂന്ന് ഗാനങ്ങൾ മികച്ച ഗാനത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നു.bottom of page