രസകരമായ ഗാനമേള ഓര്‍മകള്‍ പങ്കുവച്ച് മണിയന്‍പിള്ള രാജു.
തന്‍റെ കുട്ടിക്കാലത്ത് ഗാനമേളഗായകരായിരുന്നു സൂപ്പര്‍ സ്റ്റാറുകളെന്ന് പ്രശസ്ത നടന്‍ മണിയന്‍പിള്ള രാജു. പല ഗായകരുടേയും പരിപാടികള്‍ക്കായി തങ്ങള്‍ കാത്തിരിക്കുമായിരുന്നു. അമൃത ടി വിയുടെ സൂപ്പര്‍ മ്യൂസിക്കല്‍ ചാറ്റ്ഷോയായ ‘പാടാം നേടാം പണം നേടാ’മിന്‍റെ ഗംഭീരമായ ലോഞ്ച് ഇവന്‍റില്‍ മുഖ്യാതിഥിയായെത്തിയതായിരുന്നു അദ്ദേഹം. പഴയകാല ഗാനമേള വേദികളെ ത്രസിപ്പിച്ച സൂപ്പര്‍ ഗായകരെ ഒരിക്കല്‍ക്കൂടി മലയാളിപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന പരിപാടിയാണിത്.
തന്‍റെ രസകരമായ ഗാനമേള സ്മരണകള്‍ അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍: “എന്‍റെ കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് ‘തണ്ടര്‍ ബേഡ്സ്’ എന്ന ഒരു ഗാനമേള ട്രൂപ്പുണ്ടായിരുന്നു. ഇതില്‍ ഗിറ്റാര്‍ വായിക്കുന്നത് തിരുവനന്തപുരത്തെ ഏറ്റവും പ്രഗല്‍ഭനായ ഗിറ്റാര്‍ വാദകന്‍ എസ്.എ. സ്വാമിയായിരുന്നു. മുടിയൊക്കെ നീട്ടിവളര്‍ത്തിയിരിക്കും. ഓള്‍ ഇന്ത്യ റേഡിയോയിലായിരുന്നു അദ്ദേഹം.
അവരുടെ ഗാനമേള എന്നാല്‍ വളരെ വലിയ ജനക്കൂട്ടമാണന്ന്. അക്കാലത്ത് ഞാന്‍ ഗാനമേള കാണാന്‍ പോകുമ്പോള്‍ ഗഞ്ചിറയോമറ്റോ വായിക്കുന്ന കിച്ചു എന്നൊരാള്‍ ഇരിപ്പുണ്ട്. അതില്‍ എനിക്ക് ഇഷ്ടപ്പെട്ട ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചത്, ഗാനമേള അങ്ങനെ കൊഴുത്തുനില്‍ക്കുന്ന സമയത്ത്, “അടുത്ത കുറച്ചു സമയത്തേക്ക് ഇടവേള...” എന്ന അനൌണ്‍സ്മെന്‍റ് ഉണ്ടാകുമ്പോള്‍, ഈ ഗഞ്ചിറ വായിച്ചുകൊണ്ടിരിക്കുന്നയാള്‍ വേറെ സാധനമെടുത്ത്, “സോഡ-ലെമണേഡ്... സോഡ-ലെമണേഡ്” എന്നു വിളിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയില്‍ സോഡ വില്‍ക്കുന്നു! അതെനിക്ക് ഇഷ്ടപ്പെട്ടു. അതൊരു ലാഭപ്പരിപാടിയല്ലേ!”
'
~ പാടാം നേടാ'മിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം
'പാടാം നേടാം പണം നേടാം' എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിലും
രാത്രി 8.30ന് സംപ്രേഷണംചെയ്യുന്നു..
1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ ‘മോഹിനിയാട്ട’മെന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സുധീർ കുമാർ, 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’യിലെ നായക കഥാപാത്രമായി, തുടര്‍ന്ന് മലയാളികളുടെ മണിയന്‍പിള്ള രാജുവായി മാറുകയായിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം.