top of page
  • Facebook
  • Instagram
  • YouTube

“ഇളയരാജയോട് അങ്ങനെ പറയാന്‍ ധൈര്യമുള്ള സംവിധായകര്‍ തമിഴില്‍പോലും ഉണ്ടാവില്ല!”

ഡെന്നീസ് ജോസഫിനെക്കുറിച്ച് ഷിബു ചക്രവര്‍ത്തി

മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകനും തിരക്കഥാകൃത്തുമാണ് ഡെന്നീസ് ജോസഫ്. 1985ല്‍ ‘ഈറന്‍ സന്ധ്യ’ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി മലയാളത്തിലേക്ക് കടന്നുവന്ന അദ്ദേഹത്തിന്‍റെ തിരക്കഥയിലും സംവിധാനത്തിലും ഒട്ടനവധി ഹിറ്റുകള്‍ പിറന്നു. രാജാവിന്‍റെ മകന്‍, ന്യൂഡല്‍ഹി, അഥര്‍വ്വം, നമ്പര്‍ 20 മദ്രാസ് മെയില്‍, ആകാശദൂത്, എഫ് ഐ ആര്‍ തുടങ്ങി ആ പട്ടിക നീളുന്നു.


ഡെന്നീസുമായി ബന്ധപ്പെട്ട എല്ലാ സിനിമകളിലും നല്ല പാട്ടുകളുണ്ടായത് ഗാനങ്ങള്‍ രചിച്ച തന്‍റെയോ സംഗീത സംവിധായകരുടേയോ മാത്രം കഴിവല്ലെന്നും അവയോരോന്നിലും ഡെന്നീസ് ജോസഫിന്‍റെ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെന്നും പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി. തങ്ങളുടെ മുന്നിലേക്ക് അദ്ദേഹം പല പല റഫറെന്‍സുകളും ഉദാഹരണങ്ങളും വയ്ക്കും. അപ്രകാരമുള്ള ഗാനങ്ങള്‍ വേണമെന്ന് ആവശ്യപ്പെടും. ഇളയരാജയുടെ അടുത്തുപോലും ഇങ്ങനെയുള്ള പാട്ടുകളാണ് തനിക്ക് വേണ്ടത് എന്നു പറയാനുള്ള ധൈര്യം അദ്ദേഹം കാണിച്ചിരുന്നു. അങ്ങനെ പറയാന്‍ ധൈര്യമുള്ള സംവിധായകര്‍ തമിഴ് സിനിമയില്‍പ്പോലുമുണ്ടോ എന്ന് തനിക്ക് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി വി പഴയകാല ഗാനമേള ഗായകര്‍ക്കായി ഒരുക്കുന്ന സംഗീതവേദിയായ ‘പാടാം നേടാം പണംനേടാ’മെന്ന പരിപാടിയില്‍ അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചത്.

‘അഥര്‍വ്വം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോഴും ഡെന്നീസ് ജോസഫ് ഇളയരാജയോട് തന്‍റെ ആശയങ്ങള്‍ പങ്കുവച്ച് അപ്രകാരമുള്ള ഈണങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്ന് എം ജി ശ്രീകുമാര്‍ ഓര്‍മ്മിച്ചു. താനതില്‍ ഗാനങ്ങള്‍ എഴുതുന്നില്ല എന്നു തീരുമാനിച്ചു എന്നുള്ളതാണ് ആ സിനിമയെക്കുറിച്ച് ഏറ്റവും പ്രധാനപ്പെട്ടകാര്യമെന്ന് ഷിബു ചക്രവര്‍ത്തി. അല്ലെങ്കില്‍, ഓ എന്‍ വിയുടെ മനോഹരമായഗാനങ്ങള്‍ ആ ചിത്രത്തിന് ലഭിക്കുമായിരുന്നില്ല. “മൃണ്മയ മനോജ്ഞമുടൽ വീണുടയുകില്ലേ,

ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം”, എന്ന വരികള്‍ എഴുതാന്‍ ഓഎന്‍വിക്കല്ലാതെ ആര്‍ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡെന്നീസ് ജോസഫിന്‍റെ സംവിധാനത്തിൽ മമ്മൂട്ടിപ്രധാനവേഷത്തിലെത്തിയ മലയാളചലച്ചിത്രമാണ് ‘അഥർവ്വം’ (1989). ഷിബു ചക്രവർത്തിയാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവുമൊരുക്കിയത്. ചിത്രത്തില്‍ ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഇളയരാജയാണ്.


 

Amrita Television, Gandhi Nagar, Vazhuthacaud,
Thiruvananthapuram - 695014,  Tel : +91-4
71-2321500, 2328901
Fax : +91-471-2328900, Email : info@amritatv.com

© Copyright 2023 Amrita Television. All rights reserved

bottom of page