ചില ജ്യോതിഷ ചിന്തകളുമായി എം ജി ശ്രീകുമാര്‍
പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ നിരവധി അനുഗൃഹീത ഗായകരാണ് പങ്കെടുക്കാനെത്തിയത്. സംഗീതം പ്രഫഷനാക്കിയവര്‍ മുതല്‍ മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നവരും പാട്ടും വിശേഷങ്ങളുമായി പാടാം നേടാമിലെത്തി. അതില്‍, വ്യത്യസ്തമായ ഒരു പ്രവര്‍ത്തനമേഖലയില്‍ നിന്നെത്തിയ ഗായകനാണ് ജ്യോതിക്കുട്ടന്‍. കേരള പൊലീസില്‍ ജോലി നോക്കുന്ന അദ്ദേഹം, പക്ഷേ, സംഗീതത്തെ തന്‍റെ ജീവശ്വാസമായി ഇന്നും കൂടെക്കൊണ്ടുപോകുന്നു.
ജ്യോതിക്കുട്ടന്‍റെ പിതാവ് ചന്ദ്രശേഖരന്‍ ജ്യോത്സ്യര്‍ ചേര്‍ത്തലയിലെ അറിയപ്പെടുന്ന ജ്യോത്സ്യനായിരുന്നു. താന്‍ അഞ്ചു വയസ്സു മുതല്‍ ജ്യോതിഷം പഠിച്ചിരുന്നെന്നും എന്നാല്‍ സംഗീതത്തിലേക്ക് കൂടുതല്‍ ശ്രദ്ധിച്ചതിനാല്‍ ജ്യോതിഷം മുന്നോട്ടു കൊണ്ടുപോയില്ലെന്നും ജ്യോതിക്കുട്ടന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ അതിഥിയായെത്തിയ ഗായകനും സംഗീത സംവിധായകനുമായ ശരത്തിന്‍റെ ജന്മനക്ഷത്രം വച്ച് എന്തെങ്കിലും പ്രവചിക്കാന്‍ പറ്റുമോയെന്ന അവതാരകന്‍ എം. ജി ശ്രീകുമാറിന്‍റെ ചോദ്യത്തിന് അങ്ങനെ ചോദിക്കുന്നതിനും പറയുന്നതിനും ഒരു സമയമുണ്ടെന്ന് ജ്യോതിക്കുട്ടന്‍ മറുപടി നല്‍കി. ഒരു ജ്യോതിഷി രാവിലെ തന്‍റെ നിത്യ കര്‍മ്മങ്ങളെല്ലാെം ചെയ്ത്, ഇഷ്ടദേവതയെ പൂജിച്ചതിനു ശേഷം ഇരിക്കുമ്പോഴാണ് ജ്യോതിഷം നോക്കാന്‍ വരേണ്ടത് എന്നാണ് ശാസ്ത്രം. എങ്കില്‍ മാത്രമേ ആ പ്രവചനം ശരിയാവുകയുള്ളൂ. അപ്പോഴാണ് ഏഷ്യാനെറ്റില്‍ സരിഗമ എന്ന പരിപാടി അവതരിപ്പിക്കുന്ന കാലത്ത് തനിക്കുണ്ടായ ഒരനുഭവം എം ജി ശ്രീകുമാര്‍ വെളിപ്പെടുത്തിയത്.
ചാനലിന്‍റെ മേക്കപ് റൂമില്‍ താനും വളരെ പണ്ഡിതനായ ഒരു ജ്യോത്സനും മോക്കപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. അദ്ദേഹം അവിടെ ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതാണ്. മേക്കപ്പിനിടയില്‍, തന്‍റെ ഇപ്പോഴത്തെ സമയം എങ്ങനെയുണ്ടെന്ന് അദ്ദേഹത്തോട് ചോദിച്ചു. നക്ഷത്രപ്രകാരം കുറച്ചു സൂക്ഷിക്കേണ്ട സമയമാണെന്നും വീഴ്ചകളൊക്കെ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും പ്രവചിച്ച ആ ജ്യോത്സ്യന്‍ ക്ഷേത്രത്തില്‍ ചെയ്യേണ്ട ചില പ്രതിവിധികളും പറഞ്ഞുതന്നു. ഇതുകേട്ട് തനിക്ക് സമാധാനമായി. മേക്കപ്പെല്ലാം കഴിഞ്ഞ്, എഴുന്നേറ്റ ജ്യോത്സനാകട്ടെ ഇരുന്ന കസേരയുടെ മുന്നിലുണ്ടായിരുന്ന വളയത്തില്‍ കാല്‍തട്ടി മുഖമടിച്ചുവീണു. താടിയ്ക്ക് പരിക്കേറ്റു. പിന്നീട് രണ്ടര മണിക്കൂറു കഴിഞ്ഞാണ് പരിപാടി തുടങ്ങിയത്.
തനിക്ക് വീഴ്ചകളൊക്കെയുണ്ടാകുമെന്ന് അദ്ദേഹം പ്രവചിച്ചത് അദ്ദേഹത്തിനുതന്നെ കിട്ടി. അപ്പോള്‍ ജ്യോത്സ്യനും പണികിട്ടാമെന്ന് എം ജി ശ്രീകുമാര്‍. ജ്യോത്സ്യന്‍റേയും സമയം നല്ലതായിരിക്കണം കൃത്യമായി പ്രവചനങ്ങള്‍ നടത്താന്‍. ജ്യോത്സ്യന്‍റെ സമയം മോശമാണെങ്കില്‍ അദ്ദേഹം മറ്റുള്ളവരെക്കുറിച്ച് പറയുന്നത് ഏല്‍ക്കില്ലെന്നാണ് പറയപ്പെടുന്നതെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.