ഡോ. പി.കെ. വാര്യരുമൊത്തുള്ള ‘സമാഗമം’ ഒരിക്കല്‍ക്കൂടി കാണാം
പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രമായ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്. വാര്യരുടെ അനന്തരവനായിരുന്നു വൈദ്യശാലയെ ഏറെക്കാലം നയിച്ച ഡോ. പി.കെ. വാര്യർ (പന്ന്യംപിള്ളി കൃഷ്ണൻകുട്ടി വാര്യർ). അമൃത ടി വി 2006ല്‍ സംപ്രേഷണം ചെയ്ത ‘സമാഗമം’ പരിപാടിയില്‍ പി.കെ. വാര്യർ അതിഥിയായെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തിന്‍റെ മകനായ ഡോ. ബാലചന്ദ്രനോട് പി കെ വാര്യരുടെ ദിനചര്യകളെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചുമെല്ലാം അവതാരകനായ നടന്‍ സിദ്ദിഖ് ആരാഞ്ഞിരുന്നു. അദ്ദേഹം രാവിലെ പ്രാതലിന് ഇളനീരാണ് കഴിക്കുകയെന്നും കാപ്പിയോ പലഹാരങ്ങളോ കഴിക്കാറില്ലെന്നും ഡോ. ബാലചന്ദ്രന്‍ പറഞ്ഞു. ഉച്ചയ്ക്കുമാത്രമേ ഊണു കഴിക്കൂ.
നമ്മള്‍ വിശന്നിരിക്കാന്‍ പാടുണ്ടോ, അത് ശരീരത്തിന് ദോഷമല്ലേ എന്ന സംശയമാണ് സിദ്ദീഖ് മുന്നോട്ടുവച്ചത്. നമ്മുടെ ശരീരം ഭക്ഷണം ആവശ്യപ്പെടുമ്പൊഴല്ലേ നമുക്കു വിശക്കുന്നത്. അപ്പോള്‍ നമ്മള്‍ ഭക്ഷണം കഴിക്കണ്ടേ? അതിന് പി.കെ. വാര്യരുടെ മറുപടി ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഒന്നാണ്.
“ഭക്ഷണം ആവശ്യത്തിനേ കഴിക്കാന്‍ പാടുള്ളൂവെന്നാണ്”, അദ്ദേഹം പറഞ്ഞു.”ജീവിക്കാന്‍ വേണ്ടിയുള്ള ഭക്ഷണമേ ആകാവൂ. മൃഗങ്ങളെ നോക്കൂ, അവര്‍ ആവശ്യമുള്ളതല്ലേ കഴിക്കുള്ളൂ. വേണമെന്ന് തോന്നിയാല്‍ മാത്രമേ അവ കഴിക്കുള്ളൂ. നമ്മള്‍ അങ്ങനെയല്ല, നേരെ മറിച്ചാണ്. ഇന്ന് രാവിലെ വണ്ടിക്ക് പോകണമെന്ന് വച്ചാല്‍, വേണ്ടെങ്കിലും കഴിച്ചിട്ടേ പോകുള്ളൂ. രാത്രി കഴിച്ചിട്ടില്ലേ. അതു ദഹിച്ചോ ഇല്ലയോ എന്നു നോക്കിയിട്ടല്ല രാവിലെ കഴിക്കുന്നത്. ജോലിക്ക് പോകാറായാല്‍ എന്തെങ്കിലും കഴിച്ചിട്ട് പോകണമെന്നാണ് കരുതുന്നത്. ദേഹത്തിന് ആവശ്യമുണ്ടോ എന്നു നോക്കിയിട്ടല്ല നമ്മള്‍ കഴിക്കുന്നത്. അവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്. ഒരിക്കല്‍ പ്രകൃതിചികിത്സകനായ സി ആര്‍ ആര്‍ വര്‍മ്മ പറഞ്ഞു, ഇന്ന് എല്ലാ വീട്ടിലും സര്‍വ്വസാധാരണമായി ഉണ്ടാക്കുന്ന സാമ്പാറും രസവും ഒഴിവാക്കിയാല്‍ത്തന്നെ, പകുതി രോഗങ്ങളും ഇല്ലാതാകുമെന്ന്. സദ്യയ്ക്കു പോകുമ്പോള്‍ സാമ്പാറും രസവും കൂട്ടാതെ കഴിച്ചാല്‍ത്തന്നെ ഒരുപദ്രവവും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഞാനത് പരീക്ഷിച്ചുനോക്കി. കാര്യം ശരിയാണ്. വയറ്റില്‍ നീറലോ പുകച്ചിലോ ഒന്നുമുണ്ടാകില്ല അവ ഒഴിവാക്കിയാല്‍. നമ്മുടെ കാളനോ ഓലനോ എരിശ്ശേരിയോ ഒക്കെ കൂട്ടിക്കഴിച്ചാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല”, അദ്ദേഹം പറഞ്ഞു.
പ്രശസ്തനായ ആയുർവ്വേദവൈദ്യനായിരുന്ന വൈദ്യരത്നം പി.എസ്. വാര്യര്‍ക്ക് അലോപ്പതിയിലും പ്രാവീണ്യമുണ്ടായിരുന്നു. 1902-ൽ, ജന്മനാടായ കോട്ടയ്ക്കലിൽ, അദ്ദേഹം സ്ഥാപിച്ച ആയുർവ്വേദ ചികിത്സാകേന്ദ്രമാണ് കോട്ടയ്ക്കൽ ആര്യ വൈദ്യശാല. 1944 ജനുവരി 30-ന് തന്‍റെ 75-ആം വയസ്സിൽ പി.എസ്. വാര്യർ അന്തരിച്ചു. അദ്ദേഹത്തിന്‍റെ അനന്തരവനായിരുന്ന പി. മാധവ വാര്യർ എന്ന പി.എം. വാര്യരാണ് പിന്നീട് കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ചുമതല ഏറ്റെടുത്തത്. എന്നാൽ, 1953ല്‍ പി.എം.വാര്യരുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അനുജനായ പി.കെ. വാര്യർ ചുമതല ഏറ്റെടുത്തു. 1999ൽ പദ്മശ്രീയും 2010ൽ പദ്മഭൂഷനും അദ്ദേഹത്തിന് ലഭിച്ചു. 30 -മത് ധന്വന്തരി അവാർഡിനും അദ്ദേഹം അര്‍ഹനായി. 2021-ൽ നൂറാം വയസ്സിൽ പി.കെ. വാര്യർ അന്തരിച്ചു. ആധുനിക ഗവേഷണശാലകളും, മരുന്നു നിർമ്മാണ സംവിധാനങ്ങളുമുള്ള ആര്യവൈദ്യശാലയ്ക്ക് കേരളത്തിനകത്തും പുറത്തും ശാഖകളുണ്ട്.