top of page

രാത്രിയാത്രയ്ക്കിടെ വഴിതെറ്റി യക്ഷിയുടെ മുന്നില്‍പ്പെട്ട ഗായകന്‍ റഹ്മാന്‍ പത്തനാപുരം!


ഗാനമേള വേദികളിലെ മിന്നും താരമാണ് റഹ്മാന്‍ പത്തനാപുരം. പതിനെട്ടു വര്‍ഷത്തോളമായി പിന്നണി ഗായകന്‍ എം ജി ശ്രീകുമാറിനൊപ്പം വേദികള്‍ പങ്കിടുന്ന അദ്ദേഹം, പാടി പ്രേക്ഷകരെ രസിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ്. മലയാളത്തിലെ ഒട്ടുമിക്ക പിന്നണി ഗായകര്‍ക്കൊപ്പവും പാടിയിട്ടുള്ള അദ്ദേഹം 30 വര്‍ഷമായി ഗാനമേളകളില്‍ സജീവമാണ്.


പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ റഹ്മാന്‍ പങ്കെടുക്കവേ, അദ്ദേഹം വഴിതെറ്റി ഒരു യക്ഷിയുടെ അടുത്തുചെന്നു പെട്ടതായി അറിഞ്ഞവെന്ന എം ജി ശ്രീകുമാറിന്‍റെ ചോദ്യത്തോട് ആ അനുഭവം അദ്ദേഹം വിശദീകരിച്ചു. അത് മനുഷ്യ യക്ഷിയാണോ ശരിക്കുമുള്ള യക്ഷിയാണോയെന്നായിരുന്നു അതിഥിയായെത്തിയ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍റെ കമന്‍റ്.യക്ഷിയെ കണ്ടകഥ റഹ്മാന്‍ വിവരിച്ചു:

ഒരു ക്രിസ്ത്യന്‍ പള്ളിയിലെ പരിപാടി കഴിഞ്ഞ് വരുമ്പോളായിരുന്നു സംഭവം. താനും ഗിത്താറിസ്റ്റും പിന്നെ ഒരു ഗായികയും അവരുടെ അച്ഛനുമാണ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി യാത്രയ്ക്കിടയില്‍ വഴിതെറ്റിപ്പോയി. അങ്ങനെ കുറേദൂരം സഞ്ചരിച്ച് ഒരു കടപ്പുറം ഭാഗത്ത് എത്തി. വെളിച്ചമൊന്നുമില്ലാത്ത വിജനമായ ഒരു സ്ഥലമായിരുന്നു അത്. മുന്നോട്ട് റോഡും കാണാനുണ്ടായിരുന്നില്ല. വണ്ടി തിരിച്ചു നിര്‍ത്തി. അപ്പോള്‍ എതിരെനിന്നും ഒരു ചൂട്ടിന്‍റെ വെളിച്ചും വരുന്നത് കണ്ടു. ദൂരെനിന്നും ആരോ ചൂട്ടും കത്തിച്ച് നടന്നു വരുന്നതായിത്തോന്നി. അവരോട് ചോദിക്കാമെന്ന് കരുതി ഡ്രൈവര്‍ അങ്ങോട്ട് വണ്ടിവിട്ടു. താനായിരുന്നു മുന്‍ സീറ്റില്‍ ഇരുന്നിരുന്നത്. “ചേട്ടാ, സിറ്റിയിലേക്കുള്ള വഴിയെതാ?”ണെന്ന് ആ ആളോട് ചോദിച്ചതും, ഒരു വല്ലാത്ത മട്ടില്‍ ഏ… എന്ന് ആ രൂപം തലവെട്ടിച്ച് നോക്കി. ആ രൂപംകണ്ട് തങ്ങള്‍ ഞെട്ടിപ്പോയെന്ന് റഹ്മാന്‍. മലയാള ചിത്രം ‘ലിസ’യിലെന്നപോലെുള്ള ഒരു സ്ത്രീയായിരുന്നുവത്. വെള്ള വസ്ത്രം ധരിച്ചിരുന്ന അവര്‍ ചൂട്ടുപോലെ എന്തോ കത്തിച്ച് പിടിച്ചിരുന്നു. കൂടെ ഒരു പട്ടിയുമുണ്ടായിരുന്നതായി റഹ്മാന്‍ ഓര്‍ക്കുന്നു. “അണ്ണാ…. വിട്ടോ…!” എന്നു പറഞ്ഞ് വണ്ടി വേഗത്തില്‍ ഏതോ വഴിക്കൊക്കെ വിട്ട തങ്ങള്‍ പിന്നീട് ഒരു നാടക ട്രൂപ്പിന്‍റെ വണ്ടിവന്ന്, അവരുടെ കൂടെയാണ് പോയത്. അത് യക്ഷിയാണോ എന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ തനിക്ക് അങ്ങനെയാണ് തോന്നിയതെന്നും റഹ്മാന്‍ പറഞ്ഞു.


‘പാടാം നേടാ’മിന്‍റെ വേദിയിലെത്തുന്ന ഗാനമേളവേദികളിലെ പ്രമുഖരായ ഗായകര്‍, പ്രേക്ഷകര്‍ക്കായി മനോഹരഗാനങ്ങള്‍ അവതരിപ്പിക്കുന്നതൊടൊപ്പം തങ്ങളുടെ വിശേഷങ്ങളും ജീവിതാനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്. എം ജി ശ്രീകുമാറുമൊത്തുള്ള ഹൃദ്യമായ സംഭാഷണംകൂടിയാണ് ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്.


bottom of page