മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരൻ,സാഹിത്യ അക്കാദമി അവാർഡ് ജേതാവ്, ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ പി. ബാലചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഇവൻ മേഘരൂപൻ. മഹാകവി പി. കുഞ്ഞിരാമൻ നായരുടെ കവിയുടെ കാല്പാടുകൾ എന്ന ആത്മകഥയെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. പ്രകാശ് ബാരെ, പത്മപ്രിയ, ശ്വേത മേനോൻ, രമ്യ നമ്പീശൻ, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നത്. 2011-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു.
ചിത്രത്തിലെ "ആണ്ടെ ലോണ്ടെ" എന്ന സൂപ്പര്‍ഹിറ്റ്ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത നടി രമ്യ നമ്പീശനാണ്. കാവാലം നാരായണപ്പണിക്കരുടേതാണ് വരികള്‍. ആ ഗാനം രമ്യയെക്കൊണ്ട് പാടിക്കാനുണ്ടായ കാരണം പറയുകയാണ് സംഗീത സംവിധായകന്‍ ശരത്. പഴയകാല ഗാനമേള വേദികളെ ത്രസിപ്പിച്ച സൂപ്പര്‍ ഗായകരെ ഒരിക്കല്‍ക്കൂടി മലയാളിപ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുകയും അവരെ ആദരിക്കുകയും ചെയ്യുന്ന അമൃത ടി വിയുടെ ‘പാടാം നേടാം പണം നേടാം’ എന്ന പരിപാടിയില്‍ അതിഥിയായി പങ്കെടുക്കവേ അവതാരകനായ എം ജി ശ്രീകുമാറിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തന്‍റെ ‘ക്ഷണക്കത്ത്’ എന്ന സിനിമ മുതല്‍ പി. ബാലചന്ദ്രനുമായി ബന്ധമുണ്ട്. അങ്ങനെയാണ് ‘ഇവൻ മേഘരൂപൻ’ ചെയ്യുന്നത്. ഒരു പരിപാടിക്ക് ഗസ്റ്റായിട്ട് വന്നപ്പോള്‍ ഭക്ഷണംകഴിക്കുന്ന സ്ഥലത്ത് കൈകഴുകാന്‍ പോയപ്പോള്‍ രമ്യ അവിടിരുന്നു പാടുന്നു. ആ ശബ്ദം വളരെ വ്യത്യസ്തമായി തോന്നി. ഒരു വ്യത്യസ്ത ടോണ്‍. അപ്പോള്‍ താന്‍ രമ്യയോട് ചോദിച്ചു, ‘താന്‍ പാടുമോ’ എന്ന്. ‘പണ്ട് പാട്ട് പഠിച്ചിട്ടുണ്ട്. ഇപ്പോ പാടാറില്ല’ എന്ന് രമ്യ പറഞ്ഞു. പിന്നീട് റെക്കോഡിങ് നടക്കുന്നതിന്‍റെ തലേദിവസം രമ്യയെ വിളിച്ച് ‘നാളെ ഫ്രീയാണോ’ എന്നു ചോദിച്ചു. ‘എനിക്ക് ഒരു പാട്ടുപാടാന്‍ വായോ’ എന്നു പറഞ്ഞു. പിറ്റേന്ന് രമ്യ വന്നപ്പോള്‍ “നിശാ സുരഭി…” എന്ന പാട്ട് ശ്വേത മോഹന്‍ പാടിക്കൊണ്ടിരിക്കുകയാണ്. ശ്വേത വളരെ ഇമോഷണലായി കരയുകയൊക്കെചെയ്തു. ഇതു കണ്ടപ്പോള്‍ ഞാന്‍ രമ്യയോട് പറഞ്ഞു, ഇതിനപ്പുറത്തുള്ള ഒരു പാട്ടാണ് നിനക്കുള്ളത്. അപ്പോള്‍ രമ്യയ്ക്ക് ടെന്‍ഷനായി. പക്ഷേ, ആ ഗാനം രമ്യ അസാദ്ധ്യമായി പാടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ.എൻ.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കർ, പി. കുഞ്ഞിരാമൻ നായർ എന്നിവരുടെ രചനകള്‍ക്കാണ് ശരത് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ശരത് നേടി.