നട്ടെല്ലുണ്ടെങ്കിലും അത് ശരിക്ക് വര്‍ക്ക് ചെയ്യുന്നില്ലെന്ന് രഞ്ജിനി ഹരിദാസ്!
മലയാളികള്‍ക്കിന്നും താര അവതാരക എന്നാല്‍ രഞ്ജിനി ഹരിദാസാണ്. രണ്ടു പതിറ്റാണ്ടിലേറെയായി ടെലിവിഷന്‍-സ്റ്റേജ് ഷോകളുടെ അവതരണരംഗത്ത് സജീവമാണ് അവര്‍. നേരത്തേ അമൃത ടി വിയുടെ സൂപ്പര്‍ ഹിറ്റ് കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ അതിഥിയായി രഞ്ജിനി എത്തിയിരുന്നു. തന്‍റെ കരിയര്‍, ജീവിതം എന്നിവയെക്കുറിച്ചും എന്നും ഒപ്പമുള്ള വിവാദങ്ങളെപ്പറ്റിയും ‘ആനീസ് കിച്ചന്‍റെ’ അവതാരകയായ നടി ആനിയോട് രഞ്ജിനി മനസ്സു തുറന്നിരുന്നു.
ഇരുപതു വര്‍ഷത്തിലധികമായി നീണ്ടു നില്‍ക്കുന്ന ആങ്കറിങ് കരിയറില്‍ താനിപ്പൊഴും ആ 18കാരി പെണ്‍കുട്ടിയാണെന്ന് രഞ്ജിനി ഹരിദാസ്. ആങ്കറിങ് രംഗത്തെ ഒരു വെറ്ററനാണ് താനെന്നു പറയാം. എന്നാല്‍ ഇപ്പോഴത്തെ കുട്ടികളുടെ ആത്മവിശ്വാസവും കഴിവുമെല്ലാം കാണുമ്പോള്‍ അദ്ഭുതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മനസ്സില്‍ താനിപ്പൊഴും പഴയ പതിനെട്ടുകാരിയാണെങ്കിലും ശാരീരികമായി തനിക്കേറെ ബുദ്ധിമുട്ടുകളുണ്ടെന്നും രഞ്ജിനി. “ശരീരവേദനയുണ്ട്. ആറ് ഡിസ്ക്കാണ് തെറ്റിയത്, 6 പ്രൊലാപ്സ്ഡ് ഡിസ്ക്സ്. സെര്‍വിക്കല്‍ ആന്‍റ് ലംബാര്‍.” തന്നെക്കണ്ടാല്‍ ഇതു തോന്നുമോ എന്ന് രഞ്ജിനി.
എന്താണ് പറ്റിയതെന്ന ആനിയുടെ അദ്ഭുതത്തോടെയുള്ള ചോദ്യത്തിന് രഞ്ജിനിയുടെ മറുപടിയിങ്ങനെ:
“2008ല്‍ എനിക്കൊരു കാറപകടമുണ്ടായി. ഹെഡ് കംപ്രസ്ഡ് ആയി. ജന്മനാ ഒരു നെര്‍വ് സ്റ്റക്കാണ്. അങ്ങനെ രണ്ടാഴ്ചയോളം ഞാന്‍ കിടപ്പിലായിരുന്നു. അതൊരു വലിയ കഥയാണ്.” നട്ടെല്ലുണ്ടെങ്കിലും അത് ശരിക്ക് വര്‍ക്ക് ചെയ്യുന്നില്ലെന്ന് രഞ്ജിനി. പൊതുവായി നെര്‍വ്-സ്പൈന്‍ സംബന്ധമായ പ്രശ്നങ്ങളുണ്ട്. കണങ്കാല്, മുട്ട്, ജോയിന്‍റ്സ് എന്നിവയ്ക്ക് പ്രശ്നങ്ങളുണ്ട്. ഒപ്പം ആര്‍ത്രൈറ്റിസ് പേഷ്യന്‍റുമാണ്. താന്‍ ആയുര്‍വേദത്തിന്‍റെ ഫാനാണ്. രോഗം മൂര്‍ച്ഛിച്ചിരുന്ന സമയം രാവിലെ 6 മണിക്ക് ആയുര്‍വേദ ചികിത്സയ്ക്ക് പോയതിനുശേഷമാണ് താന്‍ ഷൂട്ടിന് പോയിരുന്നത്. അങ്ങനെ ചെയ്താല്‍ ആയുര്‍വേദ ചികിത്സ ഏല്‍ക്കില്ല എന്നു പറയാറുണ്ട്. പക്ഷേ, തനിക്ക് വേറെ വഴിയില്ലായിരുന്നുവെന്ന് രഞ്ജിനി പറയുന്നു. ആ സമയത്ത് തനിക്ക് ഇംഗ്ലീഷ് മരുന്നോ സര്‍ജറിയോ ചെയ്യാന്‍ താത്പര്യമില്ലായിരുന്നു. അതൊരു നല്ല തീരുമാനമായിരുന്നു. 21 ദിവസത്തോളം ചികിത്സ നടന്നാല്‍ അത്ര ദിവസംതന്നെ വിശ്രമം ആവശ്യമായിരുന്നു. അക്കാലത്ത് താന്‍ വളരെ മെലിഞ്ഞുപോയെന്നും രഞ്ജിനി ഓര്‍ക്കുന്നു.
‘ഫെമിന മിസ് കേരള - 2000’ മത്സര വിജയിയായിരുന്നു രഞ്ജിനി. 2011ല്‍ പുറത്തിറങ്ങിയ ‘ചൈനാടൗൺ’ എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തോടെയാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വന്നത്. 2013 ൽ പുറത്തിറങ്ങിയ ‘എൻട്രി’ എന്ന സിനിമയിൽ ‘ശ്രേയ’ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവര്‍ നായികയായി അരങ്ങേറി.