ലഫ്റ്റണന്‍റ് കേണല്‍ ഋഷി രാജലക്ഷ്മിയെക്കുറിച്ചറിയാം…
സമാനതകളില്ലാത്ത ജീവിതപോരാട്ടത്തിന്‍റെ കഥയാണ് ലഫ്റ്റണന്‍റ് കേണല്‍ ഋഷി രാജലക്ഷ്മിയുടേത്. ഇന്ത്യയ്ക്ക് ഏറെ അഭിമാനമേകിയ ധീരസൈനികനായ ഈ ആലപ്പുഴക്കാരന്‍റെ ജീവിതകഥ ഏതൊരു ഇന്ത്യാക്കാരനേയും ആവേശംകൊള്ളിക്കുമെന്നതില്‍ സംശയമില്ല. കാശ്മീര്‍ തീവ്രവാദികളുടെ പേടിസ്വപ്നവും ദേശസ്നേഹികളുടെ അഭിമാനവുമായ രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ പദവി അലങ്കരിച്ച അദ്ദേഹം കെ എസ് ഇ ബിയിലെ അസി. എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ചാണ് സൈനികസേവനത്തിനിറങ്ങിയത്. എന്നെക്കടന്ന് ഒരു ബുള്ളറ്റും നിങ്ങള്‍ക്കുനേരെ എത്തില്ല എന്ന ഉറച്ചവാക്കിന്‍റെ ശക്തിയും ഊര്‍ജ്ജവുമായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് എന്നും ഋഷി നല്‍കിയിരുന്നത്.
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ ഒരു കെട്ടിടത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഋഷിക്ക് ഗുതരമായി പരിക്കേല്‍ക്കുന്നത്. മുഖത്തിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നിരവധി ശസ്ത്രക്രിയകളുടേയും വിദഗ്ധ ചികിത്സയുടേയും ഫലമായാണ് ജീവിത്തിലേക്ക് തിരികെവന്നത്. പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ വിശിഷ്ടാതിഥിയായി എത്തിയ ലഫ്റ്റണന്‍റ് കേണല്‍ ഋഷി രാജലക്ഷ്മി ദേശംകാക്കുന്ന ധീരസൈനികരുടെ ജീവിതത്തെപ്പറ്റി സംസാരിച്ചു.
സ്വന്തം പേരിന്‍റെ കൂടെ അമ്മമാരുടെ പേരു ചേര്‍ക്കുന്നത് നാം അധികം കേട്ടിട്ടില്ല. ഋഷി നായര്‍ എന്ന പേരിനു പകരം എന്തുകൊണ്ടാണ് അമ്മയുടെ പേരായ രാജലക്ഷ്മിയെന്ന് കൂട്ടിച്ചേര്‍ത്തതെന്നായിരുന്നു അവതാരകനായ എം ജി ശ്രീകുമാറിന്‍റെ ചോദ്യം. ജാതിപ്പേര് തനിക്ക് ആവശ്യമില്ലെന്നും. ഒരാളുടെ കര്‍മ്മംകൊണ്ടാണ് ജാതിയേതെന്ന് തീരുമാനിക്കേണ്ടതെന്നും ഋഷി. അമ്മയെന്നത് തനിക്ക് ഒരു യൂഫോറിക് ഇമോഷനാണെന്നുംഅദ്ദേഹം പറഞ്ഞു. അമ്മയുള്ള കാലത്ത് മരിക്കാന്‍ പേടിയാണെനിക്ക്. അമ്മയില്ലാത്തകാലത്ത് ജീവിക്കാനും… അത് സത്യമാണെന്ന് ഋഷി. ലിംഗസമത്വത്തിന്‍റെ കാലമാണിത്. സ്വന്തം അമ്മയെ അല്ലെങ്കില്‍ സ്ത്രീത്വത്തെ സ്വന്തം വ്യക്തിത്വമായും സ്വന്തം അസ്തിത്വത്തിന്‍റെ കാരണമായും സ്വീകരിക്കാന്‍ മടിയുള്ളവര്‍ക്ക് ഒരു സന്ദേശമായി തന്‍റെ പേര് കിടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേണുപ്രസാദിന്‍റെയും രാജലക്ഷ്മിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ മുതുകുളത്തു ജനിച്ച ഋഷിയെ ‘ഖാന്‍ സാഹിബ്’ എന്നാണ് ത്രാലിലെ നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്നത്.