സദ്യവട്ടത്തിന്‍റെ ശാസ്ത്രീയത വിശദീകരിച്ച് പ്രിയനടന്‍ എം എസ് തൃപ്പൂണിത്തുറ

മലയാള ചലച്ചിത്ര അഭിനേതാവ്, ഗണിതാധ്യാപകൻ, സംഗീതജ്ഞന്‍, ജ്യോതിഷപണ്ഡിതൻ, പാചക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനായിരുന്നു എം.എസ്.തൃപ്പൂണിത്തുറ എന്ന മഠത്തിപ്പറമ്പിൽ ശേഷന്‍ വെങ്കിട്ടരാമന്‍ (1941- 2006). അദ്ദേഹത്തിന്‍റെ ശബ്ദവും സംഭാഷണ രീതിയുമെല്ലാം മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. 1963ല്‍ പുറത്തിറങ്ങിയ ‘കടലമ്മ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റംകുറിച്ച അദ്ദേഹം തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2006 മാർച്ച് 8ന് ട്രെയിൻ യാത്രക്കിടയിലുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.
സമാഗമ’ത്തിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം
വര്‍ഷങ്ങള്‍ക്കുമുന്‍പ്, അമൃത ടി വിയുടെ ഓണം സ്പെഷ്യല്‍ ‘രുചിഭേദങ്ങളുടെ സമാഗമ’ത്തില്‍ എം എസ് തൃപ്പൂണിത്തുറ അതിഥിയായി എത്തിയിരുന്നു. നടനെന്നതിലുപരി പ്രമുഖനായ പാചക വിദഗ്ധന്‍ എന്ന നിലയിലാണ് അദ്ദേഹം സമാഗമത്തിലെത്തിയത്. മലയാളത്തിലെ സദ്യക്കൂട്ടുകളുടെ രുചിപ്പെരുമയേയും വൈവിദ്ധ്യത്തേയും കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി.

കേരളീയരുടെ സദ്യയെന്നത് വിളമ്പുന്നതു മുതല്‍ ഓരോ വിഭവവും കഴിക്കുന്ന രീതിവരെ വളരെ ശാസ്തീയമാണെന്ന് അദ്ദേഹം പറഞ്ഞു. സദ്യ വിളമ്പുന്ന ഇലയില്‍ത്തന്നെ അതു കാണാം. പാളയംകോടന്‍ വാഴയുടെ നടുഭാഗം ചുവന്ന ഇലയാണ് സദ്യ വിളമ്പാനെടുക്കുന്നത്. ഈ ഇലയാണ് ദഹനത്തിന് ഉത്തമം. അതുകൊണ്ടാണ് ചൂട് സദ്യ ഈ ഇലയില്‍ വിളമ്പുന്നത്. ഇപ്പോള്‍ ലാഭം നോക്കി ആളുകള്‍ പ്ലാസ്റ്റിക് വാഴയില വാങ്ങുന്നു. സദ്യയ്ക്ക് ഇലയുടെ വീതി കൂടിയഭാഗം വലത്തോട്ടാണ് ഇടുന്നത്. ഇതിനു കാരണം, അത്യാവശ്യത്തിന് എടുക്കുന്ന വിഭവങ്ങള്‍ മാത്രമാണ് വാഴയുടെ വീതികുറഞ്ഞ ഇടതുഭാഗത്ത് (തലഭാഗം) വിളമ്പുന്നത്- ഉപ്പ്, പഴം, ഉപ്പേരി മുതലായവ. അത് വല്ലപ്പോഴുമൊന്നു കടിക്കാനുള്ളതാണ്. പ്രധാന വിഭവങ്ങളായ അവിയല്‍, കൂട്ടുകറി, തോരന്‍, പച്ചടി തുടങ്ങിയവ വലുതു ഭാഗത്താണ്. അവ കൂടുതല്‍ വിളമ്പാനും എളുപ്പത്തിന് എടുക്കാനുമാണ് വലതുവശത്ത് വിളമ്പുന്നത്, അദ്ദേഹം വിശദീകരിച്ചു.
കവിയും അദ്ധ്യാപകനും പാചക കലയെ അടുത്തറിയുന്നയാളുമായിരുന്ന ഡി വിനയചന്ദ്രന്‍, കണ്ണൂരില്‍ നിന്നെത്തിയ പാചകവിദഗ്ധന്‍ കൃഷ്ണന്‍ നമ്പൂതിരി, കോഴിക്കോടുനിന്നും നോണ്‍വെജ് പാചക വിദഗ്ധന്‍ ഗഫൂര്‍, കുറ്റ്യാടിയില്‍ നിന്നും സുന്ദരേശന്‍ നമ്പീശന്‍, ഷെഫ് സോണി, പാചകക്കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ഹേന ജേക്കബ്ബ് എന്നിവരും ‘രുചിഭേദങ്ങളുടെ സമാഗമ’ത്തില്‍ പങ്കെടുത്തിരുന്നു.