top of page

സംഗീത സംവിധായകന്‍ ബാബുരാജിനെ കാണാനില്ല!

ബസ്സപകടത്തിനിടയില്‍ ടെന്‍ഷനടിപ്പിച്ചതും ഒപ്പം ചിരിപ്പിച്ചതുമായ അനുഭവം പങ്കുവച്ച് ഗായകന്‍ സലാം

അമൃത ടി വിയുടെ ‘പാടാം നേടാം പണം നേടാ’മെന്ന മ്യൂസിക്കല്‍ ചാറ്റ് ഷോയിലൂടെ നിരവധി പ്രഗല്‍ഭ ഗായകരാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഒരുകാലത്ത് ഗാനമേള വേദികളെ ഹരംകൊള്ളിച്ചവരായിരുന്നു അവര്‍. അതിലൊരു ഗായകനാണ് കോഴിക്കോട്ടുകാരനായ സലാം. ഗാനമേളകളുടെ തുടക്കംമുതലേ പല വേദികളിലായി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സംഗീത സംവിധായകരായ ദേവരാജന്‍ മാഷ്, എം എസ് ബാബുരാജ്, ഗസല്‍ ഗായകന്‍ ഉമ്പായി എന്നിവരോടൊപ്പം അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്‍റെ പന്ത്രണ്ടാമത്തെ വയസ്സില്‍ ഗാനമേള രംഗത്തെത്തിയ സലാം പഴയകാലത്തെ പ്രമുഖ ഓര്‍ക്കെസ്ട്രയായ ഹട്ടന്‍സ് ഓര്‍ക്കെസ്ട്രയില്‍ അംഗമായി. പാടാം നേടാമിന്‍റെ അവതാകനായ പ്രശസ്ത പിന്നണി ഗായകന്‍ എം ജി ശ്രീകുമാറുും അതിഥിയായെത്തിയ ഗായിക മിന്‍മിനിയുമായി രസകരമായ പല ഓര്‍മ്മകളും അദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി. അതിലൊന്നായിരുന്നു ബാബുരാജ് ഉള്‍പ്പെടെയുള്ള തങ്ങളുടെ ഗാനമേള സംഘം സഞ്ചരിച്ച ബസ്സ് അപകടത്തില്‍പ്പെട്ടത്.


~ പാടാം നേടാ'മിന്‍റെ കൂടുതല്‍ എപ്പിസോഡുകള്‍ കാണാം

‘നെല്ല്’ സിനിമ നിര്‍മ്മിച്ച എന്‍ പി അലിയുടെ വീട്ടില്‍ കല്യാണാഘോഷത്തിന്‍റെ ഭാഗമായി ഗാനമേള അവതരിപ്പിക്കാനാണ് സംഘം ഒരു ബസ്സില്‍ യാത്രതിരിച്ചത്.. മച്ചാട്ട് വാസന്തി ഉള്‍പ്പെടെയുണ്ട് സംഘത്തില്‍. തവന്നൂരെത്തിയപ്പോള്‍ ചാറ്റല്‍ മഴയത്ത് ബസ് തെന്നി ഒരു വയലിലേക്ക് മറിഞ്ഞു. ചെറിയ ചെറിയ കാബിനുകള്‍ കെട്ടിവച്ചിരുന്നതൊക്കെ വെള്ളത്തിലേക്ക് തെറിച്ചുപോയി. ആളുകള്‍ പെട്ടെന്ന് ഓടിക്കൂടി യാത്രക്കാരെ രക്ഷിച്ചു. അപ്പോളാണ് ബാബുക്കയെ (എം എസ് ബാബുരാജ്) കാണാനില്ലെന്ന് മനസ്സിലായത്. എല്ലാവരും വളരെ ആശങ്കയിലായി. അദ്ദേഹത്തെ കാണാനില്ലയെന്നത് വലിയ പ്രശ്നമാണല്ലോ. ആ സമയം കുറച്ചു സ്ത്രീകള്‍ പുല്ലുചെത്തി തലയിലേറ്റി വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ ബഹളംകണ്ട് അവര്‍ എന്താണ് കാര്യമെന്ന് ചോദിച്ചു. ഒരാളെ കാണാനില്ല. സംഗീത സംവിധായകന്‍ ബാബുരാജെന്ന ആളാണ്. അദ്ദേഹത്തെ തിരയുകയാണെന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീ പറഞ്ഞു. ഒരാളവിടെ കുറേ ദൂരെ നിന്ന് തുണിയലക്കുന്നുണ്ടെന്ന്. കാര്യമെന്തെന്നുവച്ചാല്‍, ബസ് മറിഞ്ഞയുടനേ, ബാബുക്ക ഓടിപ്പോയി തന്‍റെ വസ്ത്രങ്ങളലക്കാന്‍ തുടങ്ങി. എന്‍ പി അലിയുടെ വീട്ടില്‍ കല്യാണത്തിന്പോയി പാടേണ്ടതല്ലേ. അലക്കിയ വസ്ത്രങ്ങള്‍ ഉണങ്ങാനിട്ട് ഒരു ബനിയനുമൊക്കെയിട്ട് ബാബുക്ക നില്‍ക്കുകയാണ്. ഞങ്ങള്‍ക്കത് വലിയ ഷോക്കിംഗായ അനുഭവമായിരുന്നു ഇത്രയും പ്രശസ്തനായ ബാബുക്കയെ കാണാനില്ലെങ്കില്‍ എന്താകുമായിരുന്നു.?


പ്രശസ്ത സാഹിത്യകാരനായിരുന്ന യു എ ഖാദറിന്‍റെ മകളുടെ ഭര്‍ത്താവാണ് സലാം. ഒരു കലാകാരനുമാത്രമേ തന്‍റെ മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കുകയുള്ളൂ എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ ബാബുരാജാണ് സലാമിനെക്കുറിച്ച് യു എ ഖാദറിനോട് പറയുന്നത്.






bottom of page