കിടിലന്‍ താരതമ്യവുമായി സലിംകുമാര്‍!
തന്‍റെ സ്വതസിദ്ധമായ ഹാസ്യാവതരണശൈലിയിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലിടംനേടിയ താരമാണ് സലിംകുമാര്‍. മിമിക്രിയിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്കെത്തിയത്. വലുതും ചെറുതുമായി അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളില്‍ മിക്കവയും ഇന്നും മലയാളികള്‍ സുപരിചിതമാണ്. മലയാളം ട്രോളുകള്‍ക്ക് ജീവന്‍ നല്‍കുന്നവയില്‍ പ്രധാന സാന്നിദ്ധ്യമാണ് അദ്ദേഹത്തിന്‍റെ ഹാസ്യകഥാപാത്രങ്ങള്‍. എന്നാല്‍, ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി മികച്ച ഭാവാഭിനയംകൊണ്ട് അദ്ദേഹം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ‘ആദാമിന്‍റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം അദ്ദേഹം സ്വന്തമാക്കി.
തന്‍റെ കഥാപാത്രങ്ങള്‍ മിക്കവയും മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിയാനുള്ള കാരണമെന്താകാമെന്ന ചോദ്യത്തിന് ഒരിക്കല്‍ സലിംകുമാര്‍ രസകരമായി മറുപടി പറയുകയുണ്ടായി. അമൃത ടി വിയും രമേഷ് പിഷാരടി എന്‍റര്‍ടെയിന്‍മെന്‍റ്സും ചേര്‍ന്ന് അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ സ്റ്റാന്‍റ് അപ് കോമഡി ഷോ ആയ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ല്‍ അതിഥിയായി പങ്കെടുക്കവേയാണ് അദ്ദേഹം തന്‍റെ അഭിനയത്തെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളൊക്കെ ഇത്ര ഹിറ്റാകുന്നതിന്‍റെ രഹസ്യമെന്താണെന്നായിരുന്നു അവതാരക ഡയാന അദ്ദേഹത്തോട് ചോദിച്ചത്. അതിന് ഒരു കിടിലന്‍ താരതമ്യമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
“എല്ലാവരും അങ്ങനെ പറയാറുണ്ട്. ഭയങ്കര സംഭവമാണ്, കൈയില്‍നിന്നിട്ടു, കാലില്‍നിന്നിട്ടു, മൂക്കില്‍നിന്നിട്ടു എന്നൊക്കെ. ഇത് എല്ലാ തൊഴിലിലേര്‍പ്പെടുന്ന ആളുകളും ചെയ്യുന്ന സംഭവംതന്നെയാണ്. ഏറ്റവും ചെറിയ ഉദാഹരണം പറയുകയാണെങ്കില്‍, ഒരു തെങ്ങുകയറ്റക്കാരനെ നമ്മള്‍ വിളിക്കുന്നു. തേങ്ങയിടാനാണ് വിളിക്കുന്നത്. പക്ഷെ, ഇയാള്‍ തെങ്ങില്‍ കയറിയിട്ട് തേങ്ങ മാത്രമല്ല ഇടുന്നത്. കൊഞ്ഞാട്ടയും കൊതുമ്പും ഓലമടലൊക്കെ വെട്ടിയിടും. ചിലപ്പോള്‍ ഒരു തത്തക്കുഞ്ഞിനെ എടുത്തുകൊണ്ടുവരും. അപ്പോള്‍ നമ്മള്‍ ഏല്‍പ്പിച്ചത് തേങ്ങയിടാനാ ണ്. പക്ഷേ, പുള്ളി കൈയില്‍നിന്നിടുന്നതാണ് ബാക്കിയൊക്കെ. ഏറ്റവും നല്ല ഉദാഹരണമതാണ്”, അദ്ദേഹം പറഞ്ഞു.
നിറഞ്ഞകൈയ്യടിയോടെയാണ് അദ്ദേഹത്തിന്‍റെ മറുപടിയെ ഏവരും സ്വീകരിച്ചത്. ‘ആദാമിന്‍റെ മകൻ അബു’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയപുരസ്കാരത്തോടൊപ്പം 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലെ നായക കഥാപാത്രമായുള്ള അഭിനയത്തിന് കേരള സർക്കാരിന്‍റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരവും സലിംകുമാറിനു ലഭിച്ചു.