top of page

‘കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ താന്‍ കാണാന്‍ പോകാത്തതിന്‍റെ കാരണം…’

സലിംകുമാര്‍ പറയുന്നു

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അനശ്വര നടനാണ് കൊച്ചിന്‍ ഹനീഫ. കാലയവനികയ്ക്കുള്ളിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിനു പകരംവയ്ക്കാന്‍ മലയാളത്തില്‍ ഒരു നടനുമുണ്ടായിട്ടില്ലെന്നതാണ് സത്യം. കൊച്ചിന്‍ ഹനീഫയോട് സഹോദരതുല്യമായ സ്നേഹബന്ധം പുലര്‍ത്തിയിരുന്ന നടനാണ് സലിംകുമാര്‍. ഹനീഫയുമായുള്ള തന്‍റെ ഗാഢബന്ധത്തെപ്പറ്റി സലിംകുമാര്‍ സംസാരിക്കുകയുണ്ടായി. അമൃത ടി വിയും രമേഷ് പിഷാരടി എന്‍റര്‍ടെയിന്‍മെന്‍റ്സും ചേര്‍ന്ന് അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യത്തെ സ്റ്റാന്‍റ് അപ് കോമഡി ഷോ ആയ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ല്‍ അതിഥിയായി പങ്കെടുക്കവേയാണ് അദ്ദേഹം കൊച്ചിന്‍ ഹനീഫയുമായുണ്ടായിരുന്ന ബന്ധത്തിന്‍റെ ആഴം വിവരിച്ചത്.


ഹനീഫയെപ്പോലെ ഇത്രയ്ക്കു നല്ല ഒരു മനുഷ്യനെ തന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് സലിംകുമാര്‍. ഒരു തങ്കപ്പെട്ട മനുഷ്യന്‍ എന്നൊക്കെ പറയാമെങ്കില്‍ അത് കൊച്ചിന്‍ ഹനീഫയാണ്. അദ്ദേഹം മരിച്ചുപോയതുകൊണ്ടല്ല താനിതു പറയുന്നതെന്നും സലിംകുമാര്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍:



“‘സി ഐ ഡി മൂസ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്ന സമയം. കലൂര്‍ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍. കോമഡി സീനാണ് എടുക്കുന്നത്. ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ദിലീപ് പിന്നെ ഞാനുമുണ്ട്. ജോണി ആന്‍റണിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. അവര്‍ പൊങ്ങിവരുന്നു. ഞാന്‍ ചുറ്റികയ്ക്ക് അടിക്കുന്നു. താഴേക്കുപോകുന്നു. ‘കാടിറങ്ങി ഓടി വരുമൊരു…’ എന്ന പാട്ടിന്‍റെ ഇടയ്ക്കുള്ള ആ സീന്‍ ഷൂട്ട് ചെയ്യുകയാണ്. അപ്പോള്‍ ഹനീഫിക്ക പറഞ്ഞു, ‘എടാ, ഞനിപ്പോള്‍ ഒരു മോശം അവസ്ഥയിലാണ്, കുറച്ച് ദുഃഖകരമായ അവസ്ഥയിലാണ്’. എന്താണെന്ന് ചോദിച്ചപ്പോള്‍ അതു പിന്നീട് പറയാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ആ സീന്‍ എടുത്തുകഴിഞ്ഞതിനുശേഷമാണ് അദ്ദേഹം തന്‍റെ ഉമ്മ മരിച്ചതായി വെളിപ്പെടുത്തിയത്. അത് അദ്ദേഹം ആരെയും അറിയിക്കാതിരിക്കുകയായിരുന്നു. കാരണം ഇതൊരു കോമഡി സീനല്ലേ. മറ്റുള്ളവരെ വിഷമിപ്പിക്കേണ്ട എന്ന കരുതി”, സലിംകുമാര്‍ പറഞ്ഞു.


“അദ്ദേഹത്തിന്‍റെ ഉമ്മയുടെ മയ്യത്ത് മുന്നില്‍നിന്ന് ചുമന്നത് ഞാനും ഹനീഫിക്കയുംചേര്‍ന്നാണ്. ‘ലാ ഇലാഹാ ഇല്ലള്ളാ…’ എന്ന് ഞാനാണ് വിളിച്ചു പറഞ്ഞത്. പിന്നീട് സംസ്കാരച്ചടങ്ങുകള്‍ പുരോഗമിക്കേ നിസ്ക്കാരം നടക്കുന്ന സമയത്ത് പള്ളിയിലേക്ക് പ്രവേശിച്ച എന്നെ ഹനീഫിക്ക ‘കേറല്ലേ, പൊക്കോ… പൊക്കോ…’ എന്ന് ആംഗ്യത്തിലൂടെ പറഞ്ഞു അകറ്റിയത് ഓര്‍ക്കുമ്പോള്‍ തമാശയാണ്. ‘എന്താ പറ്റിയേ’ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ചിരിച്ചു. ഞാന്‍ കേറിച്ചെല്ലുന്നത് കണ്ട് അദ്ദേഹം ചിരിച്ചു, കാരണം ഹിന്ദുക്കള്‍ പള്ളിയില്‍ കയറാന്‍ പാടില്ലല്ലോ.”


കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ താന്‍ കാണാന്‍ പോയില്ലെന്നും ടി വി പോലും വച്ചില്ലെന്നും സലിംകുമാര്‍. അദ്ദേഹം മരിച്ചു കിടക്കുന്നത് കാണാന്‍ തനിക്ക് പറ്റില്ലായിരുന്നു. ഹനീഫ തന്‍റെ ഉള്ളില്‍ മരിച്ചിട്ടില്ലെന്നും അതുകൊണ്ട് അദ്ദേഹത്തിന്‍റെ എന്തു കോമഡി കണ്ടാലും തനിക്ക് ചിരി വരുമെന്നും സലിംകുമാര്‍ പറഞ്ഞു. ഒരുപക്ഷേ, അദ്ദേഹം മരിച്ചുകിടക്കുന്നത് കണ്ടിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ കോമഡികാണുമ്പോഴും ആ രൂപമായിരിക്കും തെളിഞ്ഞുവരിക. ഇന്നും ഒരിക്കലും മരിക്കാത്ത ഒരാളായി ഹനീഫ തന്‍റെയുള്ളില്‍ ഉണ്ടെന്നും സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.


നടനും, സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്ന കൊച്ചിന്‍ ഹനീഫ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി 300ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1970കളില്‍ വില്ലൻ വേഷങ്ങളിലൂടെ തന്‍റെ സിനിമാജീവിതം തുടങ്ങിയ ഹനീഫ, പിന്നീട് ഹാസ്യ വേഷങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സിലിടംനേടിയത്. കരള്‍രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2010 ഫെബ്രുവരി 2-ന്‌ തന്‍റെ 58ആം വയസ്സില്‍ അന്തരിച്ചു.


bottom of page