top of page

ജനപ്രിയതാരമാണെങ്കിലും മാമുക്കോയ ചിലപ്പോള്‍ മറ്റുള്ളവരോട് വളരെ പരുക്കനായാണ് പെരുമാറുകയെന്ന്

താഹ മാടായി; അതിന് മാമുക്കോയ പറഞ്ഞ മറുപടി


കോഴിക്കോട്ടെ അറിയപ്പെടുന്ന തടിയളവുകാരനില്‍നിന്നും മലയാളികളുടെ പ്രിയപ്പെട്ട നടനെന്ന മാമുക്കോയയുടെ ജീവിതപ്പകര്‍ന്നാട്ടത്തിനെ വാക്കുകളിലൂടെ സഹൃദയരിലേക്ക് എത്തിച്ച എഴുത്തുകാരനാണ് താഹ മാടായി. അദ്ദേഹം രചിച്ച മാമുക്കോയയുടെ ജീവിതകഥ ‘മാമുക്കോയ’ ആ വലിയ കലാകാരനേയും മനുഷ്യനേയും ആഴത്തില്‍ മനസ്സിലാക്കാന്‍ മലയാളികളെ സഹായിച്ചു. അമൂല്യമായ ഓർമകളുടെ കലവറയായ ഈ പുസ്തകം, കോഴിക്കോടിന്‍റെ ഒരു കാലഘട്ടത്തിന്‍റെ തന്നെ നേര്‍ച്ചിത്രമാണ്.



സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിതം നയിക്കുമ്പോളും ജനപ്രിയതാരമാണെങ്കിലും മാമുക്കോയ ചിലപ്പോള്‍ മറ്റുള്ളവരോട് വളരെ പരുക്കനായാണ് പെരുമാറുകയെന്ന് താഹ മാടായി പറയുന്നു. യാത്രയ്ക്കിടയിലും മറ്റും തന്നെ കാണുമ്പോള്‍ അടുത്തേക്കുവരുന്ന ആരാധകരോട് പലപ്പോഴും വളരെ പരുക്കനായാണ് അദ്ദേഹം പെരുമാറുക. പ്രശസ്ത നടന്‍ മാമുക്കോയ അതിഥിയായെത്തിയ അമൃത ടി വിയുടെ ‘സമാഗമം’ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യം കണ്ടപ്പോള്‍ തന്നോടും അങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ പെരുമാറ്റമെന്ന് താഹ ഓര്‍ക്കുന്നു. അപ്പോള്‍ താന്‍ ചോദിച്ചു എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നതെന്ന്. പിന്നീട് തങ്ങളുടെ ബന്ധം വളരെ ഹൃദ്യമായ ഒന്നായി മാറി.പക്ഷേ, ഇപ്പോഴും ആരെങ്കിലും യാത്രയ്ക്കിടയിലോ മറ്റോ മാമുക്കോയയുടെ അടുത്തുവന്നു സംസാരിക്കുകയാണെങ്കില്‍ അദ്ദേഹം അങ്ങനെ അടുപ്പം കാണിക്കില്ല.


ഇതിന് മാമുക്കോയയുടെ മറുപടി ഇങ്ങനെയായിരുന്നു: “എല്ലാവരോടും നന്നായി പെരുമാറിയ കുറേ ആള്‍ക്കാര്‍ കോഴിക്കോടുണ്ടായിരുന്നു- ബാബുരാജ്, കുതിരവട്ടം പപ്പു, വാസു പ്രദീപ്.


അവരെല്ലാം എല്ലാവരോടും വളരെ ഹൃദ്യമായാണ് പെരുമാറിയത്.പക്ഷേ, അവരുടെ തകര്‍ച്ച ഞാന്‍ പില്‍ക്കാലത്ത് കണ്ടിട്ടുണ്ട്. അവരുടെ കുടുംബം ഇപ്പോള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. അതുകൊണ്ട് ഒരു പരിധി വിട്ടിട്ട് ആരാധകരുടെ ഇടയിലേക്ക് പോകാന്‍ ഞാന്‍ തയ്യാറല്ല. കാരണം, കുടുംബം എനിക്ക് വളരെ പ്രധാനമാണ്. ബാബുരാജിന് ഫുട് ബോളിനും, ക്രൌണ്‍ തീയേറ്ററില്‍ ഒരു ഇംഗ്ലീഷ് പടത്തിനും ഓരോ ടിക്കറ്റും പത്തിരിയും മീന്‍ മുളകിട്ടതും വാങ്ങിക്കൊടുത്താല്‍ ഒരു സിനിമയ്ക്ക് 10 പാട്ടൊക്കെ ഫ്രീയായി ട്യൂണ്‍ ചെയ്തുകൊടുക്കും. അതൊക്കയേ അദ്ദേഹം ആഗ്രഹിച്ചിട്ടുള്ളൂ.”


കോഴിക്കോടൻ ‍മുസ്ലിം സംഭാഷണശൈലിയിലൂടെയാണ് മാമുക്കോയ സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. നാടക നടനായാണ് കലാരംഗത്തേക്കുള്ള പ്രവേശം. 1979ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കെത്തിയത്. മലപ്പുറം കാളികാവ് പൂങ്ങാട് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഉദ്ഘാടന ചടങ്ങിനിടെ കുഴഞ്ഞുവീണതിനെ തുടർന്നാണ് മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന്, 2023 ഏപ്രിൽ 26 ന് 76ആം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.


bottom of page