ഇളയരാജയ്ക്കുവേണ്ടി ആദ്യമായി പാടിയ ഓര്‍മ്മകള്‍ പങ്കിട്ട് ശരത്
തമിഴ് ഭാഷയോട് തനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ടെന്നും ഇളയരാജയെ കണുക, പറ്റിയാല്‍ അദ്ദേഹത്തിന്‍റെ ഒരു പാട്ട് പാടുക എന്നതായിരുന്നു തന്‍റെ സ്വപ്നമെന്നും ശരത്. പഴയകാല ഗാനമേള വേദികളിലെ സൂപ്പര്‍ സ്റ്റാറുകളായിരുന്ന പ്രഗത്ഭഗായകരെ ഒരിക്കല്‍ക്കൂടി പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്ന അമൃത ടി വിയുടെ മ്യൂസിക്കല്‍ ചാറ്റ് ഷോ ‘പാടാം നേടാം പണംനേടാ’മിന്‍റെ വേദിയില്‍ അതിഥിയായെത്തിയപ്പോള്‍, 'എങ്ങനെയാണ് രാജാ സാര്‍? ' എന്ന എം ജി ശ്രീകുമാറിന്‍റെ ചോദ്യത്തിനാണ് ശരത് ഓര്‍മ്മകള്‍ പങ്കിട്ടത്.
പാട്ട് പാടാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തെ ഒന്നു കാണാനെങ്കിലും സാധിച്ചാല്‍ മതിയെന്നായിരുന്നു ആഗ്രഹം. ആ സമയത്താണ് ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍ തിരുവനന്തപുരത്ത് ഒരു ഗാനമേളയ്ക്കെത്തിയത്. ഒരു സുപ്രഭാതത്തില്‍ തനിക്ക് ഇളയരാജയുടെ സ്റ്റുഡിയോയില്‍ നിന്നാണെന്നു പറഞ്ഞ് ഒരു ഫോണ്‍കോള്‍ വന്നു. തന്‍റെ കൂട്ടുകാര്‍ പലപ്പോഴും ഇങ്ങനെ വിളിച്ച് പറ്റിക്കുമായിരുന്നതിനാല്‍ താന്‍ ആദ്യമത് കാര്യമാക്കിയില്ലെന്നും ശരത്. പക്ഷേ, ഭാഗ്യത്തിന് തനിക്കൊരു ബുദ്ധി തോന്നിയെന്നും വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ പ്രസാദ് സ്റ്റുഡിയോവാണെന്ന് താനിക്ക് ഉറപ്പായെന്നും ശരത് ഓര്‍ക്കുന്നു.
പെട്ടെന്നു തന്നെ കുളിച്ച് ഒരഞ്ചു മിനിട്ട് പാട്ട് പ്രാക്ടീസ് ചെയ്തതിനുശേഷം താന്‍ ഇളയരാജയുടെ സ്റ്റുഡിയോയിലേക്ക് പോയി. ‘വാ ശരത്’ എന്നു പറഞ്ഞ് രാജാ സാര്‍ വിളിച്ചപ്പോള്‍ തനിക്ക് ആ അനുഭവം സത്യമോ മിഥ്യയോ എന്നു പോലും മനസ്സിലായില്ലെന്നും താന്‍ ദൈവത്തേപ്പോലെ ആരാധിക്കുന്ന ഒരാള്‍ തന്‍റെ പേരു വിളിക്കുന്നതും തന്‍റെ അടുത്തിരിക്കുന്നതും അവിശ്വസനീയമായ അനുഭവമായിരുന്നുവെന്നും ശരത്. തന്‍റെ ഗുരുവായ ബാലമുരളീകൃഷ്ണ കമ്പോസ് ചെയ്ത ഒരു വര്‍ണ്ണവും ഇളയരാജയുടെതന്നെ ഒരു പാട്ടുമാണ് അന്ന് അദ്ദേഹത്തെ പാടി കേള്‍പ്പിച്ചത്. പാട്ടുകേട്ടതിനുശേഷം, അദ്ദേഹത്തിന്‍റെതന്നെ വരികള്‍ എഴുതിയെടുത്ത് പഠിക്കാന്‍തന്നു. ശുഭപന്തുവരാളി രാഗത്തിലുള്ള ആ ഗാനത്തിന് അടിസ്ഥാനഭാവമായ ശോകത്തിനു പകരം അഹങ്കാരമാണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍തന്നെ തന്‍റെ റിലേ പോയെന്നും ശരത് ഓര്‍ക്കുന്നു. നാലു വരികള്‍കൂടി കൊടുത്തിട്ട് ‘അത് പാടിക്കോളൂ, താനിപ്പോള്‍ വരാ’മെന്ന് പറഞ്ഞ് അദ്ദേഹം പോയി. അദ്ദേഹം മുന്നിലില്ലെന്ന ആശ്വാസത്താല്‍ താന്‍ വേഗം പാട്ടുപാടിത്തീര്‍ത്തെന്നും ശരത്. തിരികെ വന്ന ഇളയരാജ പാട്ട് പ്ലേ ചെയ്ത് കേട്ടതിനുശേഷം തന്‍റെ അരികിലേക്ക് വന്ന് തന്‍റെ രണ്ട് കവിളിലും പിടിച്ച് ‘നീ ഇത്രനാളും എവിടെയായിരുന്നു’വെന്ന് ചോദിച്ചു. അത്രമാത്രമേ തനിക്ക് ഓര്‍മ്മയുള്ളൂവെന്നും താന്‍ പൊട്ടിക്കരഞ്ഞുപോയെന്നും ശരത്. പിറ്റേ ദിവസം രാവിലെ വീണ്ടും അദ്ദേഹത്തിന്‍റെ സ്റ്റുഡിയോയില്‍നിന്നും ഫോണ്‍കോളെത്തിയെന്നും തന്നെകണ്ടപ്പോള്‍ ‘നീ പാടിയതുതന്നെയായിരുന്നു ഇന്നലെ മുഴുവന്‍ എന്‍റെ തലയി’ലെന്ന് അദ്ദേഹം പറഞ്ഞു. സംഗീതത്തിന് പൈസയില്ലെന്നും താനെന്തെങ്കിലും മനസ്സു നിറഞ്ഞ് തരുകയാണെങ്കില്‍ സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ശരി, എന്താണെന്നു വച്ചാല്‍ സാര്‍ തന്നോളൂ എന്നു പറഞ്ഞപ്പോള്‍ തന്‍റെ കയ്യില്‍ ഒരു നവരത്ന മോതിരം അദ്ദേഹം ഇട്ടുതന്നുവെന്നും താനത് വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച് വച്ചെന്നും ശരത് കൂട്ടിച്ചേര്‍ത്തു. ബാല സംവിധാനംചെയ്ത ‘താരൈ തപ്പട്ടൈ’ എന്ന തമിഴ് ചിത്രത്തിനുവേണ്ടി അന്നു പാടിയ ‘എന്നുള്ളം കോവില്‍’ എന്ന ഗാനവും ശരത് ‘പാടാം നേടാ’മിന്‍റെ വേദിയില്‍ പാടി. ഇളയരാജയുടെ 1000ആമത് ചിത്രം കൂടിയായിരുന്നു അത്.
ഗായകനായി സംഗീത ജീവിതമാരംഭിച്ച ശരത്, പ്രശസ്ത സംഗീതജ്ഞനായിരുന്ന ഡോ. ബാലമുരളീകൃഷ്ണയുടെ ശിഷ്യനാണ്. 1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രമാണ് ശരത് സംഗീതം നൽകിയ ആദ്യ ചിത്രം. പിന്നീട്, നിരവധി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങള്‍ക്കുവേണ്ടിയും ഈണവും പശ്ചാത്തല സംഗീതവുമൊരുക്കി. 2009ല്‍ മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ‘മേഘതീർത്ഥം’ എന്ന ചിത്രത്തിലെ ‘ഭാവയാമി’ എന്ന ഗാനത്തിന് ലഭിച്ചു. 2011ല്‍ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും അദ്ദേഹം നേടി.