top of page
  • Facebook
  • Instagram
  • YouTube

‘ഒരു പടത്തിലെ പാട്ടുകളെല്ലാം ഹിറ്റായതുകൊണ്ട് ശിക്ഷിക്കപ്പെട്ട

മലയാളത്തിലെ ആദ്യത്തെ പാട്ടെഴുത്തുകാരനാണ് ഞാന്‍!’

തന്‍റെയൊപ്പം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നിട്ടും സംഗീത സംവിധായകന്‍ ദേവരാജന്‍ മാസ്റ്റര്‍ തന്‍റെ വരികള്‍ക്ക് ഈണംനല്‍കുന്നത് അവസാനിപ്പിച്ചെന്ന് പ്രശസ്ത ഗാനരചയിതാവും കവിയും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. അമൃത ടി വിയുടെ ‘സംഗീത സമാഗമം’ പരിപാടിയില്‍ സംഗീത സംവിധായകന്‍ അര്‍ജ്ജുനന്‍ മാഷോടൊപ്പം പങ്കെടുക്കവേ ദേവരാജന്‍ മാഷുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും എം കെ അര്‍ജ്ജുനനുമായുള്ള കൂട്ടുകെട്ടിന്‍റെ പിറവിയെക്കുറിച്ചുമെല്ലാം അദ്ദേഹം വിവരിച്ചു.



തന്‍റെ മൂന്നാമത്തെ ചിത്രമായ ‘ചിത്രമേള’ ദേവരാജന്‍ മാസ്റ്ററോടൊപ്പമാണ് ചെയ്തത്. താന്‍ അന്ന് വളരെ ചെറുപ്പമാണ്. ഒരുപാട് ദോഷങ്ങളുണ്ട്. പെട്ടെന്ന് ദേഷ്യംവരും. ‘ചിത്രമേള’യിലെ 8 പാട്ടുകളും ഹിറ്റായിരുന്നു. അതിനുശേഷം ചെയ്യുന്ന ‘വെളുത്ത കത്രീന’ എന്ന ചിത്രത്തിലേക്ക് തന്നെയും ദേവരാജന്‍ മാസ്റ്ററേയുംതന്നെ നിര്‍മ്മാതാവായ ബാല്‍ത്തസാര്‍ നിശ്ചയിച്ചു. എന്നാല്‍, ദേവരാജന്‍ മാസ്റ്റര്‍, താന്‍ ശ്രീകുമാരന്‍ തമ്പിയുടെകൂടെ വര്‍ക്ക് ചെയ്യില്ല എന്നു പ്രഖ്യാപിച്ചു.


ബാല്‍ത്തസാറും താനും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്‍റെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുവേണ്ടി വാട്ടര്‍ ടാങ്ക് ഡിസൈന്‍ചെയ്തു കൊടുക്കുന്നത് താനാണ്. അദ്ദേഹം തന്നോടുചോദിച്ചു, പുതിയ ചിത്രത്തിന് ആര് സംഗീതസംവിധാനം ചെയ്യണം എന്ന്. അദ്ദേഹം തന്നെ പരീക്ഷിക്കുകയായിരുന്നു. ദേവരാജന്‍ മാസ്റ്ററും താനുംകൂടിചെയ്ത പാട്ടെല്ലാം വലിയ ഹിറ്റാണ്. അപ്പോള്‍ ദേവരാജന്‍ മാസ്റ്ററായാല്‍ കൊള്ളാം എന്ന് മറുപടിനല്‍കി. ദേവരാജന്‍ മാസ്റ്ററും ബാല്‍ത്തസാറും മയ്യനാട് ഹൈസ്ക്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. അദ്ദേഹം പറഞ്ഞു, ‘ഞങ്ങള്‍ സഹപാഠികളൊക്കെയാണ്. പക്ഷേ, ദേവരാജന്‍ മാസ്റ്റര്‍ പറയുന്നു തമ്പിയുടെകൂടെ വര്‍ക്ക് ചെയ്യില്ല എന്ന്’. എല്ലാ പാട്ടുകളും ഹിറ്റായില്ലേ?. പിന്നെ എന്താണ് കാരണം എന്ന് താന്‍ ചോദിച്ചു. ഹിറ്റായതാണ് കുഴപ്പമെന്നായിരുന്നു ബാല്‍ത്തസാറിന്‍റെ മറുപടി.


ഒരു പടത്തിലെ പാട്ടുകളെല്ലാം ഹിറ്റായതുകൊണ്ട് ശിക്ഷിക്കപ്പെട്ട മലയാളത്തിലെ ആദ്യത്തെ പാട്ടെഴുത്തുകാരനാണ് താനെന്ന് ശ്രീകുമാരന്‍ തമ്പി. പിന്നീട് ബാല്‍ത്തസാറിന്‍റെ നിര്‍ദ്ദേശപ്രകാരം താന്‍ ദേവരാജന്‍ മാസ്റ്ററെ കാണാന്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ചെന്നു. കതകില്‍ തട്ടിയപ്പോള്‍ അദ്ദേഹം ഇറങ്ങിവന്നു.താനെന്തെങ്കിലും പറയുന്നതിനുമുന്‍പുതന്നെ വളരെ ദേഷ്യത്തില്‍ അദ്ദേഹം പറഞ്ഞു- ‘എന്താണ് കാര്യം? ഞാന്‍ തന്‍റെകൂടെ വര്‍ക്ക് ചെയ്യില്ല. ആകാര്യം പറയേണ്ട!’ താനൊന്നും പറയാതെ അവിടെനിന്നും മടങ്ങി. താഴെ ഒരു ടെലഫോണ്‍ ബൂത്തില്‍ചെന്ന് ദേവരാജന്‍ മാസ്റ്ററെതന്നെ വിളിച്ചു. ‘മാഷ് കാരണം പറയണം. എന്തുകൊണ്ട് എന്‍റെകൂടെ വര്‍ക്ക് ചെയ്യില്ല? ഞാനെന്ത് തെറ്റ് ചെയ്തു?’ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെ- ‘തനിക്ക് പാട്ടെഴുതാനൊക്കെയറിയാം. താന്‍ തരക്കേടില്ലാതെ പാട്ടെഴുതും. പക്ഷേ, തന്‍റെ സ്വഭാവം എനിക്കിഷ്ടമല്ല!’ എന്താണ് തന്‍റെ സ്വഭാവത്തിന് കുഴപ്പമെന്ന് താന്‍ ചോദിച്ചു. ‘താനൊരു ധിക്കാരിയാണ്!’ അപ്പോള്‍ 26 വയസ്സിന്‍റെ ധാര്‍ഷ്ട്യത്തില്‍ താന്‍ പറഞ്ഞു- ‘ദേവരാജന്‍ മാഷെപ്പോലെ വലിയൊരു ധിക്കാരി ജീവിക്കുന്ന ഈ ഭൂമിയില്‍ ശ്രീകുമാരന്‍ തമ്പിയെപ്പോലെ ഒരു കൊച്ചു ധിക്കാരിക്ക് ജീവിക്കാന്‍ ഇടമില്ലാതിരിക്കുമോ?’ അപ്പോള്‍ അദ്ദേഹം ഒരു വ്യവസ്ഥവച്ചു. ഈയൊരു പടംകൂടി (വെളുത്ത കത്രീന) താന്‍ ചെയ്യാം കാരണം ബാല്‍ത്തസാര്‍ തന്‍റെ സുഹൃത്താണ് പക്ഷെ, പിന്നീടൊരിക്കലും തന്നോടൊപ്പം വര്‍ക്ക് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങയുടെ ഇഷ്ടമെന്ന് താന്‍ മറുപടിയുംനല്‍കി.


‘വെളുത്ത കത്രീന’യിലെ പാട്ടുകള്‍ റെക്കോഡിങ് കഴിഞ്ഞ് ദേവരാജന്‍ മാഷ് ഇറങ്ങുന്ന വേളയില്‍ താന്‍ അടുത്തുചെന്നു. മാഷെന്നെ ഒരുപാട് വേദനിപ്പിച്ചു. അതുകൊണ്ട് എനിക്ക് ഒരു വാചകം പറയാനുണ്ടെന്ന് പറഞ്ഞു. ‘ദേവരാജന്‍ മാഷിന് അങ്ങയുടെ സംഗീതത്തില്‍ വിശ്വാസമുള്ളതുപോലെ എന്‍റെ കവിതയില്‍ എനിക്ക് വിശ്വാസമുണ്ട്. അതുകൊണ്ട് അങ്ങയുടെ ഹാര്‍മോണിസ്റ്റ് ട്യൂണ്‍ചെയ്താലും എന്‍റെ പാട്ട് ഹിറ്റാകുമെന്ന് ഞാന്‍ തെളിയിക്കും!’


പിന്നീട്, ദേവരാജന്‍ മാഷിന്‍റെ ഹാര്‍മോണിസ്റ്റായിരുന്ന അര്‍ജ്ജുനന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും ചേര്‍ന്ന് മലയാളം നെഞ്ചേറ്റിയ നിരവധിഗാനങ്ങള്‍ക്ക് ജീവന്‍നല്‍കിയെന്നത് ചരിത്രം!


 

Amrita Television, Gandhi Nagar, Vazhuthacaud,
Thiruvananthapuram - 695014,  Tel : +91-4
71-2321500, 2328901
Fax : +91-471-2328900, Email : info@amritatv.com

© Copyright 2023 Amrita Television. All rights reserved

bottom of page