'മോനിഷയുടെ സാന്നിദ്ധ്യം ഒരാഘോഷമായിരുന്നു': ശ്രീദേവി ഉണ്ണി
- Amrita Television
- Aug 10, 2023
- 1 min read

തന്‍റെ പ്രാണന്‍റെ ഓരോ തുടിപ്പിലും അന്തരിച്ച മകള്‍ മോനിഷയുടെ ഓര്‍മ്മകളാണെന്ന് നടിയും നര്‍ത്തകിയുമായ ശ്രീദേവി ഉണ്ണി. തീരെ ചെറിയ കുട്ടിയായിരുന്നപ്പൊഴേ മോനിഷ ഒരു കലാകാരിയായിരുന്നു. മോനിഷയുടെ നടത്തം കണ്ടാല്‍ത്തന്നെ അവളൊരു നര്‍ത്തകിയും കലാകാരിയുമാണെന്ന് മനസ്സിലാകുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. അമ്മമാരും പെണ്‍മക്കളുമൊരുമിച്ച് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന ആദ്യ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ അമൃത ടി വി ‘സൂപ്പര്‍ അമ്മയും മകളും’ എന്ന പരിപാടിയുടെ 50ആം എപ്പിസൊഡില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീദേവി ഉണ്ണി.
മോനിഷ എന്ന അഭിനേത്രിയെക്കുറിച്ച് അമ്മ എന്ന നിലയില്‍ ഇപ്പോഴും ഓര്‍ക്കുന്ന, അഭിമാനിക്കുന്ന, കാര്യങ്ങളെപ്പറ്റി ശ്രീദേവി ഉണ്ണി സംസാരിച്ചു. മോനിഷയുടെ കഴിവുകള്‍ മനസ്സിലാക്കി കുട്ടിക്കാലംതൊട്ടേ പരമാവധി പ്രോത്സാഹനം നല്കിയെന്ന് ശ്രീദേവി ഉണ്ണി ഓര്‍ക്കുന്നു. തങ്ങള്‍ക്ക് മോനിഷയുടെ സാന്നിദ്ധ്യം ഒരാഘോഷമായിരുന്നു. ടി വിയും മറ്റും അത്ര പ്രചാരത്തിലില്ലാതിരുന്ന അക്കാലത്ത് ആകെയുണ്ടായിരുന്നത് സ്റ്റേജ് പരിപാടികളും മറ്റ് സംഘടനകള്‍ നടത്തുന്ന പരിപാടികളുമായിരുന്നു. എന്നാല്‍, എന്നും വൈകിട്ട് ക്ലാസും ഓഫീസും വിട്ട് വന്നു കഴിഞ്ഞാല്‍ വീട്ടിലെ തങ്ങളുടെ എന്‍റര്‍ടെയിന്‍മെന്‍റ് എന്നത് മോനിഷയുടെ പാട്ടും നൃത്തവും അഭിനയവുമായിരുന്നുവെന്ന് അവരോര്‍ക്കുന്നു. അന്ന് റേഡിയോയിലെ പാട്ടുകളും ടേപ്പ് റെക്കോഡറില്‍ റെക്കോഡ് ചെയ്യുന്നതുമായ ഗാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. മൂന്നു വയസ്സിലൊക്കെ ഭംഗിയായി പാടി, കൈകൊട്ടിക്കളിയൊക്കെ മോനിഷ ചെയ്യുമായിരുന്നു. കൊച്ചുകുട്ടിയുടെ ഭാഷയാണെങ്കിലും ശ്വാസം മുട്ടിയാല്‍പ്പോലും നിര്‍ത്താതെ മോനിഷ അത് പൂര്‍ത്തീകരിക്കുമായിരുന്നുവെന്നും ശ്രീദേവി ഉണ്ണി ഓര്‍ക്കുന്നു.

നമ്മുടെ മക്കള്‍ നമ്മുടെ നിധിയാണെന്നും സൂപ്പര്‍ അമ്മയും മകളും ഷോയിലെ ഓരോ മത്സരാര്‍ത്ഥിയും, പ്രത്യേകിച്ച് അമ്മമാര്‍, ചെയ്യുന്നത് ജീവിതത്തിലെ വളരെ വലിയ കാര്യമാണെന്നും ശ്രീദേവി ഉണ്ണി പറഞ്ഞു. ഇതുകണ്ട് താന്‍ ആനന്ദിക്കുകയാണെന്നും കിട്ടിയ അവസരങ്ങളൊന്നും ആരും കളയരുതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ജീവിതം ആഘോഷിക്കുക എന്നാണ് തനിക്ക് പറയാനുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏക മകൾ മോനിഷയുടെ മരണത്തിന് ശേഷമാണ് നര്‍ത്തകിയായിരുന്ന ശ്രീദേവി ഉണ്ണി അഭിനയരംഗത്തേക്ക് വരുന്നത്. ഒരു ചെറുപുഞ്ചിരി, സഫലം, നീലത്താമര, നിർണ്ണായകം തുടങ്ങി നിരവധി മലയാളം സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
കുടുംബസുഹൃത്തായിരുന്ന പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവൻ നായർ വഴിയാണ് മോനിഷയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശം. എം.ടി. കഥയും, ഹരിഹരൻ സംവിധാനവും നിർവഹിച്ച 'നഖക്ഷതങ്ങൾ' (1986) ആണ് ആദ്യചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് മോനിഷയ്ക്ക് 1987-ലെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. 1992 ഡിസംബർ 5-ന് 'ചെപ്പടിവിദ്യ' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം നടക്കുന്നതിനിടെ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാർ ആലപ്പുഴയ്ക്കടുത്തുള്ള ചേർത്തലയിൽ വെച്ച് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മോനിഷ മരിച്ചത്. തന്‍റെ 16ആം വയസ്സില്‍ ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയെന്ന ബഹുമതിയും ഒരു പിടി മികച്ച ചിത്രങ്ങളും ബാക്കിയാക്കിയായിരുന്നു മടക്കം.