top of page

“സ്റ്റേജിന്‍റെ സൈഡിലായി ദിലീപും, നാദിര്‍ഷായും കലാഭവന്‍ മണിയും പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നു.”

മറക്കാനാവാത്ത അനുഭവം പങ്കുവച്ച് സുബി സുരേഷ്


പുരുഷമേൽക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്‍റേതായ ഇടം നേടിയ താരമായിരുന്നു സുബി സുരേഷ്. സ്‌റ്റേജ് ഷോകളിൽ നിറസാന്നിധ്യമായിരുന്നു അവര്‍. നടന്മാരുടെ കൂട്ടത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ വിദേശ ഷോകള്‍ ചെയ്തത് നടന്‍ ദിലീപിനൊപ്പമാണെന്ന് സുബി പറഞ്ഞിരുന്നു. അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ അതിഥിയായി പങ്കെടുക്കവേ അവതാരകയും നടിയുമായ ആനിയുമായി ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു അവര്‍.

“ദിലീപേട്ടന്‍റെയൊപ്പമാണെങ്കില്‍ ഒരു സിനിമാതാരത്തിനൊപ്പമാണ് നമ്മള്‍ ഷോ ചെയ്യുന്നതെന്ന് തോന്നില്ല. എല്ലാ കാര്യത്തിനും അദ്ദേഹത്തന്‍റെ കണ്ണെത്തും. പ്രൊഗ്രാമില്ലാത്ത ദിവസങ്ങളില്‍ മറ്റുള്ളവര്‍ ഷോപ്പിംഗിനോ ബന്ധുക്കളുടെയടുത്തോ പോകുമ്പോള്‍, ദിലീപേട്ടന്‍ ടീമിനെവിട്ട് എങ്ങും പോകില്ല, ഒഴിവുദിവസമാണെങ്കില്‍പോലും. അദ്ദേഹം കട്ടയ്ക്ക് കൂടെനില്‍ക്കും. ഒരു സിനിമാ നടനായല്ല, സ്റ്റേജ് ആര്‍ട്ടിസ്റ്റായാണ് അദ്ദേഹം പെരുമാറുക”, സുബി പറയുന്നു.

“ആദ്യമായി ദിലീപ് ഷോ ചെയ്യുമ്പോള്‍ ചെന്നൈയില്‍നിന്നുള്ള റാംജി മാസ്റ്ററോടൊപ്പം എനിക്ക് ഒരു കണ്ടമ്പററി ഡാന്‍സ് ചെയ്യേണ്ടതുണ്ടായിരുന്നു. അതില്‍ മുഴുവന്‍ ലിഫ്റ്റിംഗും മറ്റുമാണ്. ഞാന്‍ സദാ എയറിലായിരിക്കും. ആദ്യമായാണ് അത്തരമൊരു പെര്‍ഫോമെന്‍സ് ഞാന്‍ ചെയ്യുന്നത്. ബ്രേക്ക് ഡാന്‍സ് പഠിച്ചിട്ടുണ്ടെങ്കിലും അതൊരു ചാലഞ്ചായിരുന്നു.


Watch Full Episodes

നാദിര്‍ഷയായിരുന്നു ഷോ സംവിധാനംചെയ്തത്. കലാഭവന്‍ മണി, സലിം കുമാര് കാവ്യ, ഭാവന, റിമി ടോമി തുടങ്ങിയവരുള്ള വലിയ ടീമാണ് വന്നിരിക്കുന്നത്. എന്നാല്‍ എന്‍റെ ഡാന്‍സ് ഫൈനല്‍ റിഹേഴ്സല്‍ കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ഒരാശങ്ക. എന്‍റെ ആദ്യ ഇനമാണത്. അതുകഴിഞ്ഞ് 7 ഇനങ്ങള്‍കൂടി ഞാന്‍ പെര്‍ഫോം ചെയ്യേണ്ടതുണ്ട്. ആദ്യ പെര്‍ഫോമന്‍സില്‍ എനിക്കെന്തെങ്കിലും പറ്റിയാല്‍ ബാക്കിയെല്ലാം കുളമാകും. അതുകൊണ്ട് എന്‍റെ കണ്ടമ്പററി ഡാന്‍സ് ഒഴിവാക്കാന്‍ അവര്‍ ആലോചിച്ചു.”

എന്നാല്‍ തനിക്ക് അതുചെയ്യാന്‍ വളരെയധികം ആഗ്രഹമുണ്ടായിരുന്നുവെന്നും തന്നെ വിഷമിപ്പിക്കേണ്ടെന്നു കരുതി അവസാനം ആ പെര്‍ഫോമെന്‍സ് നടത്താന്‍ തീരുമാനിച്ചുവെന്നും സുബി ഓര്‍ക്കുന്നു. തന്നോടുള്ള സ്നേഹവും കരുതലും കൊണ്ടാവാം അവര്‍ അതൊഴിവാക്കാന്‍ ആലോചിച്ചത്. ഡാന്‍സിനായി താന്‍ സ്റ്റേജിലേക്കുകയറുമ്പോള്‍ സ്റ്റേജിന്‍റെ സൈഡിലായി ദിലീപും, നാദിര്‍ഷായും കലാഭവന്‍ മണിയും പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നതാണ് കണ്ടതെന്നും തന്നെപ്പോലുള്ള എളിയ കലാകാരന്മാര്‍ക്ക് അതൊരു വളരെവലിയ കാര്യമാണെന്നും സുബി പറയുന്നു.

സ്‌കൂൾകാലത്തു തന്നെ നർത്തകിയായി പേരെടുത്തിരുന്ന സുബി, ബ്രേക്ക് ഡാൻസിലും തന്‍റെ പ്രാഗല്‍ഭ്യം തെളിയിച്ചു. വിദേശങ്ങളിലുള്‍പ്പടെ നിരവധി വേദികളിൽ മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. കൊച്ചിൻ കലാഭവൻ ട്രൂപ്പിലെ അംഗമായിരുന്ന അവർ, മിമിക്രിയിൽ സ്ത്രീകളുടെ പങ്കാളിത്തം അസാധാരണമായിരുന്ന ഒരു കാലത്ത് ജനപ്രിയ കോമഡി ഷോകളുടെ മുഖമായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് 2023 ഫെബ്രുവരി 22ന് സുബി ഈ ലോകത്തുനിന്നു വിടപറഞ്ഞു.bottom of page