top of page

“തന്‍റെ നാക്ക് കരിനാക്കാ…ട്ടാ, താന്‍ പറഞ്ഞപോലെതന്നെ പറ്റി!”രസകരമായ കഥകള്‍ പങ്കുവച്ച് സുരേഷ് കുമാറും ആലപ്പി അഷ്റഫും



മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് ജി സുരേഷ് കുമാര്‍. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, അയല്‍വാസി ഒരു ദരിദ്രവാസി, ആറാം തമ്പുരാന്‍, കുബേരന്‍, വെട്ടം, നീലത്താമര, ചട്ടക്കാരി തുടങ്ങി, ഒട്ടേറെ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. വിദ്യാര്‍ത്ഥികാലംതൊട്ടുള്ള ആത്മ മിത്രങ്ങളായ പ്രിയദര്‍ശന്‍, മോഹന്‍ലാല്‍ എന്നിവരോടൊപ്പം ഒട്ടേറെ ഹിറ്റുകള്‍ അദ്ദേഹം മലയാള സിനിമയ്ക്കു സമ്മാനിച്ചിട്ടുണ്ട്. 1997ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാജി കൈലാസ് ചിത്രം ‘ആറാം തമ്പുരാന്‍’ മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളില്‍ ഒന്നാണ്. അമൃത ടി വിയുടെ ‘സമാഗമം’ ചാറ്റ് ഷോയില്‍ സുരേഷ് കുമാര്‍ അതിഥിയായെത്തിയിരുന്നു. ഷോയില്‍ പങ്കെടുത്ത സുരേഷ് കുമാറിന്‍റെ ആത്മമിത്രവും നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് തങ്ങളുടെ ചെറുപ്പകാലത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവച്ചു.


മദ്രാസിലെ ബ്രൌണ്‍സ്റ്റോണ്‍ അപ്പാര്‍ട്ട്മെന്‍റില്‍ സി-10 എന്ന ഫ്ലാറ്റ് ‘സത്രം ഫ്ലാറ്റ്’ എന്നാണറിയപ്പെട്ടിരുന്നത്. സുരേഷ് കുമാറും ആലപ്പി അഷ്റഫും മറ്റു രണ്ടു സുഹൃത്തുക്കളുമായിരുന്നു അവിടത്തെ അന്തേവാസികള്‍. ‘ആലപ്പി മുഷ്റഫ്’ എന്നാണ് തങ്ങള്‍ അഷ്റഫിനെ വിളിക്കുന്നതെന്ന് സുരേഷ് കുമാര്‍. ബ്രൌണ്‍സ്റ്റോണ്‍ അപ്പാര്‍ട്ട്മെന്‍റില്‍ രാത്രി 7 മണിക്ക് ശേഷം ഏതെങ്കിലും ശബ്ദം കേള്‍ക്കുന്നുണ്ടെങ്കില്‍ അത് അഷ്റഫിന്‍റേതായിരിക്കുമെന്ന് സുരേഷ് കുമാര്‍ ഓര്‍ക്കുന്നു. 


സുരേഷ് കുമാര്‍ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കഥകള്‍ പറഞ്ഞാല്‍ തീരില്ലെന്നും അഷ്റഫ്. “സുരേഷിന്‍റെ കയ്യില്‍ ചിലപ്പോള്‍ കണ്ടമാനം പണംവരും. ചിത്രങ്ങളുടെ സാെറ്റലൈറ്റ് റൈറ്റ്സ് തുടങ്ങി പലവഴിക്ക് പണമെത്തും. പണം വരുമ്പോള്‍ നമുക്കറിയാന്‍പറ്റും ഫ്ലാറ്റില്‍ ഭയങ്കര ആഘോഷമാണ്. ചിക്കനുണ്ടാക്കുന്നു… മീനുണ്ടാക്കുന്നു... വൈകുന്നേരം ഭയങ്കര ലൈവാണ്. അപ്പോള്‍ ഞാനകത്തോട്ട്ചെന്നിട്ട് പാട്ട് പാടും. “ചാകര… കടപ്പുറത്തിന്‍…” ചിലപ്പോള്‍ പടമൊക്കെ റിലീസായിക്കഴിഞ്ഞ സമയത്ത് പണമൊന്നും കാണില്ല. അപ്പോള്‍ പെട്ടെന്ന് മനസ്സിലാകും. അവിടെല്ലാം മ്ലാനത, ഒരാള്‍ ഏതെങ്കിലും മൂലയ്ക്ക്  പത്രം വായിച്ചിരിക്കുന്നുണ്ടാകും. സുരേഷ് എവിടെങ്കിലും മാറിയിരിക്കുന്നതു കാണാം. അപ്പോള്‍ ഞാന്‍ചെന്ന് പാടും, “രാക്കിളിപ്പൊന്‍മകളേ… അപ്പോള്‍ എല്ലാവരും വളരെ വിഷമിച്ചിരിക്കയാകും…” ആലപ്പി അഷ്റഫ് ഓര്‍ക്കുന്നു.


നടി മേനകയാണ് സുരേഷ് കുമാറിന്‍റെ ഭാര്യ. വിവാഹദിനത്തില്‍ സുരേഷിനോട് പറഞ്ഞ നിര്‍ദ്ദോഷകരമായ തമാശ സത്യമായി വന്ന അനുഭവവും അഷ്റഫ് പങ്കുവച്ചു. “സുരേഷിന്‍റെ കല്യാണസമയത്ത് വീട്ടില്‍ചെന്നപ്പോല്‍ മേനക നിറയെ സ്വര്‍ണ്ണാഭരണങ്ങളിട്ട് നില്‍ക്കുകയാണ്. എഴുന്നേറ്റ് നേരെനില്‍ക്കാന്‍വയ്യ, അതിനുംമാത്രം സ്വര്‍ണ്ണമിട്ടിട്ടാണ് നില്‍ക്കുന്നത്. അപ്പോള്‍ മണവാളന്‍ ചെക്കന്‍റെ ചെവിയില്‍ച്ചെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഒരു ചെറിയ ബിസിനസ്സ് വേറെ ആലോചിക്കുവാ സിനിമ വിട്ടിട്ട്… അതെന്താണെന്ന് സുരേഷ്. തന്‍റെ വീട്ടിന് മുന്‍പില്‍ത്തന്നെ സ്വര്‍ണ്ണം പണയത്തിനെടുക്കപ്പെടും എന്നൊരു ബോര്‍ഡ് വച്ച് തുടങ്ങാന്‍ പോകുവാണെന്ന് പറഞ്ഞു. അങ്ങനെ കല്യാണമൊക്കെക്കൂടി ഞാനങ്ങ് പോയി. രണ്ടുമൂന്ന് മാസം കഴിഞ്ഞ് സുരേഷ് എന്‍റെയടുത്തുവന്നു. തന്‍റെ നാക്ക് കരിനാക്കാ… ട്ടാ… താന്‍ പറഞ്ഞപോലെതന്നെ പറ്റി… സുരേഷ് പറഞ്ഞു.


സുരേഷിന്‍റെ കഥകള്‍ പറഞ്ഞാല്‍ നേരം വെളുത്താലും തീരില്ലെന്ന് ആലപ്പി അഷ്റഫ്. സുരേഷ്-മേനക പ്രേമം നടക്കുന്ന സമയം. അന്ന് മദ്രാസിലേക്ക് വിളിക്കാന്‍ എസ് ടി ഡി മാത്രമേയുള്ളൂ.മദ്രാസിലേക്ക് എസ് ടി ഡി വിളിക്കാന്‍ അന്ന് മിനിറ്റിന് 10-15 രൂപയാകും. ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ അക്കാലത്ത് രാത്രിയാണ് ഡബ്ബിംഗും മറ്റും നടക്കുന്നത്. നേരം വെളുത്തിട്ടേ തീരുകയുള്ളൂ. രാത്രി 9-10 മണിയോടെ എല്ലാവരും കയറിക്കഴിഞ്ഞാല്‍ വെളിയില്‍ താഴെ കാര്‍പ്പെറ്റില്‍ ഒരു ലാന്‍റ് ഫോണ്‍ വച്ചിട്ടുണ്ടാകും. സുരേഷ് അതില്‍ മദ്രാസിലേക്ക് വിളിക്കും, മേനകയുമായി സംസാരിക്കാന്‍. വെളുപ്പിന് 4.30ന് എല്ലാവരും പുറത്തിറങ്ങുമ്പൊഴും സുരേഷ് അതേ കിടപ്പില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതുകാണാം. ഒരു നൈറ്റ് മുഴുവന്‍ സംസാരിക്കും. രാവിലെ ആറേഴ് മണിക്ക് ആളുകള്‍ പാക്കപ്പ് ചെയ്യുമ്പോഴാണ് പുള്ളി ഇത് നിര്‍ത്തുന്നത്”, അഷ്റഫ് ഓര്‍ക്കുന്നു.


അഭിനേതാവ്, മിമിക്രിതാരം, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് തുടങ്ങി വിവിധ മേഖലകളില്‍ തിളങ്ങിയ ആലപ്പി അഷറഫ്, മിമിക്രി എന്ന കലയിൽ പിൽക്കാലത്തു രംഗത്തുവന്ന അനേകംപേർക്ക് പ്രചോദനവും വഴികാട്ടിയുമാണ്. മലയാളത്തോടൊപ്പം തമിഴ് സിനിമയിലും അദ്ദേഹം തന്‍റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

സമാഗമത്തിന്‍ കൂടുതല്‍ എപ്പിസോഡുകള്‍ കാണാന്‍ Amrita TV Archives സന്ദര്‍ശിക്കൂ- https://www.youtube.com/@AmritaTVArchives 

bottom of page