സ്വാസികയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി താരം
![](https://static.wixstatic.com/media/c08948_7f7f61b7a1a644e7bde6605bbc90c66c~mv2.jpg/v1/fill/w_980,h_603,al_c,q_85,usm_0.66_1.00_0.01,enc_auto/c08948_7f7f61b7a1a644e7bde6605bbc90c66c~mv2.jpg)
വളരെ പോസിറ്റീവായിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞുതരാനും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും എപ്പോഴും ശ്രമിക്കുന്ന ഒരാളാണ് ശ്വേത മേനോനെന്ന് നടിയും അവതാരകയുമായ സ്വാസിക. തന്‍റെ മുന്നില്‍ ഇനിയുള്ളത് കല്യാണം, കുട്ടികള്‍ തുടങ്ങിയ ലക്ഷ്യങ്ങളാണ്. എന്നാല്‍, തനിക്ക് നല്ലൊരു അമ്മയാകാന്‍ കഴിയുമോ എന്ന് ആശങ്കയുണ്ട്. ചുറ്റുമുള്ള സംഭവങ്ങള്‍ കാണുമ്പോള്‍, പലരുടേയും അനുഭവങ്ങള്‍ അറിയുമ്പോള്‍ തനിക്ക് ഒരു നല്ല അമ്മയാകാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടെന്നും സ്വാസിക പറഞ്ഞു. അമ്മമാരും പെണ്‍മക്കളുമൊരുമിച്ച് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന ആദ്യ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ അമൃത ടി വി ‘സൂപ്പര്‍ അമ്മയും മകളും’ എന്ന പരിപാടിയില്‍ മുഖ്യ വിധികര്‍ത്താവായ ശ്വേത മേനോനോടൊപ്പം റൌണ്ട് ടേബിള്‍ എന്ന പംക്തിയില്‍ സംസാരിക്കവേയാണ് പരിപാടിയുടെ അവതാരക കൂടിയായ സ്വാസിക തന്‍റെ സ്വപ്നങ്ങളും ആശങ്കകളും പങ്കുവച്ചത്. തന്‍റെ ഈ സംശയം ശ്വേതയ്ക്ക് ദൂരീകരിക്കാന്‍ കഴിയുമെന്നും സ്വാസിക പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
സ്വാസിക വളരെ സ്നേഹമുള്ള ഒരു ‘ഫാമിലി ഗേളാ’ണെന്നായിരുന്നു ശ്വേത മേനോന്‍റെ മറുപടി. അതിനാല്‍ സ്വാസികയ്ക്ക് ഒരു നല്ല അമ്മയാകാന്‍ കഴിയും. സ്വാസിക നല്ലൊരു മകളാണ്. നല്ലൊരു മകള്‍ക്ക് നല്ലൊരു അമ്മയാകാന്‍ സാധിക്കും. നല്ലൊരു വ്യക്തിക്കും നല്ലൊരു അമ്മയാകാം. അമ്മയാകാന്‍ തോന്നുമ്പോള്‍ മാത്രമേ അമ്മയാകാവൂ എന്നും സമൂഹത്തിന്‍റെ അഭിപ്രായങ്ങളെ കേള്‍ക്കരുതെന്നും ശ്വേത. അമ്മയാകാന്‍ പ്രായം ഒരു തടസ്സമല്ല.11ഉം 12ഉം വയസ്സുള്ള കുട്ടികള്‍വരെ അമ്മയാകാറുണ്ട്. പക്ഷേ, അവര്‍ ശരിക്കും അമ്മയാണോ എന്നു പറയാനും സാധിക്കില്ല.
![](https://static.wixstatic.com/media/c08948_b69e750504d24025bb6fda9c5766147a~mv2.jpg/v1/fill/w_562,h_471,al_c,q_80,enc_auto/c08948_b69e750504d24025bb6fda9c5766147a~mv2.jpg)
ഒരു പെണ്‍കുട്ടിക്ക് അമ്മയാകണമെന്നു തോന്നിയാല്‍ കല്യാണം കഴിക്കാനൊന്നും കാത്തു നില്‍ക്കേണ്ടെന്നും ശ്വേത മേനോന്‍ പറഞ്ഞു. ഒരു പെണ്‍കുട്ടിക്ക് പൂര്‍ണ്ണത കിട്ടണമെങ്കില്‍ അവള്‍ ഒരു അമ്മയാകണം. പ്രസവിച്ചാല്‍ മാത്രമേ അമ്മയാകൂ എന്നില്ല. ദത്തെടുത്താലും അമ്മയാകും. ഒരു കുഞ്ഞിനെ വളര്‍ത്തിയാലും അമ്മയാകും. അമ്മ മനസ്സ് എന്നത് സാധാരണമനസ്സല്ല. ഗര്‍ഭകാലം ഒരു അസുഖമല്ല. ആ സമയം ഇരട്ടി ഊര്‍ജ്ജമാകും ഉണ്ടാവുക. ഇരട്ടി ജോലിചെയ്യാനും നമുക്കാവും. അതിന് ഏറ്റവും നല്ല ഉദാഹരണം താനാണെന്നും ശ്വേത. താന്‍ ഗര്‍ഭിണിയായിരുന്നകാലത്ത് ആറ് സിനിമകളില്‍ അഭിനയിച്ചു, രണ്ട് റിയാലിറ്റി ഷോ ചെയ്തു, മൂന്ന് ഡാന്‍സ് ഷോ ചെയ്തു, യാത്രചെയ്തു… എന്തുചെയ്താലും നമ്മുടെ മനോഭാവമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അഭിനയത്തോടൊപ്പം സൂപ്പര്‍ മോഡലായും ഫെമിന മിസ് ഇന്ത്യ ഏഷ്യ പസിഫിക് 1994 മത്സര വിജയിയായും തിളങ്ങിയ ശ്വേത മേനോന്‍, മലയാളം ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 'അനശ്വരം' (1991) എന്ന മലയാളം ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്വേത, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ (2009), സാള്‍ട്ട് ആന്‍റ് പെപ്പര്‍ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിര്‍ണ്ണയത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും പ്രവർത്തിച്ചിട്ടുള്ള സ്വാസിക, ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡുംനേടി.