മാതാപിതാക്കള്‍ നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാര്‍; അവരോട് ഒന്നും മറയ്ക്കരുത്

പ്രണയത്തിന്‍റെ ഭാവം മാറിക്കൊണ്ടിരിക്കുകയാണെന്ന് നടി ശ്വേത മേനോന്‍. ഫാന്‍സ് - അതും ഒരുതരം പ്രണയമാണല്ലോ. അവര്‍ ചിലപ്പോള്‍ രക്തംകൊണ്ട് കത്തെഴുതും. താനതിനെതിരെ ഭയങ്കരമായി പ്രതികരിക്കുന്നയാളാണെന്നും തനിക്ക് അത്തരത്തിലുള്ള കാര്യങ്ങള്‍ ഒട്ടും ഇഷ്ടമല്ലെന്നും ശ്വേത. അമ്മമാരും പെണ്‍മക്കളുമൊരുമിച്ച് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന ആദ്യ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ അമൃത ടി വി ‘സൂപ്പര്‍ അമ്മയും മകളും’ എന്ന പരിപാടിയില്‍ ആസിഡ് ആക്രമണത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കപ്പെട്ട സ്കിറ്റിനെ വിലയിരുത്തി സംസാരിക്കുമ്പോഴാണ് ശ്വേത തന്‍റെ ആശങ്ക പങ്കുവച്ചത്.
സ്നേഹം പോസിറ്റീവായിരിക്കണം. അതിനൊരിക്കലും നെഗറ്റീവാകാന്‍ സാധിക്കില്ല. പ്രണയത്തിന്‍റെ കൂടെ പകയെന്നത് കൂടിച്ചേര്‍ന്നുപോകുന്ന ഒന്നല്ല. അത് വേറെ ഒരു വികാരമാണ്. പക്ഷേ, ആളുകള്‍ അത് കൂട്ടിക്കുഴയ്ക്കുന്നു.
ഇതിന്‍റെയെല്ലാം മൂലകാരണം മാതാപിതാക്കളാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് ശ്വേത പറയുന്നു. നമ്മുടെ സ്വഭാവത്തിന്‍റെ അടിത്തറ വീട്ടില്‍നിന്നാണ് വരുന്നത്. മാതാപിതാക്കളുമായി നല്ല ആശയവിനിമയമുണ്ടായാല്‍ പകയെന്ന ഒരു കാര്യമേ അവിടെ ഉണ്ടാവുകയില്ല. താനിപ്പോളും തന്‍റെ മുന്‍ ഭര്‍ത്താവിനോട് പോസിറ്റീവായാണ് സംസാരിക്കുന്നത്. തീര്‍ച്ചയായും തനിക്ക് അദ്ദേഹത്തോട് ദേഷ്യമുണ്ടായിരുന്നു, പക്ഷേ ആസിഡ് അറ്റാക്ക് പോലെയുള്ള മനോഭാവങ്ങളൊന്നും അവിടെ വരുന്നതേയില്ല. ആസിഡ് അറ്റാക്ക് പോലുള്ള സംഭവങ്ങളില്‍ പ്രണയമേയില്ല. അങ്ങനെ ഒരാളെ തകര്‍ക്കണം എന്ന ചിന്താഗതിയില്‍ പ്രണയമില്ല. നിയമം ഇപ്പോഴും ശക്തമല്ല. ഇക്കാര്യങ്ങളില്‍ ശക്തമായ നിയമം കൊണ്ടുവരേണ്ടകാലം അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതുതരത്തിലുള്ള ബന്ധമാണെങ്കിലും മാതാപിതാക്കളാണ് നമ്മുടെ ഏറ്റവും അടുത്ത കൂട്ടുകാര്‍. അവരോട് ഒന്നും മറയ്ക്കാതെ കാര്യങ്ങള്‍ തുറന്നു പറയണമെന്നാണ് കുട്ടികളോട് തനിക്ക് പറയാനുള്ളതെന്നും അവര്‍ പറഞ്ഞു.
അഭിനയത്തോടൊപ്പം സൂപ്പര്‍ മോഡലായും ഫെമിന മിസ് ഇന്ത്യ ഏഷ്യ പസിഫിക് 1994 മത്സര വിജയിയായും തിളങ്ങിയ ശ്വേത മേനോന്‍, മലയാളം ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരേസമയം കൊമേഴ്‌സ്യൽ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായി. 'അനശ്വരം' (1991) എന്ന മലയാളം ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശ്വേത, പാലേരി മാണിക്യം - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ (2009), സാള്‍ട്ട് ആന്‍റ് പെപ്പര്‍ (2011) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിര്‍ണ്ണയത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.