top of page

“അല്ലെങ്കില്‍ ഞാന്‍ മമ്മൂക്കയുടെ ഡ്രൈവറായിട്ട് പോകേണ്ടിവന്നേനെ…!”:

‘പ്രാഞ്ചിയേട്ടന്‍റെ’ ഓര്‍മ്മകള്‍ പങ്കുവച്ച് ടിനി ടോം

മിമിക്രിയിലൂടെ സിനിമാരംഗത്തെത്തി മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് ടിനി ടോം. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ അഭിനയരംഗത്തേക്കെത്തിയ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത് ‘പട്ടാളം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട്, ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്’, ‘ഇന്ത്യന്‍ റുപ്പി’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം പ്രക്ഷക ഹൃദയങ്ങളില്‍ ഇടംനേടി.


അമൃത ടി വിയുടെ സൂപ്പര്‍ ഹിറ്റ് സ്റ്റാന്‍റ് അപ് കോമഡി ഷോ ‘ഫണ്‍സ് അപ്പോണ്‍ എ ടൈമി’ന്‍റെ മൂന്നാം സീസണ്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ടിനി ടോം തന്‍റെ കരിയറിന് ഒരു ബ്രേക്ക് നല്‍കിയ ‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയ്ന്‍റ് ‘ എന്ന മമ്മൂട്ടിചിത്രത്തിന്‍റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വാക്കുകളിങ്ങനെ:


“‘പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയ്ന്‍റ് ‘എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ എന്താണ് എന്‍റെ റോളെന്ന് അറിയില്ലായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ മമ്മൂക്ക ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ബെന്‍സ് കാറാണ് ചിത്രത്തിലുള്ളത്. ആ കാറില്‍ മമ്മൂക്കയെ കൊണ്ടുപോകണം. അതൊരു ഗിയറുള്ള ബെന്‍സ് കാറായിരുന്നു. അപ്പോള്‍ ഹമ്പ് വരുമ്പോള്‍ പതുക്കെ എടുക്കണം, സെക്കന്‍റ് ഗിയറില്‍. മമ്മൂക്കയാകട്ടെ സിനിമയെന്നതു മറന്നിട്ട് എന്നെ ഡ്രൈവിങ് പഠിപ്പിക്കാന്‍ തുടങ്ങി. ‘എടാ, സെക്കന്‍റിട്ടിട്ടല്ലേ എടുക്കാന്‍ പോകുന്നത്. ഫസ്റ്റ് ആദ്യമിട്ടിട്ടല്ലേ ഇതെടുക്കുന്നത്…’ എന്നു തുടങ്ങിയിട്ട്. ഞാന്‍ പറഞ്ഞു, ഞാന്‍ ഡ്രൈവിങ് പഠിക്കാന്‍ വന്നതല്ല, അഭിനയിക്കാന്‍ വന്നതാണേ. എന്നെ അതില് രക്ഷപെടുത്ത്. അല്ലെങ്കില്‍ ഞാന്‍ മമ്മൂക്കയുടെ ഡ്രൈവറായിട്ട് കൂടെ പോകേണ്ടിവന്നേനെ.”

“ഞാനും ശശി കലിംഗയും തങ്ങളുടെ റോള്‍ എന്താണെന്ന് അറിയാതെ വന്നവരാണ്. ഞങ്ങള്‍ അടുക്കള ഭാഗത്താണ് കൂടിയിരുന്നത്. ഫ്രണ്ടില്‍ രാജാക്കന്മാരൊക്കെയിരിക്കുമ്പോള്‍ ഞങ്ങള്‍ അടുക്കളഭാഗത്ത്. കാരണം, എന്താണ് കാര്യമെന്നുപോലും അറിയില്ല. അഭിനയിക്കേണ്ട സീനൊക്കെ രാവിലെയാണ് കിട്ടുന്നത്. അപ്പോള്‍ അവിടെ ഒരു അക്കൌണ്ടന്‍റ് ഇരിക്കും. ഒരിക്കല്‍ പ്രിയാമണിയുടെ അസിസ്റ്റന്‍റ് വന്ന് ആപ്പിളിനെന്നു പറഞ്ഞ് 1000 രൂപ അക്കൌണ്ടന്‍റില്‍ നിന്നു വാങ്ങി. ഇതുകണ്ട ശശി കലിംഗ ‘ആയിരം രൂപയ്ക്കൊക്കെ ആപ്പിള്‍ തിന്നു കഴിഞ്ഞാല്‍ വയറ്റില്‍ പിടിക്കില്ലല്ലോടോ…!’ എന്നു പറഞ്ഞു. എന്നിട്ട് കാശ് കുറപ്പിച്ച് 500 ആക്കി.” ഈ കാശ് കുറപ്പിച്ചതിനൊക്കെ ടിനി പിന്നീട് അനുഭവിച്ചിട്ടുണ്ടെന്നായിരുന്നു രമേഷ് പിഷാരടിയുടെ കമന്‍റ്.


bottom of page