നിന്‍റെ ഗ്ലാമറും ഞങ്ങള്‍ ഇതിനുപയോഗിക്കും.” പ്രളയകാല ഓര്‍മ്മകള്‍ പങ്കുവച്ച് ടൊവിനോ തോമസ്
മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രമുഖനാണ് ടൊവിനോ തോമസ്. അഭിനയത്തോടൊപ്പംതന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഇടപെടലുകളിലൂടെ അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്. കേരളംകണ്ട ഏറ്റവും ഭീതിദമായ പ്രളയകാലത്ത് സന്നദ്ധപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കായി അനേകം ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചതിനെക്കുറിച്ച് താരം നടി ആനിയുമായി ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. അമൃത ടി വിയുടെ സൂപ്പര്‍ഹിറ്റ് കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചനി’ല്‍ സഹോദരന്‍ ടിങ്‌സ്റ്റനോടൊപ്പം അതിഥിയായി എത്തിയപ്പോഴായിരുന്നു ടൊവിനോ മനസ്സു തുറന്നത്.
“ഞാനും ചേട്ടനും ഞങ്ങളുടെ രണ്ട് അടുത്ത സുഹൃത്തുക്കളും അവരുടെ രണ്ട് അനുജന്മാരും ഉണ്ടായിരുന്നു. ഞങ്ങളിത്രയും പേരാണ് ഓരോ ഇടങ്ങളില്‍ പോവുകയും പിന്നീട് ആവശ്യം വരുന്നിടത്തേക്ക് ഓരോ സംഘങ്ങളായി പോയതും. അന്ന് ഞാന്‍ ചെയ്തതെല്ലാം ഇവരെല്ലാവരും ചെയ്തിട്ടുണ്ട്, സാമ്പത്തികമായും അല്ലാതെയും”, ടൊവിനോ പ്രളയകാലത്തെ തങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളെ ഓര്‍ക്കുന്നതിങ്ങനെ.
ലീഡ് ചെയ്യുന്നത് ടൊവിനോ ആയതുകൊണ്ട് ഒരുപാടുപേര്‍, പ്രത്യേകിച്ചും കോളേജ് വിദ്യാര്‍ത്ഥികള്‍ തങ്ങളോടൊപ്പം കൂടിയെന്ന് ടൊവിനോയുടെ ജ്യേഷ്ഠന്‍ ടിങ്‌സ്റ്റന്‍ ഓര്‍ക്കുന്നു.
സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഒരു മജിസ്ട്രേട്ട് തങ്ങളോട് പറഞ്ഞതിപ്രകാരമായിരുന്നുവെന്ന് ടൊവിനോ: “എന്നേക്കൊണ്ട് തരാന്‍ പറ്റുന്ന എല്ലാ സപ്പോര്‍ട്ടും ഞാന്‍ നിങ്ങള്‍ക്കുതരും. നിന്‍റെ ഗ്ലാമറും ഞങ്ങള്‍ ഇതിനുപയോഗിക്കും. അങ്ങനെയാണെങ്കില്‍ നമ്മള്‍ക്ക് ഒരുപാടുപേരെ സഹായിക്കാന്‍ സാധിക്കും.”
കേരളം ഇന്നും ഭയത്തോടുകൂടിയോര്‍ക്കുന്ന പ്രളയകാലത്ത് തന്‍റെ നാടായ ഇരിങ്ങാലക്കുടയില്‍ ടൊവിനോ നടത്തിയ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ ഏറെ കൈയ്യടിനേടിയിരുന്നു. അഭിനന്ദനങ്ങള്‍ക്കൊപ്പംതന്നെ പി ആര്‍ വര്‍ക്കെന്നും ‘പ്രളയം സ്റ്റാറെ’ന്ന വിമര്‍ശനവും താരം ഏറ്റുവാങ്ങിയിരുന്നു. അതു തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും മരണം മുന്നില്‍ക്കാണുന്ന നേരത്ത് പി ആറിനെക്കുറിച്ച് ചിന്തിക്കാനുള്ള ബുദ്ധിയോ ദീര്‍ഘവീക്ഷണമോ തനിക്കില്ലെന്നും താരം അടുത്തിടെ 2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ തന്‍റെ പുതിയ ചിത്രം ‘2018’ന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ പറഞ്ഞിരുന്നു.
2011ല്‍ അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ‘ഗ്രിസൈല്ലെ’യിൽ ആണ് ടൊവിനോ ആദ്യം അഭിനയിച്ചത്. 2012-ൽ ‘പ്രഭുവിന്‍റെ മക്കൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേക്കെത്തിയത്.