top of page

പാമ്പുകള്‍ക്ക് വിഷമുണ്ടെന്നത് തെറ്റായ ധാരണ- വാവ സുരേഷ്

പാമ്പുകള്‍ക്ക് വിഷമുണ്ടെന്നത് തെറ്റായ ധാരണയാണെന്ന് പ്രശസ്ത പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ്. പാമ്പുകളെക്കുറിച്ചുള്ള വര്‍ഷങ്ങളായുള്ള പഠനത്തിലൂടെ ഒരുപാടു കാര്യങ്ങള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. അതിലൊന്നാണ് പാമ്പുകള്‍ക്ക് വിഷമില്ലെന്നത്. അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ‘ആനീസ് കിച്ചണി’ല്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോള്‍ എനിക്ക് പനിയുണ്ടെങ്കില്‍ പനിയുടേയും മഞ്ഞപ്പിത്തത്തിന്‍റേയും മരുന്നുകള്‍ ഒരുമിച്ച് കുത്തിവച്ചാല്‍ എന്തു സംഭവിക്കും?” സുരേഷ് ചോദിക്കുന്നു. പാമ്പുകടിച്ചാല്‍ വിഷമില്ല എന്ന് വാവ സുരേഷ് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന നടി ആനിയുടെ ചോദ്യത്തിന് വിഷം, വേനം (venom) എന്നീ വാക്കുകള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് താന്‍ പറയുന്നതെന്നായിരുന്നു സുരേഷിന്‍റെ മറുപടി.


പാമ്പിന്‍റെ വേനം പ്രോട്ടീനാണ്. ഏറ്റവും നല്ല ഔഷധമാണ്. ഒരുപാട് അസുഖങ്ങള്‍ക്കുള്ള മരുന്നാണ്. ക്യാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, ബ്രെയിന്‍ ട്യൂമര്‍, പാമ്പുകടിച്ചാലുള്ള മരുന്ന്, സൌന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം പാമ്പിന്‍റെ വേനം ഉപയോഗിക്കുന്നു. “കോഴിമുട്ട നമ്മളെല്ലാം കഴിക്കുന്നതാണ്. അത് ഒരപകടവും ഉണ്ടാകുന്നില്ല. പക്ഷേ, കോഴിമുട്ടയുടെ വെള്ള നമ്മുടെ ശരീരത്തിലേക്ക് ഇന്‍ജക്ട്ചെയ്താല്‍ നമ്മള്‍ മരിക്കും. ഒന്നില്‍ക്കൂടുതല്‍ പ്രോട്ടീന്‍ നമ്മുടെ ശരീരത്തിലെത്തിയല്‍ മരണം സംഭവിക്കും. പാമ്പിന്‍റെ വേനം 95 ശതമാനം പ്രോട്ടീനാണ്. ഇവയെല്ലാം വേര്‍തിരിച്ചെടുത്താല്‍ മരുന്നുകളുമാണ്”, വാവ സുരേഷ് പറയുന്നു.

തന്റെ നീണ്ട സംരക്ഷണ പ്രവർത്തനത്തിനിടയിൽ നൂറകണക്കിന് തവണ വാവാ സുരേഷിന് പാമ്പുകടിയേറ്റിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളില്‍നിന്ന് പാമ്പുകളെ പിടികൂടുന്നതോടൊപ്പം വംശനാശഭീഷണി നേരിടുന്ന പാമ്പുകളെ രക്ഷിച്ചു വിടുക, ശേഖരിച്ച മുട്ടകൾ വിരിയുന്നത് വരെ സൂക്ഷിക്കുക, പാമ്പുകളെക്കുറിച്ചും അവയുടെ പെരുമാറ്റത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ സംരക്ഷണ പ്രവർത്തനങ്ങളില്‍ സുരേഷ് സജീവമാണ്.


bottom of page