top of page

പാമ്പുപിടിത്തം എനിക്കിപ്പോള്‍ ഒരു രോഗമായി മാറി- വാവ സുരേഷ്


പാമ്പിനെ പിടിക്കുക എന്നത് തനിക്കിപ്പോള്‍ ഒരു രോഗമായി മാറിയെന്ന് പ്രശസ്ത പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ്. ഇതിനെ ക്രേസെന്നു പറയാന്‍ പറ്റില്ല, പക്ഷേ ഒരു രോഗമായി മാറിയിരിക്കുന്നു. അമൃത ടി വിയുടെ കുക്കറി-ചാറ്റ് ഷോ ആയ ആനീസ് കിച്ചണില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നാല്‍ ആരെങ്കിലും വിളിക്കുമോയെന്ന് ടെന്‍ഷനാണ്. പാമ്പിനെ പിടിക്കുന്നതിനായി ദിവസം ഒരു ഫോണ്‍കോളെങ്കിലും വന്നില്ലെങ്കില്‍ ആകെ ടെന്‍ഷനാണ്. തനിക്ക് വാട്സാപ്പോ നെറ്റ് കണക്ഷനോ ഒന്നും വേണമെന്നില്ല. പക്ഷേ, ഒരു ദിവസം ഒരു കോളെങ്കിലും വന്നില്ലെങ്കില്‍ ചിലപ്പോള്‍ തനിക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നേക്കാമെന്നും വാവ സുരേഷ് പറഞ്ഞു. ആ ഒരു അവസ്ഥയിലേക്കാണ് താന്‍ പോകുന്നത്.


“ഞാന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. മത്സ്യ മാംസാദികള്‍ കഴിക്കാറില്ല. അതിനൊന്നും ഞാന്‍ അടിമയല്ല. പക്ഷേ ഇതിന് (പാമ്പ് പിടിത്തം) ഞാന്‍ അഡിക്റ്റാണ്”, സുരേഷ് പറയുന്നു.

ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പാമ്പുകളെ വിദഗ്ധമായി പിടികൂടി സുരക്ഷിതമായ വനങ്ങളിലേക്ക് വിടുന്ന വാവ സുരേഷ്, പാമ്പുകളെക്കുറിച്ചും അവയുടെ പെരുമാറ്റത്തെക്കുറിച്ചും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക തുടങ്ങിയ സംരക്ഷണ പ്രവർത്തനങ്ങൾക്കും മുന്‍പന്തിയിലുണ്ട്. നിരവധി തവണ പാമ്പുകടിയേറ്റിട്ടുള്ള അദ്ദേഹം അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയ അവസരങ്ങള്‍ അനവധിയാണ്.


bottom of page